കോവളത്ത് കൊല്ലപ്പെട്ട വിദേശ വനിത ലിഗ സ്ക്രോമന്‍റെ സഹോദരി മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി
text_fieldsതിരുവനന്തപുരം: കോവളത്ത് കൊല്ലപ്പെട്ട വിദേശവനിത ലിഗ സ്ക്രോമന്‍റെ സഹോദരി ഇൽസ മുഖ‍്യമന്ത്രി വി.ഡി സതീശനുമായി കൂടികാഴ്ച നടത്തി. നീണ്ട നിയമപോരാട്ടത്തിനൊടുവിൽ നീതി തേടിയെത്തിയ ലിഗയുടെ സഹോദരി വ്യാഴാഴ്ചയാണ് കൂടികാഴ്ചനടത്തിയത്. സർക്കാർ അനുവദിച്ച നഷ്ടപരിഹാരതുക ഇതുവരെ ലഭിക്കാത്തതിനെക്കുറിച്ചും കൂടിക്കാഴ്ചയിൽ ഇൽസ ഉന്നയിച്ചു. ഇക്കാര്യത്തിൽ അടിയന്തരമായി ഇടപെടാമെന്നും പ്രശ്നം പരിഹരിക്കുമെന്നും മുഖ്യമന്ത്രി ഉറപ്പുനൽകി.
അതേ സമയം കാണാതാകുന്നവരെ കണ്ടെത്തുന്നതിനായി സംസ്ഥാനത്ത് ഒരു പ്രത്യേക വിഭാഗം രൂപീകരിക്കണമെന്ന് ലിഗയുടെ ഇൽസ ആവശ‍്യപ്പെട്ടിട്ടുണ്ട്. നിലവിൽ ഇത്തരം കേസുകളിൽ സർക്കാർ ചില നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്ന് വ്യക്തമാക്കിയ മുഖ്യമന്ത്രി ഇക്കാര്യം കൂടുതൽ ഗൗരവത്തോടെ പരിശോധിക്കുമെന്ന് ഉറപ്പുനൽകി. ലിഗയുടെ സ്മരണാർഥം ഒരു സ്മാരകം നിർമിക്കണമെന്ന് കൂടികാഴ്ചയിൽ ഇൽസ ആവശ‍്യപ്പെട്ടു. സ്മാരകത്തിൽ സന്ദർശകർക്ക് വന്നിരുന്ന് വിശ്രമിക്കാന്‍ കഴിയുന്ന തരത്തിൽ മരങ്ങളും ഇരിപ്പിടങ്ങളും ഉൾപ്പെടുന്ന ഒരു കൊച്ചു ഉദ്യാനം വേണമെന്നാണ് ഇൽസയുടെയും കുടുംബത്തിന്‍റെയും ആവശ്യം. നീതിക്കുവേണ്ടിയുള്ള പോരാട്ടത്തിൽ എല്ലാവരും ഒറ്റക്കെട്ടായി പ്രവർത്തിച്ചാൽ വിജയം കൈവരിക്കാമെന്ന സന്ദേശം ഈ സ്മാരകം നൽകുമെന്നും ഇൽസ ഫേസ്ബുക്ക് പോസ്റ്റിലൂടെ പങ്കുവെച്ചു.
ലിഗയുടെ കേസുമായി ബന്ധപ്പെട്ട് തുടർനടപടികൾ സർക്കാർ ഏറ്റെടുക്കുമെന്നും കേസ് ഉത്തരവാദിത്തപ്പെട്ടവരുടെ കൈകളിൽ സുരക്ഷിതമാണെന്നും മുഖ്യമന്ത്രി കുടുംബത്തിന് ഉറപ്പുനൽകി. തങ്ങളുടെ നീണ്ട യാത്രയിൽ ഒപ്പമുണ്ടായിരുന്ന എല്ലാവരോടും ഹൃദയം നിറഞ്ഞ നന്ദി അറിയിക്കുന്നുവെന്നും ഇൽസ സമൂഹമാധ‍്യമത്തിൽ കുറിച്ചു. മറ്റുള്ളവരെ എന്നും സ്നേഹത്തോടെ പരിഗണിച്ചിരുന്ന ലിഗയുടെ ഓർമകൾ ഒരിക്കലും മാഞ്ഞുപോകില്ലെന്നും അവർ കൂട്ടിചേർത്തു. 2018 ഏപ്രിലിലാണ് വിഷാദരോഗത്തിന് കേരളത്തിൽ ചികിത്സക്കെത്തിയ ലിഗയെ കോവളത്ത് കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്. ആയുർവേദ ചികിത്സാകേന്ദ്രത്തിൽ കഴിയവേ മാർച്ച് 14 നാണ് ലിഗയെ കാണാതാവുന്നത്.
പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ ലിഗ ക്രൂരമായ ബലാത്സംഗത്തിനിരയായതായി കണ്ടെത്തി. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രതികളെ പൊലീസ് പിടികൂടിയത്. പ്രാദേശിക ലഹരി കച്ചവടരായ ഉമേഷ്, ഉദയകുമാർ എന്നിവരാണ് പ്രതികൾ. ലിഗയുടെ സഹോദരി ഇൽസ നടത്തിയ നീണ്ട നിയമപോരാട്ടത്തിനൊടുവിൽ 2022ൽ പ്രതികൾക്ക് ജീവപര്യന്തം തടശിക്ഷ വിധിക്കുകയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

