തേനി-ബോഡി പാതയിൽ ട്രെയിനിന്റെ അന്തിമഘട്ട ഓട്ടം വിജയം
text_fieldsവ്യാഴാഴ്ച 12 ബോഗികളുമായി ബോഡിനായ്ക്കന്നൂരിലെത്തിയ ട്രെയിൻ
കുമളി: മൂന്നാർ മലയടിവാരത്തിലെ തേനി ജില്ലയിൽ ഉൾപ്പെട്ട ബോഡിനായ്ക്കന്നൂരിലേക്ക് 12 ബോഗികളുമായി റെയിൽവേയുടെ അന്തിമ പരീക്ഷണ ഓട്ടവും വിജയം. മധുരയിൽനിന്ന് റെയിൽവേ ജീവനക്കാരെയും കുടുംബാംഗങ്ങളെയും നിറച്ച യാത്രാവണ്ടിയാണ് വ്യാഴാഴ്ച ബോഡിയിലേക്ക് എത്തിയത്.കഴിഞ്ഞ 12 വർഷത്തിനുശേഷം 12 ബോഗികളുമായി എത്തിയ ട്രെയിൻ കാണാൻ നാട്ടുകാരും തടിച്ചുകൂടി. തിരികെ തേനിയിലേക്കു പോയ ട്രെയിനിൽ ഗ്രാമവാസികളും കയറിയതോടെ വർഷങ്ങൾക്കുശേഷം ബോഡി സ്വദേശികൾക്ക് സൗജന്യമായി ട്രെയിൻ യാത്രയും സാധിച്ചു.
മീറ്റർഗേജ് പാതയായിരുന്ന മധുര-തേനി-ബോഡി നായ്ക്കന്നൂർ പാത ബ്രോഡ്ഗേജ് ആക്കുന്നതിനാണ് മധുരയിൽനിന്ന് തേനി-ബോഡി ഭാഗത്തെ ട്രെയിൻ സർവിസുകൾ 12 വർഷം മുമ്പ് നിർത്തിവെച്ചത്.പാതയുടെ നിർമാണം പൂർത്തിയായതോടെ പാതയിലെ സിഗ്നൽ, ബലപരിശോധന ഓട്ടങ്ങളും അതിവേഗ എൻജിൽ ഓട്ട പരിശോധനകളും നേരത്തേ പൂർത്തിയാക്കിയിരുന്നു.
ഏപ്രിൽ എട്ടിന് പ്രധാനമന്ത്രി ചെന്നൈയിലെത്തുമ്പോൾ മധുര-ബോഡി നായ്ക്കന്നൂർ ബ്രോഡ്ഗേജ് പാതയുടെ ഉദ്ഘാടനം നിർവഹിക്കുമെന്നാണ് വിവരം. അതോടെ ഈ പാതവഴി യാത്രാട്രെയിൻ ഓടി തുടങ്ങും.
മധുരയിൽനിന്ന് വ്യാഴാഴ്ച രാവിലെ 10.10ന് പുറപ്പെട്ട ട്രെയിൻ തേനിയിലെത്തി ഇവിടെ നിന്ന് ബോഡിയിലേക്ക് എത്തുകയായിരുന്നു.ബോഡിനായ്ക്കന്നൂർ, തേനി എന്നിവിടങ്ങളിലേക്ക് യാത്രാ ട്രെയിൻ എത്തുന്നത് മൂന്നാർ, തേക്കടി മേഖലകൾക്ക് വലിയ നേട്ടമാകും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

