ഫയർ ഫോഴ്‌സിന് വഴി തടസ്സപ്പെടുത്തി; ഡ്രൈവറുടെ ലൈസൻസ് സസ്‌പെൻഡ് ചെയ്തു.
text_fieldsതുറവൂരിൽ ഫയർഫോഴ്സിന് വഴി നൽകാതിരുന്ന വാഹനം
ആലപ്പുഴ: തുറവൂരിൽ ഫയർഫോഴ്സിന് വഴി നൽകാതിരുന്ന വാഹന ഉടമക്കെതിരെ കേസെടുത്തു. കുത്തിയത്തോട് സ്വദേശി സുജിത്തിനെതിരെയാണ് പട്ടണക്കാട് പൊലീസ് കേസെടുത്തത്. സുജിത്തിന്‍റെ വാഹനം പിടിച്ചെടുക്കുകയും ലൈസന്‍സ് ആറുമാസത്തേക്ക് സസ്പെന്‍ഡ് ചെയ്യുകയും ചെയ്തു. ഫയർ ആൻഡ് റെസ്ക്യൂ ആലപ്പുഴ എസ്.എച്ച്.ഒയുടെ പരാതിയിലാണ് കേസ്.
വാഹന ഉടമയോട് അഞ്ച് ദിവസം എടപ്പാളിലെ എം.വി.ഡി കേന്ദ്രത്തിൽ പരിശീലന ക്ലാസിലും പങ്കെടുക്കണം എന്നും നിർദേശിച്ചിട്ടുണ്ട്. തുറവൂർ ആശുപത്രിയിലുണ്ടായ തീപ്പിടിത്തത്തിൽ രക്ഷാപ്രവർത്തനത്തിനായി പോയ ഫയർ ഫോഴ്‌സിന്‍റെ വാഹനത്തിന് വഴിമുടക്കിയതിനാണ് ഇയാൾക്കെതിരെ കേസെടുത്തത്.എന്നാൽ മകനെ ആശുപത്രിയിലേക്ക് കൊണ്ടു പോകുന്നതിന്‍റെ ടെൻഷന്‍ ഉണ്ടായിരുന്നെന്നും ബോധപൂർവം വാഹനം തടസപ്പെടുത്താൻ ശ്രമിച്ചില്ലെന്നുമാണ് ഇയാൾ നല്‍കുന്ന വിശദീകരണം. ഈ ശ്രദ്ധക്കുറവിന്‍റെ തീവ്രത കണക്കിലെടുത്താണ് ഇയാൾക്ക് ശിക്ഷ നൽകിയിരിക്കുന്നത്.
ചൊവ്വാഴ്ച രാവിലെ പത്തുമണിയോടെയാണ് തുറവൂർ താലൂക്ക് ആശുപത്രിയിൽ മരുന്ന് സൂക്ഷിച്ച കെട്ടിടത്തിൽ വൻ തീപ്പിടിത്തമുണ്ടായത്. ഈ വിവരത്തെ തുടർന്നാണ് ആലപ്പുഴയിൽ നിന്നും ഫയർ ഫോഴ്സ് പുറപ്പെട്ടത്. പിന്നീട് കാർ ഈ വാഹനത്തിന്റെ വഴിമുടക്കുകയായിരുന്നു. സൈറൺ മുഴക്കിയിട്ടും നിരന്തരം ഹോണടിച്ചിട്ടും കാർ വഴിനൽകിയില്ല. ഇതിന്റെ വീഡിയോദൃശ്യങ്ങളും പുറത്തുവന്നിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

