കെ.പി.എൽ: ഗോകുലം-കേരള യുനൈറ്റഡ് ഫൈനൽ പോരാട്ടം ഇന്ന്
text_fieldsഗോകുലം എഫ്.സി താരങ്ങൾ പരിശീലനത്തിൽ
കൽപറ്റ: കേരള പ്രിമീയർ ലീഗ് ഫുട്ബാൾ ഫൈനൽ പോരാട്ടത്തിന് കൽപറ്റ മരവയലിലെ ജില്ല സ്റ്റേഡിയം ഞായറാഴ്ച വേദിയാവും. രാത്രി 7.30നാണ് കേരള യുനൈറ്റഡ് എഫ്.സിയും ഗോകുലം കേരള എഫ്.സിയും തമ്മിലുള്ള കലാശപ്പോരാട്ടം. രണ്ടു പാദങ്ങളിലായുള്ള സെമി ഫൈനലുകളിൽ എതിരില്ലാത്ത നാലു ഗോളുകളുടെ തകർപ്പൻ വിജയവുമായാണ് ഗോകുലം ഫൈനലിലെത്തിയത്.
വ്യാഴാഴ്ച കോവളം എഫ്.സിയുമായി നടന്ന രണ്ടാം പാദ സെമിയിൽ ക്യാപ്റ്റൻ സാമുവലിന്റെ ഹാട്രിക് നേട്ടത്തോടെ 3-0ത്തിനാണ് ജയം. ആദ്യപാദ സെമി എതിരില്ലാത്ത ഒരു ഗോളിനും ഗോകുലം വിജയിച്ചിരുന്നു.
രണ്ടു പാദങ്ങളിലായുള്ള സെമി ഫൈനൽ മത്സരങ്ങളിൽനിന്നായി ഒന്നിനെതിരെ മൂന്നു ഗോളുകളുമായാണ് കേരള യുനൈറ്റഡ് എഫ്.സി ഫൈനലിൽ പ്രവേശിച്ചത്. രണ്ടാം പാദ മത്സരത്തിൽ ഏകപക്ഷീയമായ ഒരു ഗോളിന് വയനാട് യുനൈറ്റഡ് എഫ്.സി, കേരള യുനൈറ്റഡ് എഫ്.സിക്കെതിരെ വിജയിച്ചെങ്കിലും ആദ്യ പാദത്തിൽ എതിരില്ലാത്ത മൂന്നു ഗോളിനേറ്റ തോൽവി തിരിച്ചടിയാവുകയായിരുന്നു.
സൂപ്പർ സിക്സ് റൗണ്ടിൽ ഉൾപ്പെടെ പരാജയമറിയാതെയെത്തിയ വയനാട്, ടൂർണമെന്റിലുടനീളം മികച്ച പ്രകടനമാണ് നടത്തിയത്. എന്നാൽ, ആദ്യപാദ സെമിയിൽ കാലിടറി. ബുധനാഴ്ച നാട്ടുകാർക്കു മുന്നിൽ നേടിയ ആശ്വാസ ജയത്തോടെയാണ് വയനാട് യുനൈറ്റഡ് എഫ്.സി ടൂർണമെന്റിൽനിന്ന് പുറത്തായത്. ആതിഥേയർ പുറത്തായതിന്റെ നിരാശയുണ്ടെങ്കിലും ഫൈനൽ മത്സരത്തിന്റെ ആവേശം നെഞ്ചേറ്റാനുള്ള ഒരുക്കത്തിലാണ് ഫുട്ബാൾ ആരാധകർ.