കാറ്റാടി യന്ത്രത്തിന്റെ പ്രവർത്തനം നിർത്താൻ മക്കളുമായി പിതാവ് രണ്ട് മണിക്കൂർ ടവറിന് മുകളിൽ
text_fieldsനെടുങ്കണ്ടം: കാറ്റാടി യന്ത്രത്തിന്റെ പ്രവർത്തനം നിർത്തണമെന്നാവശ്യപ്പെട്ട് അണക്കരമെട്ടിൽ ഗൃഹനാഥൻ രണ്ട് മക്കളുമായി കാറ്റാടി യന്ത്രത്തിന് മുകളിൽ കയറി ഇരുന്നത് രണ്ട് മണിക്കൂർ. അണക്കരമെട്ട് സ്വദേശി പാറവിളയില്‍ മണിക്കുട്ടനാണ് പത്തും എട്ടും വയസ്സുള്ള രണ്ടു മക്കളെയുംകൊണ്ട് അണക്കരമെട്ടിലെ കാറ്റാടി ടവറില്‍ കയറിയത്.
വീടിന് സമീപത്തെ കാറ്റാടി യന്ത്രത്തിന്റെ പ്രവര്‍ത്തനം നിര്‍ത്തണമെന്ന് ആവശ്യപ്പെട്ടാണ് ഇയാള്‍ മുകളിൽ കയറിയത്. കാറ്റാടിയന്ത്രം സ്ഥാപിച്ചതോടെ വീട്ടിൽ താമസിക്കാന്‍ പറ്റാത്ത സാഹചര്യമാണെന്നും പ്രവര്‍ത്തനം പൂര്‍ണമായും നിര്‍ത്തണമെന്നുമായിരുന്നു ആവശ്യം. കാറ്റാടിയന്ത്രം പ്രവര്‍ത്തനം ആരംഭിച്ചതുമുതൽ ഈ ആവശ്യം ഉന്നയിച്ച് പല പ്രതിഷേധങ്ങൾ ഉയർത്തിയിട്ടുണ്ട്. ഇതില്‍ നടപടി ഉണ്ടാകാത്തതിനെത്തുടര്‍ന്നാണ് ടവറിന് മുകളില്‍ കയറി ആത്മഹത്യഭീഷണി മുഴക്കിയത്.
ഇവരുടെ വീടിന്റെ 25 മീറ്റര്‍ അകലെയാണ് സ്വകാര്യ കമ്പനിയുടെ കാറ്റാടിയന്ത്രം. നെടുങ്കണ്ടം പൊലീസും അഗ്നിരക്ഷ സേനയും പഞ്ചായത്ത് അധികൃതരും സ്ഥലത്തെത്തി ഇയാളെ അനുനയിപ്പിക്കാന്‍ ശ്രമിച്ചെങ്കിലും പരാജയപ്പെടുകയായിരുന്നു. ആരെങ്കിലും മുകളിലേക്ക് കയറിയാല്‍ കുട്ടികളുമായി ചാടുമെന്ന് വിളിച്ചുപറഞ്ഞത് പരിഭ്രാന്തി സൃഷ്ടിച്ചു.
കമ്പനിക്കാരെ വിവരമറിയിച്ചതിനെത്തുടര്‍ന്ന് രണ്ട് മണിക്കൂറിന് ശേഷം കമ്പനി അധികൃതര്‍ കാറ്റാടി യന്ത്രം ഓഫ് ചെയ്ത ശേഷമാണ് ഇയാള്‍ മക്കളുമായി താഴെ ഇറങ്ങിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

