‘ചെറ്റ’ വിളിക്ക് പിന്നിൽ നുരക്കുന്ന ജന്മിബോധം
text_fieldsപി.കെ ബാലകൃഷ്ണൻ, ഭുവനേശ്വരി വല്ലാർപാടം
‘‘അഡ്വ. ടി.എ പരമൻ - പഴയ കൊച്ചിരാജ്യത്ത് ഉന്നതവിദ്യാഭ്യാസം നേടിയ ആദ്യ ദലിതരിൽ ഒരാൾ. ആദ്യ ഇ എം എസ് മന്ത്രിസഭയുടെ ഇഷ്ടക്കേടിനിരയായ മജിസ്ട്രേറ്റ് എന്ന നിലയിലും പ്രശസ്തൻ’’ - കീർത്തിമാനായ നിയമജ്ഞനും കേരള നിയമസഭ അംഗവും അധ്യാപകനും സാമുദായിക രാഷ്ട്രീയ പ്രവർത്തകനുമായിരുന്ന ടി.എ പരമനെ കുറിച്ച് ചെറുമകളും ഗവേഷകയുമായ ഭുവനേശ്വരി വല്ലാർപാടം എഴുതിയതാണ് മേലുദ്ധരിച്ചത്.
ടി.എ പരമൻ ഒരു ദലിതനായതിനാൽ നിയമസഭയിൽ തന്നെ ധാരാളം അവഹേളനം അദ്ദേഹത്തിന് കേൾക്കേണ്ടി വന്നിരുന്നു എന്ന കാര്യം ‘ശിക്ഷിക്കപ്പെട്ട ദലിത് മജിസ്ട്രേറ്റ് നിയമസഭയിൽ’ എന്ന ഗ്രന്ഥത്തിൽ ഭുവനേശ്വരി എഴുതുന്നുണ്ട്. വിപ്ലവകാരികളായ ചിലർ പരമനെ ‘‘പരമ വിഡ്ഢി’’ എന്ന് പരിഹസിച്ചത്.
ഫ്യൂഡൽ നാടുവാഴിത്ത കാലത്തെ അനുസ്മരിപ്പിക്കും വിധത്തിൽ 2026 ലും ഉയരുന്ന ജാതിയിൽ നിലീനമായ "വിമർശനങ്ങൾ" രാഷ്ട്രീയവിമർശനങ്ങൾക്ക് ജനാധിപത്യത്തിന്റെ ഭാഷ സൃഷ്ടിക്കുന്നതിൽ രാഷ്ട്രീയ കക്ഷികൾ പരാജയപ്പെട്ടിരിക്കുന്നു എന്നതിന്റെ ദൃഷ്ടാന്തമാണ്.
ജാതിവ്യവസ്ഥിതിയും കേരള ചരിത്രവും എന്ന കൃതിയിൽ ഭാഷാപ്രയോഗത്തെ സംബന്ധിച്ച ചില സൂക്ഷ്മനിരീക്ഷണങ്ങൾ പി.കെ. ബാലകൃഷ്ണൻ അവതരിപ്പിക്കുന്നുണ്ട്. ‘‘ജാതിശ്രേണിയുടെ പടവുകൾ ഓരോന്നു താഴുന്തോറും തീണ്ടാപ്പാടകലങ്ങൾ മാത്രമല്ല, പ്രയോഗക്ഷമമായ സാമാന്യ നാമങ്ങളും സർവനാമങ്ങളും അഭിസംബോധനാപദങ്ങളും പദങ്ങൾ ഉച്ചരിക്കേണ്ട രീതിയും ഉച്ചാരണ ശബ്ദവും യഥാക്രമം വികലവും ബീഭത്സവും മൃഗശബ്ദപരവുമായി പടിപടിയായി അധ:പതിച്ചു കൊണ്ടിരിക്കുന്നു’’ എന്ന് പി.കെ.ബാലകൃഷ്ണൻ എഴുതുന്നു.
ദലിതരായ രാഷ്ട്രീയ പ്രവർത്തകർ മറ്റ് രാഷ്ട്രീയപ്രസ്ഥാനത്തിലേക്ക് കൂടു മാറിയതിനെ ഒരു പുരോഗമന രാഷ്ട്രീയക്കാരൻ അടുത്തിടെ ചാനൽ ചർച്ചയിൽ വിശേഷിപ്പിച്ചത് ‘‘അട്ടയെ പിടിച്ച് മെത്തയിൽ കിടത്തിയാൽ കിടക്കുമോ’’ എന്നാണ്. ഇത്രയും വംശീയമായ അധിക്ഷേപം ഇന്ത്യയിലെ മറ്റൊരു സമുദായത്തിനും നേരിടേണ്ടി വരികയില്ല.
തരാതരം പോലെ രാഷ്ട്രീയ പ്രസ്ഥാനങ്ങൾ വിട്ടൊഴിഞ്ഞ് മറ്റൊന്നിലേക്ക് പോയാലും കേരളത്തിലെ മറ്റിതര വിഭാഗങ്ങൾക്ക് ഒരിക്കലും അട്ടയെന്ന വംശീയ അധിക്ഷേപം കേൾക്കേണ്ടി വരില്ല. സർവോപരി അർഹതയില്ലാത്ത എന്തോ ഒരു പദവി തങ്ങൾ ഔദാര്യപൂർവം ദലിതർക്ക് നൽകിയതാണെന്ന വാച്യാർത്ഥവും അട്ട പ്രയോഗത്തിൽ ഉള്ളടങ്ങിയിട്ടുണ്ട്. ഇവിടെയാണ് പി കെ ബാലകൃഷ്ണന്റെ ചരിത്രപരമായ മേലുദ്ധരിച്ച നിരീക്ഷണം സാധുവായിത്തീരുന്നത്.
‘‘ചെറ്റയും ചെറ്റത്തരവും’’ രാഷ്ട്രീയ എതിരാളിയെ വിശേഷിപ്പിക്കാൻ ഉദ്ധരിക്കുമ്പോൾ അറിഞ്ഞോ അറിയാതെയോ ഫ്യൂഡൽ നാടുവാഴി ജന്മി വ്യവസ്ഥയിലെ ഹിംസാത്മകമായ അസമത്വഭാഷ പ്രയോഗങ്ങളാണ് പ്രചരിപ്പിക്കപ്പെടുന്നത്. മലയാള ഭാഷയിലെ ഈ പ്രയോഗഹിംസയെ കുറിച്ച് പി കെ ബാലകൃഷ്ണൻ എഴുതിയിട്ടുണ്ട്. ‘‘നമ്പൂതിരിയുടെ മുമ്പിലുള്ള നായർ താമസിക്കുന്നത് വീട്ടിലല്ല കുപ്പാടിയിലാണ്.
ആ നായർ യാതൊന്നും കുടിക്കുന്നില്ല , അവർ എല്ലാം മോന്തുകയാണ് നടപടി. അവർ തിന്നുന്നത് അരിയല്ല, കല്ലരിയാണ്. അവരുടെ കയ്യിലുള്ള പണം ഉറുപ്പികയല്ല, ചെമ്പുതൊട്ടാണ്. അവർ ഉടുക്കുന്നത് തുണിയല്ല, പഴം തുണിയാണ്. അവർ ശുദ്ധി വരുത്തുന്നത് കുളിച്ചിട്ടല്ല,നനഞ്ഞിട്ടാണ്. നായർക്ക് പൊതുവായ ഭക്ഷണമില്ല കരിക്കാടിയേയുള്ളൂ. അവർ വിശ്രമിക്കുന്നത് കിടന്നിട്ടല്ല, നടുനിർത്തിട്ടാണ്.
അവർ അഥവാ ചിന്തിക്കുകയാണെങ്കിൽ അത് മനസ്സു കൊണ്ടല്ല പഴമനസ്സുകൊണ്ടാണ് . അതേസമയത്ത് നമ്പൂതിരി കുളത്തിൽ നീരാടി അമൃതേത്ത് കഴിഞ്ഞു പള്ളിക്കുറിപ്പ് കൊള്ളുന്ന തിരുമനസ്സാണ്. " ജാതിവ്യവസ്ഥയുടെ ഏറ്റിറക്ക ക്രമങ്ങളനുസരിച്ച് പ്രവൃത്തിയെ അഭിസംബോധന ചെയ്യുന്ന രീതി മാറി മറിയുന്നതിനെ കുറിച്ചാണ് പി.കെ. ബാലകൃഷ്ണൻ സൂചിപ്പിക്കുന്നത്. നായർ, തറവാടുകളിൽ ഉണ്ണുകയും ഉറങ്ങുകയും ചെയ്യുമ്പോൾ ഈഴവരും ദലിതരും ‘‘ചെറ്റ’’കളിലും ‘‘കുടിലു’’കളിലുമാണ് അന്തിയുറങ്ങിയിരുന്നത്.
ചെറ്റകൾ എന്ന പ്രയോഗത്തിൽ തന്നെ ഇന്ത്യൻ ജാതിവ്യവസ്ഥ അടിച്ചേൽപ്പിച്ച അധകൃതത്വം നീറിപ്പുകയുന്നുണ്ട്. ‘‘ചെറ്റപ്പുര’’കളെ സൃഷ്ടിച്ചത് ജാതി അസമത്വ വ്യവസ്ഥയാണ്. അത്തരം പുരകളിൽ താമസിച്ചവരെ ഫ്യൂഡൽ ജന്മികൾ വിശേഷിപ്പിച്ചത് ‘‘ചെറ്റകൾ’’ എന്നാണ്.
സരസ്വതി വിജയത്തിലെ ദലിതനായ മനുഷ്യന്റെ പേര് മരത്തൻ എന്നായിരുന്നു. ദലിതർക്കും ദരിദ്രബഹുജനങ്ങൾക്കും ഒരു മരത്തിന്റെ പേര് തന്നെ ധാരാളം എന്ന മനുസ്മൃതിയുടെ യുക്തിയാണ് നാടുവാഴിത്ത വ്യവസ്ഥയുടെ അടിയാധാരം. അതുകൊണ്ട് തന്നെ ചെറ്റ , ചെറ്റത്തരം എന്നീ വാക്കുകളുടെ ഉപയോഗത്തിലൂടെ ജാതി അസമത്വ വ്യവസ്ഥയുടെ ജീർണഭൂതങ്ങളെ സമൂഹത്തിൽ പടർത്തി പുരോഗമന മൂല്യങ്ങൾ റദ്ദ് ചെയ്യാൻ മാത്രമേ ഉപകരിക്കൂ.
ഒരു നമ്പൂതിരിയെ ‘‘തിരുമേനി’’ എന്നും ‘‘തിരുമനസ്’’ എന്നും വിശേഷിപ്പിക്കുന്ന മലയാളി പൊതുബോധം നമ്പൂതിരിയുടെ വീടിനെ ‘‘ഇല്ലം / മന’’ എന്നും തീയ്യന്മാരുടെ വീടിനെ ‘‘പുര’’യെന്നും ദലിതരുടെ വീടിനെ ‘‘ചാള’’യെന്നുമാണ് അടയാളപ്പെടുത്തിയിരുന്നത്. നമ്പൂതിരിമാരുടെ വിവാഹം ‘‘വേളി’’യായി അവതരിപ്പിക്കപ്പെട്ടപ്പോൾ, നമ്പൂതിരിക്ക് ഇതര ജാതികളുമായുള്ള സംബന്ധം ‘‘കട്ടിലേറ്റ’’മായിരുന്നു.
തമ്പുരാട്ടിമാർ ‘‘തിരുവയർ’’ ഒഴിയുമ്പോൾ അവർണരുടെ പ്രസവത്തെ ‘‘കുലം പിഴയ്ക്കൽ’’ ആയാണ് ചിത്രീകരിക്കപ്പെട്ടത്. ഇങ്ങനെ നോക്കിയാൽ മലയാള ഭാഷപ്രയോഗങ്ങളിൽ ജാതിവ്യവസ്ഥ ആഴത്തിൽ സ്വാധീനം ചെലുത്തിയിട്ടുള്ളതായി കാണാം. ഈ ഫ്യൂഡൽ ജാതി ജീർണ ഭാഷ പ്രയോഗങ്ങളിൽ നിന്ന് രാഷ്ട്രീയ വിമർശനങ്ങൾക്ക് മുക്തിയില്ല എന്നതിന്റെ അർഥം പുരോഗമനരാഷ്ട്രീയത്തിന്റെ വക്താക്കൾക്ക് പോലും ജാതിവ്യവസ്ഥയുടെ മൂല്യ ബോധങ്ങളെ മറികടക്കാൻ കഴിയുന്നില്ല എന്ന് തന്നെയാണ്. ആത്യന്തികമായി രാഷ്ട്രീയ പ്രസ്ഥാനങ്ങളെയും നിയന്ത്രിക്കുന്ന നിയാമക ശക്തിയായി ജാതിവ്യവസ്ഥ തുടരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

