സെവെറോഡോനെറ്റ്സ്ക് പിടിക്കാൻ പോരാട്ടം, യുക്രെയ്ൻ ആയുധശേഖരം നശിപ്പിച്ചതായി റഷ്യ
text_fieldsകിയവ്: കിഴക്കൻ യുക്രെയ്‌നിലെ സെവെറോഡോനെറ്റ്‌സ്ക് പിടിക്കാൻ റഷ്യ കനത്ത പോരാട്ടത്തിൽ. സ്ഥിതി കൂടുതൽ ദുഷ്‌കരമാണെന്നും പ്രദേശത്ത് 60 വീടുകൾ തകർന്നതായും ഒരു പെൺകുട്ടി ഉൾപ്പെടെ രണ്ട് പേരെ മരിച്ച നിലയിൽ കണ്ടെത്തിയതായും ലുഹാൻസ്ക് പ്രാദേശിക ഭരണ മേധാവി സെർഹി ഹെയ്‌ഡേ പ്രസ്താവനയിൽ അറിയിച്ചു.
പീരങ്കികൾ ഉപയോഗിച്ചാണ് റഷ്യൻ സൈന്യം സെവെറോഡോനെറ്റ്സ്ക് നഗര പ്രദേശത്ത് ആക്രമണം തുടരുന്നതെന്ന് യുക്രെയ്ൻ സായുധ സേന ജനറൽ സ്റ്റാഫ് ഞായറാഴ്ച പ്രസ്താവനയിൽ പറഞ്ഞു. 15,000 സിവിലിയന്മാർ അവശേഷിക്കുന്ന പ്രദേശത്ത് നിരന്തര ഷെല്ലാക്രമണം ജനജീവിതം ദുസ്സഹമാക്കിയതായും ഉദ്യോഗസ്ഥൻ അറിയിച്ചു.
വൈദ്യുതി നിലച്ചതിനാൽ ജലവിതരണവും മുടങ്ങി. മൊബൈൽ ഫോൺ കണക്ഷനില്ലാതെ താമസക്കാർ രണ്ടാഴ്ചയിലേറെയായി വലയുകയാണ്. കിഴക്കൻ മേഖലയിലെ കഠിന സാഹചര്യത്തിനിടെ ആയുധ വിതരണത്തിൽ 'നല്ല വാർത്ത' പ്രതീക്ഷിക്കുന്നതായി യുക്രെയ്ൻ പ്രസിഡന്റ് വൊളോദിമിർ സെലൻസ്കി പറഞ്ഞു.
അതിനിടെ, യുക്രെയ്ന് സങ്കീർണവും ശക്തവുമായ ആയുധം നൽകുന്നത് അപകടകരമാണെന്ന് ഫ്രാൻസിനും ജർമനിക്കും വീണ്ടും മുന്നറിയിപ്പ് നൽകി റഷ്യൻ പ്രസിഡന്റ് വ്ലാദിമിർ പുടിൻ രംഗത്തുവന്നു. സെലൻസ്കിയുമായി നേരിട്ട് ചർച്ചക്ക് പുടിൻ സന്നദ്ധമാകണമെന്ന് ഫ്രഞ്ച്, ജർമൻ നേതാക്കൾ പുടിനോട് ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

