`എല്ലാ വഴിയും അടഞ്ഞു, വേറെ മാർഗമില്ലെങ്കിൽ സംസ്കാരം ഇവിടെ നടത്തും'; സിക്കിം തുരങ്ക ദുരന്തത്തിൽ മരിച്ച അനീഷിന്‍റെ മൃതദേഹം നാട്ടിലെത്തിക്കാനാവാതെ കുടുംബം
text_fieldsകോട്ടയം: സിക്കിം തുരങ്ക ദുരന്തത്തിൽ മരിച്ച മലയാളി ജിയോളജിസ്റ്റ് അനീഷ് മോഹന്‍റെ(43) മൃതദേഹം നാട്ടിലെത്തിക്കുന്നതിൽ അനിശ്ചിതത്വം. മൃതദേഹം നാട്ടിലെത്തിക്കാന്‍ നോക്കിയ വഴിയെല്ലാം അടഞ്ഞുവെന്നും വേറെ വഴിയില്ലെങ്കിൽ സിക്കിമിൽ തന്നെ സംസ്കാരം നടത്തുമെന്നും അനീഷിന്‍റെ ഭാര്യ അറിയിച്ചു. അനീഷിന്‍റെ ഭാര്യ സംഗീതയും സഹോദരന്‍ ബിനീഷും മൃതദേഹം തിരിച്ചറിഞ്ഞിരുന്നു. എന്നാൽ മൃതദേഹം ലഭിച്ചതിന് ശേഷവും സിക്കിം സർക്കാരും ആരോഗ്യവിഭാഗവും നടപടികൾ വൈകിപ്പിച്ചുവെന്ന് അവർ ആരോപിച്ചു. മരണം സംഭവിച്ച് 72 മണിക്കൂർ കഴിഞ്ഞാൽ മൃതദേഹം വിമാനത്തിൽ കൊണ്ടുപോകുന്നതിനുള്ള സർട്ടിഫിക്കറ്റ് തരില്ലെന്നാണ് ആരോഗ്യ വകുപ്പിന്‍റെ വിശദീകരണം. ഇരുവരും തിങ്കളാഴ്ച തന്നെ അപകടസ്ഥലത്ത് എത്തിയിരുന്നു. കേരളത്തിലെ വിവിധ സംസ്ഥാന കേന്ദ്ര ജനപ്രതിനിധികൾ ഇടപ്പെട്ട ശേഷമാണ് മൃതദേഹം നാട്ടിലെത്തിക്കാനുള്ള നടപടി ആരംഭിച്ചത്. എന്നാൽ വീണ്ടും അനിശ്ചിതത്വത്തിലായിരിക്കുകയാണ് അനീഷിന്‍റെ കുടുംബം.
16 വർഷമായി എൻ.എച്ച്.പി.സി സീനിയർ മാനേജരും ജിയോളജിസ്റ്റുമായിരുന്നു. ഹരിയാനയിൽ കുടുംബസമേതം താമസിക്കവെ ഏഴുമാസം മുമ്പാണ് സിക്കിം യൂനിറ്റ് മാനേജരായി സ്ഥലംമാറ്റം ലഭിച്ചത്. തുടർന്ന് ഭാര്യ ഡോ. സംഗീതയും മക്കളായ അർണവും കാർത്യായനിയും തൃപ്പൂണിത്തുറയിലെ ചൈതന്യ നഗറിലുള്ള വീട്ടിലേക്ക് മടങ്ങി. കഴിഞ്ഞ തിങ്കളാഴ്ച ഉച്ചക്ക് ഒന്നോടെ തുരങ്കത്തിൽ മണ്ണിടിച്ചിലുണ്ടായതിന് പിന്നാലെ രാത്രി എട്ടോടെ അനീഷ് പഠിച്ച നാട്ടകം കോളജിലെ ജിയോളജി വിഭാഗം മേധാവി എ.യു. അനീഷിനെ എൻ.എച്ച്.പി.സി അധികൃതർ വിളിച്ച് ബന്ധുക്കളുടെ ഫോൺ നമ്പർ ആവശ്യപ്പെട്ടിരുന്നു. വിദേശത്തുള്ള സഹോദരൻ ബിനീഷിനെയും അധികൃതർ ബന്ധപ്പെട്ടിരുന്നു. അപ്പോഴാണ് അപകടവിവരം നാട്ടിലറിയുന്നത്.
ഇതിന് പിന്നാലെ അനീഷിന്‍റെ ഭാര്യ സംഗീത, സഹോദരൻ, ഭാര്യ സഹോദരൻ എന്നിവരെ എൻ.എച്ച്.പി.സി വിമാനമാർഗം സിക്കിമിലെത്തിച്ചു. നാലു ദിവസമായി തുരങ്കത്തിൽ കുടുങ്ങിയവർക്കായി തിരിച്ചിൽ ഊർജിതമായി പുരോഗമിക്കുന്നതിനിടെ വ്യാഴാഴ്ച പുലർച്ചെയാണ് അനീഷിന്‍റെ മൃതദേഹം കണ്ടെത്തിയത്. പാമ്പാടി പത്താഴക്കുഴി വീട്ടിൽ തോട്ടയ്ക്കാട് ഗവ. ഹൈസ്കൂൾ അധ്യാപകനായിരുന്ന പി.കെ. മോഹനും അധ്യാപികയായിരുന്ന അമ്മിണിക്കുട്ടിയുടെയും മകനാണ് അനീഷ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

