തീക്കപ്പൽ തീരത്തുനിന്ന് അകലേക്ക്
text_fieldsവാൻഹായ്-503 കപ്പൽ പുറംകടലിലേക്ക് കൂടുതൽ കെട്ടിവലിച്ച് നീക്കാനുള്ള
കോസ്റ്റ് ഗാർഡിന്റെയും നാവിക സേനയുടെയും ദൗത്യം പുരോഗമിക്കുന്നു
കൊച്ചി: കണ്ണൂർ അഴീക്കലിൽനിന്ന് 44 നോട്ടിക്കൽ മൈൽ അകലെ തീപിടിച്ച ‘വാൻഹായ്-503’ എന്ന സിംഗപ്പൂർ ചരക്ക് കപ്പൽ തീരത്തുനിന്ന് പുറംകടലിലേക്ക് കെട്ടിവലിച്ച് നീക്കുന്ന ദൗത്യം കൂടുതൽ വിജയത്തിലേക്ക്. കപ്പൽ കെട്ടിവലിച്ചുനീക്കുന്ന പ്രവർത്തനം ശനിയാഴ്ചയും തുടർന്നു. കൊച്ചി തീരത്തേക്ക് ഒഴുകുകയായിരുന്ന കപ്പലിനെ പുറംകടലിലേക്ക് കൂടുതൽ വലിച്ചുമാറ്റാൻ കഴിഞ്ഞത് രക്ഷാദൗത്യത്തിലെ നിർണായക ചുവടുവെപ്പായാണ് കരുതുന്നത്.
കഴിഞ്ഞ ദിവസം തീരത്തുനിന്ന് 27 നോട്ടിക്കൽ മൈൽ ദൂരത്താണ് കപ്പലുണ്ടായിരുന്നത്. ശനിയാഴ്ച ഇതിനെ കെട്ടിവലിച്ച് 45 നോട്ടിക്കൽ മൈൽ അകലെ എത്തിക്കാൻ കഴിഞ്ഞു. പ്രതികൂല കാലാവസ്ഥമൂലം കപ്പൽ കെട്ടിവലിച്ച് നീക്കുന്നതിന്റെ വേഗത കുറച്ചിട്ടുണ്ട്. ഓഫ്ഷോർ വാരിയർ, ഗാർനെറ്റ്, വാട്ടർ ലില്ലി ടഗ് ബോട്ടുകളിൽ വടം ഉപയോഗിച്ച് കെട്ടിവലിച്ച് നീക്കാനാണ് ശ്രമം. കോസ്റ്റ്ഗാർഡിന്റെ സാക്ഷം, സമർഥ്, വിക്രം, നാവിക സേനയുടെ ശാരദ, ഒ.എസ്.വി ട്രൈറ്റൺ ലിബർട്ടി കപ്പലുകൾ ടഗ്ഗുകളെ അനുഗമിക്കുന്നുണ്ട്.
കപ്പൽ 45 നോട്ടിക്കൽ മൈൽ ദൂരത്തേക്ക് മാറ്റാൻ കഴിഞ്ഞതിനാൽ തീരത്തേക്ക് ഒഴുകിയെത്താനുള്ള സാധ്യത കുറഞ്ഞതായാണ് വിലയിരുത്തൽ. കഴിഞ്ഞ ദിവസം കപ്പൽ ഒഴുകി കൊച്ചി തീരത്തിന് 22 നോട്ടിക്കൽ മൈൽ അടുത്തുവരെ എത്തിയിരുന്നു. ഹെലികോപ്ടറിൽനിന്ന് ഡ്രൈ കെമിക്കൽ പൗഡർ (ഡി.സി.പി) വിതറി കപ്പലിലെ തീ ഏറക്കുറെ അണച്ചിട്ടുണ്ട്. എന്നാൽ, ഇപ്പോഴും കനത്ത പുക ഉയരുന്നുണ്ട്. പ്രക്ഷുബ്ധമായ കടലിനെയും പ്രതികൂല കാലാവസ്ഥയെയും അതിജീവിച്ച് കൊച്ചിയിലെ ഐ.എൻ.എസ് ഗരുഡയിൽനിന്നുള്ള കിങ് ഹെലികോപ്ടറിൽ കപ്പലിൽ ഇറങ്ങിയ സാൽവേജ് സംഘമാണ് ഇന്ത്യൻ തീരപ്രദേശത്തുനിന്ന് സുരക്ഷിതമായി കെട്ടിവലിച്ചുമാറ്റുന്ന പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നത്.
ഇതോടെ, തീരപ്രദേശങ്ങളിലെയും സമുദ്ര പരിസ്ഥിതിയിലെയും അപകടസാധ്യത ഗണ്യമായി കുറയും. ഡയറക്ടർ ജനറൽ ഓഫ് ഷിപ്പിങ് രക്ഷാദൗത്യം 24 മണിക്കൂറും നിരീക്ഷിക്കുകയും ഏകോപിപ്പിക്കുകയും ചെയ്യുന്നുണ്ട്. അപകടകരമായ രാസപദാർഥങ്ങളും കീടനാശിനികളും നിറച്ച കണ്ടെയ്നറുകൾ അടങ്ങിയ കപ്പൽ തീരത്തേക്ക് ഒഴുകിയെത്തുന്നത് തടയുക എന്നതാണ് രക്ഷാദൗത്യത്തിന്റെ പ്രധാന ലക്ഷ്യം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

