പണ്ഡാര അടുപ്പിൽ പ്രതീക്ഷകളുടെ തീ തെളിഞ്ഞു; ആറ്റുകാലമ്മക്ക് മുന്നിലെത്തി ഭക്തജനങ്ങൾ
text_fieldsആറ്റുകാൽ ദേവിക്കു മുന്നിൽ പൊങ്കാല അർപ്പിക്കുന്ന ഭക്തജനങ്ങൾ
തിരുവനന്തപുരം: പ്രാർത്ഥനകളും പൊങ്കാല കലങ്ങളും കൊണ്ട് ഭക്തിസാന്ദ്രമായി തലസ്ഥാന നഗരി. ആറ്റുകാലമ്മയുടെ മുന്നിൽ പൊങ്കാലയർപ്പിക്കാൻ കേരളത്തിന്‍റെ നാനാ ഭാഗത്തുനിന്നുള്ള ഭക്ത ജനങ്ങളാണ് എത്തിയിരിക്കുന്നത്. നൂറ്റാണ്ടുകളായി പിന്തുടർന്നുവരുന്ന ഈ ആചാരം കേരള സംസ്കാരത്തിന്‍റെ കൈയ്യൊപ്പായി ആഘോഷിക്കപ്പെടുന്നു.
ക്ഷേത്രത്തിന് മുന്നിലെ പണ്ഡാര അടുപ്പിൽ മേൽശാന്തി ശ്രീകോവിലിൽ നിന്ന് തെളിയിച്ച് നൽകിയ തീ കൊളുത്തിയതോടെയാണ് പൊങ്കാലക്ക് തുടക്കമായത്. ദേവിയുടെ മുമ്പിൽ നിന്നും തെളിയുന്ന അഗ്നി ഭക്തരുടെ പൊങ്കാല അടുപ്പുകളിലേക്കും പകർന്നെത്തുന്നു. രാവിലെ 9.15ഓടെ ശുദ്ധപുണ്യാഹമടക്കമുള്ള ചടങ്ങുകൾ പൂർത്തിയായി. ഇതിന് ശേഷമാണ് പണ്ഡാര അടുപ്പിലേക്ക് മേൽശാന്തി തിരിതെളിയിച്ചത്. പണ്ഡാര അടുപ്പിൽ തീ തെളിയിക്കുന്ന സമയത്ത് അമ്പല പറമ്പിൽ കതിനകൾ മുഴങ്ങി. ഇത് ക്ഷേത്രത്തിൽ നിന്ന് ദൂരെ പൊങ്കാല ഇടുന്നവർക്ക് പൊങ്കാല ഇടാൻ സമയമായി എന്ന് അറിയിക്കുന്നതിന് വേണ്ടിയാണ്. ഉച്ചക്ക് 2.15നാണ് പൊങ്കാല നിവേദ്യം. ചന്ദ്ര ഗ്രഹണമായതിനാൽ ഉച്ചക്ക് 3.10 മുതൽ രാത്രി 7 വരെ ക്ഷേത്രനട അടച്ചിടും. ഈസമയം ദർശനത്തിന് നിയന്ത്രണമുണ്ടാകും.
കഴിഞ്ഞ 10 ദിവസമായി ഉത്സവത്തിമിർപ്പിലാണ് നഗരം മുഴുവനും. ക്ഷേത്രപരിസരം മുതൽ കിലോമീറ്ററുകൾ അകലെയുള്ള ഇടവഴികളിൽ വരെ പൊങ്കാല കലങ്ങൾ നിരന്നുകഴിഞ്ഞു. വിവിധ സന്നദ്ധസംഘടനകളുടെയും റെസിഡന്റ്സ് അസോസിയേഷനുകളുടെയും നേതൃത്വത്തിൽ അന്നദാനത്തിനും കുടിവെള്ള വിതരണത്തിനും ഒരുക്കങ്ങൾ പൂർത്തിയായി. പൊങ്കാലയോടനുബന്ധിച്ച് തിങ്കളാഴ്ച ഉച്ച ഒന്നുമുതൽ ചൊവ്വാഴ്ച വൈകീട്ട് എട്ടുവരെ ഗതാഗത നിയന്ത്രണമുണ്ട്.
ആറ്റുകാൽ ഭഗവതി ക്ഷേത്രത്തിലെ ഏറ്റവും പ്രധാനപ്പെട്ട ഉത്സവമാണ് 'പൊങ്കാല'. കേരളത്തിലെ തെക്കൻ ഭാഗങ്ങളിൽ പൊങ്കാല സമർപ്പിക്കുന്നത് വളരെ സവിശേഷമായ ഒരു ക്ഷേത്ര ആചാരമാണ്. പത്ത് ദിവസം നീണ്ടുനിൽക്കുന്ന ആഘോഷം മലയാള മാസമായ മകരം-കുംഭത്തിലെ (ഫെബ്രുവരി - മാർച്ച്) കാർത്തിക നക്ഷത്രത്തിലാണ് ആരംഭിക്കുന്നത്. പൂരം നക്ഷത്രത്തിലെ ശുഭദിനത്തിലാണ് പൊങ്കാല അർപ്പിക്കുക. 'കാപ്പുകെട്ട്' ചടങ്ങിനിടെ ദേവിയുടെ കഥ (കണ്ണകി ചരിതം) സംഗീതമായി ആലപിക്കുന്നതോടെയാണ് ഉത്സവം ആരംഭിക്കുന്നത്. ഇതിനായി അധികാരപ്പെടുത്തിയ കുടുംബങ്ങളാണ് സംഗീത പരിപാടികൾ നടത്തുന്നത്. പൊങ്കാലക്ക് മുമ്പുള്ള ഒമ്പത് ദിവസവും ഈ ഗാനം തുടരും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

