തീയാളുന്നത് കപ്പലിന്റെ മധ്യഭാഗത്തും കണ്ടെയ്നർ ബേയിലും, അപകടകരമായ ചരക്കിന്റെ സാന്നിധ്യത്തിൽ ആശങ്ക; കാണാതായ നാലു പേർക്കായി തിരച്ചിൽ ഊർജിതം
text_fieldsകൊച്ചി/മംഗളൂരു: കേരള തീരത്ത് അപകടമുണ്ടായ ചരക്കുകപ്പലിലെ തീ അണക്കാനുള്ള ശ്രമം തുടരുന്നു. കപ്പലിൽ അപകടകരമായ ചരക്കിന്റെ സാന്നിധ്യം സുരക്ഷ ആശങ്ക ഉയർത്തുന്നതായി കോസ്റ്റ് ഗാർഡ് അധികൃതർ പറഞ്ഞു.
തീയണക്കൽ യജ്ഞത്തിൽ കോസ്റ്റ് ഗാർഡും നാവികസേനയും പങ്കാളികളാണ്. അതേസമയം, കപ്പൽ ചരിയുന്നതും മുങ്ങുമെന്ന സൂചനയും രക്ഷാപ്രവർത്തനം ദുഷ്കരമാക്കുന്നു. കണ്ടെയ്നറുകൾ കടലിലേക്ക് മറിയുകയാണ്. കപ്പലിന്റെ മധ്യഭാഗത്തും കണ്ടെയ്നർ ബേയിലുമാണ് തീയാളുന്നത്. കപ്പലിൽനിന്നുള്ള തീയും പുകയും കാരണം, ഒരു പരിധിക്കപ്പുറം ദൗത്യ സേനാംഗങ്ങൾക്ക് അതിനടുത്തേക്ക് പോകാനാവാത്ത സ്ഥിതിയുണ്ട്. തിങ്കളാഴ്ച രാവിലെ ആരംഭിച്ച തീയണക്കൽ മൂന്നാം ദിവസവും തുടരും. നിയന്ത്രണാതീതമായ വിധത്തിൽ തീയാളുന്നതും ഇടക്കുള്ള പൊട്ടിത്തെറിയുമാണ് രക്ഷാപ്രവർത്തനത്തിൽ വലിയ പ്രതിസന്ധിയാവുന്നത്.
കപ്പലിൽ കത്തിക്കൊണ്ടിരിക്കുന്ന വസ്തുവകകൾ എടുത്തുമാറ്റുകയോ, ഓക്സിജൻ ലഭ്യത പൂർണമായും ഇല്ലാതാക്കുകയോ ചെയ്താലേ തീ നിയന്ത്രിക്കാനാവൂ. എന്നാൽ, കപ്പലിനു തൊട്ടടുത്തേക്ക് എത്താനാവാത്തതിനാൽ ഇതു രണ്ടും അപ്രായോഗികമാണ്. അതുകൊണ്ടുതന്നെ, കപ്പലിനെ വാട്ടർജെറ്റ് ഉപയോഗിച്ച് തണുപ്പിക്കുകയും (ഫയർ കൂളിങ്) ഇതിലൂടെ തീ കൂടുതൽ പടരുന്നത് ഒഴിവാക്കുകയുമാണ് നിലവിൽ ചെയ്തുകൊണ്ടിരിക്കുന്നത്. തിങ്കളാഴ്ച രാത്രി മുഴുവൻ ഏറെ ദുഷ്കരമായ അന്തരീക്ഷവും വെളിച്ചക്കുറവുമെല്ലാം അതിജീവിച്ചാണ് കോസ്റ്റ്ഗാർഡ്, നാവികസേനാംഗങ്ങൾ തീയണക്കലിൽ ഏർപ്പെട്ടത്. അതിമർദത്തിൽ വെള്ളവും തീ കെടുത്താനുള്ള പതയും ചീറ്റിയാണ് ജീവൻ പണയപ്പെടുത്തിയുള്ള ദൗത്യസേനയുടെ പോരാട്ടം. സമുദ്ര പ്രഹരി, സചേത്, സമർഥ് എന്നീ തീരരക്ഷാസേന കപ്പലുകളാണ് ജലവർഷം നടത്തി ദൗത്യത്തിൽ പങ്കാളിയാവുന്നത്.
നാവികസേനയുടെ ഐ.എൻ.എസ് സത്ലജ് ആണ് കാണാതായനാലു കപ്പൽ ജീവനക്കാർക്കായി തിരച്ചിൽ നടത്തുന്നത്. 18 നാവികരെ രക്ഷപ്പെടുത്തി മംഗളൂരുവിൽ എത്തിച്ച ഐ.എൻ.എസ് സൂറത്തും രക്ഷാദൗത്യത്തിനായി തിരിച്ചെത്തിയിട്ടുണ്ട്. കൂടാതെ, തീരസേനയുടെ ഡോണിയർ വിമാനം വ്യോമനിരീക്ഷണം നടത്തുന്നുണ്ട്. ഇതിൽനിന്നുള്ള വിവരം ലഭിച്ചാലേ കപ്പലിൽനിന്ന് എണ്ണപ്പാട ഉണ്ടായിട്ടുണ്ടോ എന്ന് അറിയാനാവൂ എന്ന് ഡിഫൻസ് പി.ആർ.ഒ അതുൽ പിള്ള കൊച്ചിയിൽ മാധ്യമങ്ങളോട് പറഞ്ഞു.
രക്ഷപ്പെടുത്തിയ ജീവനക്കാർ മംഗളൂരുവിൽ ഹോട്ടലിലും പരിക്കേറ്റവർ ആശുപത്രിയിലുമാണുള്ളത്. 18 കപ്പൽ ജീവനക്കാരുമായി നാവികസേനയുടെ കപ്പൽ ഐ.എൻ.എസ് സൂറത്ത് തിങ്കളാഴ്ച രാത്രി 10.45നാണ് മംഗളൂരു പണമ്പൂരിലെ തുറമുഖത്ത് എത്തിയത്. ലു യാൻലി (17), സോണിതൂർ ഹേനി (18) എന്നിവർക്ക് ഗുരുതര പരിക്കേറ്റു. നാലുപേർക്ക് നിസ്സാര പരിക്കുണ്ട്. തിങ്കളാഴ്ച രാവിലെ 9.20ഓടെ കണ്ണൂർ അഴീക്കലിൽനിന്ന് 44 നോട്ടിക്കൽ മൈൽ അകലെയാണ് (81.49 കിലോമീറ്റർ) സിംഗപ്പൂരിന്റെ എം.വി വാൻഹായ് 503 എന്ന ചരക്കു കപ്പലിന് തീപിടിച്ചത്.
കണ്ടെയ്നറുകളിൽ നിരോധിത കീടനാശിനിയും
തിരുവനന്തപുരം: കടലിൽ തീപിടിച്ച കപ്പലിലുണ്ടായിരുന്നത് രണ്ടാഴ്ച മുമ്പ് മുങ്ങിത്താഴ്ന്ന കപ്പലിലുണ്ടായിരുന്നതിനെക്കാൾ മാരകമായ വസ്തുക്കൾ. വിവിധ രാജ്യങ്ങളിൽ നിരോധനമുള്ള കീടനാശിനികളും അനുബന്ധവസ്തുക്കളും വലിയ തോതിൽ കണ്ടെയ്നറുകളിലുണ്ടായിരുന്നു. ഇവയിൽ പലതും പെട്ടെന്ന് തീപിടിക്കുന്നതും മനുഷ്യർക്കും ഇതര ജീവജാലങ്ങൾക്കും ഗുരുതര പ്രശ്നങ്ങൾ സൃഷ്ടിക്കുന്നവയുമാണ്. അപകടകരമായ വസ്തുക്കളുടെ പട്ടിക ചൊവ്വാഴ്ച രാവിലെയാണ് സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി പുറത്തുവിട്ടത്.
ഡയറക്ടര് ജനറല് ഷിപ്പിങ് അംഗീകരിച്ച പട്ടിക ചീഫ് സെക്രട്ടറിയുടെ അംഗീകാരത്തോടെ പുറത്തുവിടുകയായിരുന്നു. 157 കണ്ടെയ്നറുകളിലെ വസ്തുക്കളുടെ വിവരങ്ങളാണ് പട്ടികയിൽ. പല കീടനാശിനികൾക്കും അനുബന്ധ രാസവസ്തുക്കൾക്കും വിവിധ രാജ്യങ്ങളിൽ നിരോധനമുണ്ട്. നിരോധനമില്ലാത്ത രാജ്യങ്ങളിലേക്ക് കൊണ്ടുപോയതാകാം ഇതിൽ പലതുമെന്നാണ് നിഗമനം.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.