എ.കെ.ജി സെന്ററിനുനേരെ എറിഞ്ഞത് വീര്യം കുറഞ്ഞ പടക്കംതന്നെ
text_fieldsതിരുവനന്തപുരം: സി.പി.എം ആസ്ഥാനമായ എ.കെ.ജി സെന്ററിനുനേരെ എറിഞ്ഞത് വീര്യം കുറഞ്ഞതും ശബ്ദം കൂടിയതുമായ സ്ഫോടകവസ്തുവെന്ന് ഫോറൻസിക് ലബോറട്ടറിയുടെ അന്തിമ റിപ്പോർട്ട്. ശബ്ദം കൂട്ടാൻ ഇതിൽ പൊട്ടാസ്യം ക്ലോറേറ്റ് ഉപയോഗിച്ചെന്നും റിപ്പോർട്ടിൽ പറയുന്നു. വെടിക്കെട്ടിന് ഉപയോഗിക്കുന്ന വസ്തുക്കളാണ് സ്ഫോടക വസ്തുവിൽ ഉപയോഗിച്ചത്. ഉഗ്ര സ്ഫോടകവസ്തുവാണ് എറിഞ്ഞതെന്ന സി.പി.എം നേതാക്കളുടെ ആരോപണം തള്ളുന്നതാണ് റിപ്പോർട്ട്.
പൊട്ടാസ്യം ക്ലോറേറ്റ്, പൊട്ടാസ്യം നൈട്രേറ്റ്, സൾഫർ, അലുമിനിയം പൗഡർ, കരി എന്നിവയുടെ സാന്നിധ്യമാണ് സാമ്പിളിൽ കണ്ടെത്തിയത്.ഇതിൽ പൊട്ടാസ്യം ക്ലോറേറ്റ് ഒഴികെയുള്ളവ ഏറുപടക്കത്തിന്റെ നിർമാണത്തിന് ഉപയോഗിക്കുന്നവയാണ്.വെടിക്കെട്ടിന് ഉപയോഗിക്കുന്ന പൊട്ടാസ്യം ക്ലോറേറ്റ് ശബ്ദം കൂട്ടാനാണ് ഉപയോഗിച്ചതെന്ന് കേസ് അന്വേഷിക്കുന്ന ക്രൈംബ്രാഞ്ച് കരുതുന്നു.
അതിനിടെ അന്വേഷണം സംബന്ധിച്ച് ക്രൈംബ്രാഞ്ച് ഇടക്കാല റിപ്പോർട്ട് കോടതിയിൽ സമർപ്പിച്ചെങ്കിലും മാറ്റം വരുത്തേണ്ടതുണ്ടെന്ന് ചൂണ്ടിക്കാട്ടി തിരിച്ചുവാങ്ങിയതായി അറിയുന്നു.ജൂൺ 30ന് അർധരാത്രിയാണ് എ.കെ.ജി സെന്ററിലെ ഹാളിലേക്കുള്ള ഗേറ്റിനുനേരെ ഇരുചക്രവാഹനത്തിലെത്തിയയാൾ സ്ഫോടകവസ്തു എറിഞ്ഞത്. വിഷയത്തിൽ എൽ.ഡി.എഫ് കൺവീനർ ഇ.പി. ജയരാജനും ആക്രമണസമയത്ത് എ.കെ.ജി സെന്ററിലുണ്ടായിരുന്ന സി.പി.എം കേന്ദ്ര കമ്മിറ്റി അംഗം പി.കെ. ശ്രീമതിയും നടത്തിയ പരാമർശങ്ങൾ സമൂഹമാധ്യമങ്ങളിൽ ഏറെ ചർച്ചയായി.
ആദ്യം പ്രത്യേകസംഘം അന്വേഷിച്ച കേസ് പുരോഗതി ഇല്ലാത്തതിനാൽ ക്രൈംബ്രാഞ്ചിന് കൈമാറുകയായിരുന്നു.ക്രൈംബ്രാഞ്ച് എസ്.പി എസ്. മധുസൂദനന്‍റെ മേൽനോട്ടത്തിൽ ഡിവൈ.എസ്.പി ജലീൽ തോട്ടത്തിലിന്‍റെ നേതൃത്വത്തിലാണ് നിലവിൽ അന്വേഷണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

