സലീം വധക്കേസ്: കൊന്നത് സി.പി.എമ്മുകാരാണെന്ന് ആവർത്തിച്ച് പിതാവ്, കേസുമായി മുന്നോട്ടുപോകും
text_fieldsകണ്ണൂർ: യു.കെ. സലീം വധക്കേസിൽ കോടതി വിധി വന്നതിന് പിന്നാലെ നിലപാടിലുറച്ച് പിതാവ് കെ.പി. യൂസഫ് രംഗത്തെത്തി. തന്റെ മകനെ കൊലപ്പെടുത്തിയത് സി.പി.എം പ്രവർത്തകരാണെന്ന നിലപാടിൽ ഉറച്ചുനിൽക്കുന്നുവെന്നും ഇതിനാവശ്യമായ വ്യക്തമായ തെളിവുകൾ തന്റെ പക്കലുണ്ടെന്നും അദ്ദേഹം പ്രതികരിച്ചു. സത്യം പുറത്തുവരുന്നത് വരെ നിയമപോരാട്ടം തുടരും. ഫസൽ വധക്കേസുമായി ബന്ധപ്പെട്ട നിർണായക വിവരങ്ങൾ സലീമിന് അറിയാമായിരുന്നുവെന്നും അത് പുറംലോകം അറിയാതിരിക്കാനാണ് സലീമിനെ വകവരുത്തിയതെന്നും യൂസഫ് ആരോപിച്ചു.
കേസിൽ ഇപ്പോൾ കോടതി വെറുതെ വിട്ടവർക്ക് സലീമിന്റെ മരണത്തിൽ പങ്കില്ലെന്നാണ് കുടുംബത്തിന്റെ പക്ഷം. യഥാർഥ പ്രതികളെ നിയമത്തിന് മുന്നിൽ കൊണ്ടുവരണമെന്നാണ് ഇവരുടെ ആവശ്യം. വിധിപ്പകർപ്പ് പൂർണമായി പരിശോധിച്ച ശേഷം ഹൈകോടതിയെ സമീപിക്കാനാണ് യൂസഫിന്റെ തീരുമാനം. കേസിൽ പുനരന്വേഷണം വേണമെന്ന ആവശ്യം കോടതിയിൽ ഉന്നയിക്കും. മകന്റെ മരണത്തിന് പിന്നിലെ ഗൂഢാലോചന പുറത്തുകൊണ്ടുവരുന്നതുവരെ പിന്നോട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. യു.കെ. സലീമിനെ കൊലപ്പെടുത്തിയ കേസിൽ എന്‍.ഡി.എഫ് പ്രവർത്തകരായിരുന്ന മുഴുവൻ പ്രതികളെയും തിങ്കളാഴ്ച വെറുതെ വിട്ടിരുന്നു. ഏഴു പ്രതികളെയാണ് തലശ്ശേരി അഡീഷനൽ സെഷൻസ് കോടതി വെറുതെവിട്ടത്. 2008 ജൂലൈ 23ന് രാത്രി തലശ്ശേരി മേലൂരിനടുത്താണ് സലീം കൊല്ലപ്പെട്ടത്.
ഡി.വൈ.എഫ്.ഐ പ്രവര്ത്തകൻ പുന്നോല്‍ കിടാരംകുന്നിലെ യു.കെ. മുഹമ്മദ് സലീമിനെ (32) വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ ഏഴ് എൻ.ഡി.എഫ് പ്രവർത്തകരെ കുറ്റക്കാരല്ലെന്ന് കണ്ട് കോടതി വിട്ടയച്ചു. എന്‍.ഡി.എഫ് പ്രവര്‍ത്തകരായ പുന്നോല്‍ ഉസ്സന്‍മൊട്ട പ്രസ് വളപ്പിലെ ഫാത്തിമ മൻസിലിൽ ചാലിക്കണ്ടി സി.കെ. ലത്തീഫ് എന്ന കോഴി ലത്തീഫ് (50), പുന്നോല്‍ ഉസ്സന്‍മൊട്ട സീനത്ത് മൻസിലിൽ കെ.വി. ലത്തീഫ് (46), പുന്നോല്‍ ഉസ്സന്‍മൊട്ട ബീച്ച് റോഡിലെ വെൺകല്ലിൽത്താഴെ ഹൗസിൽ പി.പി. അബ്ദുല്ല എന്ന കുഞ്ഞു (45), കുറിച്ചിയിൽ റുക്സാന മൻസിലിൽ സക്കീർ ഹുസൈൻ എന്ന സക്കീർ (40), ന്യൂ മാഹി ചെറുകല്ലായി അസ്നാസ് ഹൗസിൽ പി. നാസർ എന്ന നാച്ചു (57), ന്യൂ മാഹി ചാലക്കര ഫ്രഞ്ച് പെട്ടിപ്പാലം സഫീഗറിൽ ടി.പി. മുഹമ്മദ് ഹിഷാം (50), പുന്നോൽ കിടാരംകുന്ന് ഫാത്തിമാസ് ഹൗസിൽ ഷാബിൽ (35) എന്നിവരെയാണ് തലശ്ശേരി അഡീഷണൽ സെഷൻസ് കോടതി (ഒന്ന്) ജഡ്ജി ഫിലിപ്പ് തോമസ് വിട്ടയച്ചത്.
തലശ്ശേരി പൊലീസ് ചാർജ് ചെയ്ത കേസിലാണ് 17 വർഷത്തിന് ശേഷം പ്രതികളെ കുറ്റവിമുക്തരാക്കി കൊണ്ടുള്ള വിധി വരുന്നത്. 2008 ജൂലൈ 23ന് രാത്രി 8.30ന് പുന്നോല്‍ ഉസ്സന്‍മൊട്ടയില്‍ വെച്ചാണ് സലീം വധിക്കപ്പെട്ടത്. രാഷ്ട്രീയ എതിരാളികളായ ഡി.വൈ.എഫ്.ഐ പ്രവർത്തകരെ ആക്രമിക്കുകയെന്ന ലക്ഷ്യത്തോടെ ആയുധവുമായെത്തിയ പ്രതികള്‍ സലീമിനെ വെട്ടിക്കൊലപ്പെടുത്തിയെന്നാണ് കേസ്. ഉസ്സന്‍മൊട്ടയില്‍ പാർട്ടി പോസ്റ്റര്‍ പതിക്കുന്നത് സംബന്ധിച്ചുണ്ടായ തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചത്. നഫ്നാസ് എന്ന ഖാദറിനും ആക്രമണത്തിൽ പരിക്കേറ്റിരുന്നു.
കെ.പി. നഫ്നാസ്, കുറിച്ചിയിൽ കളരിക്കൽ വീട്ടിൽ പി.വി. അഷീൻ, ഏടന്നൂർ മണ്ടോളതിൽ വീട്ടിൽ എം. പ്രദീപൻ എന്നിവരാണ് കേസിലെ ദൃക്സാക്ഷികൾ. ഡോക്ടർമാർ, ഉദ്യോഗസ്ഥർ എന്നിവരടക്കം 27 സാക്ഷികളെ വിസ്തരിച്ചു. തലശ്ശേരി പൊലീസ് ഇൻസ്പെക്ടർമാരായിരുന്ന എം.വി. സുകുമാരൻ, യു. പ്രേമൻ എന്നിവരാണ് കേസന്വേഷിച്ചത്. പ്രോസിക്യൂഷനുവേണ്ടി സ്പെഷൽ പ്രോസിക്യൂട്ടർ അഡ്വ. കെ. വിശ്വനും പ്രതിഭാഗത്തിനായി അഡ്വ. പി.സി. നൗഷാദും ഹാജരായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

