വേണം, മലബാർ പാക്കേജ്
text_fieldsമുഖ്യമന്ത്രി വി.ഡി. സതീശന്റെ കന്നിബജറ്റ് പ്രസംഗത്തിന്റെ ആമുഖത്തിൽ സാമൂഹിക വികസന സൂചികകളിൽ കേരളം വർഷങ്ങളായി സ്തംഭനാവസ്ഥ നേരിടുന്നുവെന്ന് ചൂണ്ടിക്കാട്ടുന്നുണ്ട്. ഇതിന് പരിഹാരമായി സാമൂഹികനീതിയും സാമ്പത്തിക വളർച്ചയും സമന്വയിപ്പിക്കുന്ന പുതുയുഗ കേരളത്തെ ബജറ്റ് വിഭാവനം ചെയ്യുന്നു. ഉയർന്ന സാമൂഹിക വികസന സൂചികകളും താരതമ്യേന കുറഞ്ഞ സാമ്പത്തിക വളർച്ചയും സമന്വയിക്കുന്ന ‘കേരള മോഡൽ വികസനം’ അടിസ്ഥാനപരമായി ഒരു വലിയ വിരോധാഭാസം കൂടി ഉൾക്കൊള്ളുന്നുണ്ട്. വടക്കൻ ജില്ലകളും (മലബാർ) തെക്കൻ-മധ്യ ജില്ലകളും തമ്മിൽ അടിസ്ഥാനസൗകര്യ വികസനത്തിലും സാമ്പത്തിക പുരോഗതിയിലുമുള്ള ഘടനാപരമായ അസന്തുലിതാവസ്ഥയാണത്.
പുതിയ വികസന പദ്ധതികളുടെ വിതരണത്തിലെ പ്രാദേശിക അന്തരം കുറക്കാൻ ഈ ബജറ്റ് പരമാവധി ശ്രമിച്ചിട്ടുണ്ട്. എങ്കിലും, പദ്ധതികളുടെ വ്യാപ്തിയും തന്ത്രപരമായ പ്രാധാന്യവും പരിശോധിക്കുമ്പോൾ അസന്തുലിതാവസ്ഥ പ്രകടമായിത്തന്നെ തുടരുന്നു. മലബാറിന്റെയും തെക്കൻ കേരളത്തിന്റെയും പ്രാരംഭ സാഹചര്യങ്ങൾ വ്യത്യസ്തമാണ് എന്ന വസ്തുത പരിഗണിച്ചാൽ മാത്രമേ ഈ പ്രതിസന്ധി പരിഹരിക്കാനാവൂ. പുതിയ സാമ്പത്തിക ഇടനാഴികളുടെയും വൻകിട ആരോഗ്യ-ശാസ്ത്ര ക്ലസ്റ്ററുകളുടെയും പ്രധാന ഗുണഭോക്താവായി തെക്കൻ കേരളം മാറുന്നു. മറുഭാഗത്ത്, വയനാട് ട്രൈബൽ സർവകലാശാല, കോഴിക്കോട് ലൈറ്റ് മെട്രോ, ബേപ്പൂർ തുറമുഖ വികസനം തുടങ്ങിയ പദ്ധതികളിലൂടെ മലബാറിനെ ബജറ്റ് പരിഗണിക്കുന്നുണ്ടെങ്കിലും, സമഗ്രമായ സാമ്പത്തിക പരിവർത്തനം സാധ്യമാക്കുന്ന വൻകിട ക്ലസ്റ്ററുകൾ അവിടെ താരതമ്യേന കുറവാണ്. വലിയ മൂലധന നിക്ഷേപങ്ങളുടെ കാര്യത്തിൽ ഈ ബജറ്റിലും മലബാർ പ്രദേശം പിന്നിലാണ്.
സാമൂഹിക വികസന സൂചകങ്ങളിൽ ഈ പ്രദേശങ്ങൾ തമ്മിലുള്ള അകലം കുറക്കാൻ വിവിധ സർക്കാറുകളുടെ ക്ഷേമപദ്ധതികൾക്കും വികേന്ദ്രീകൃത ആസൂത്രണത്തിനും കഴിഞ്ഞിട്ടുണ്ട്. സാക്ഷരത, ശിശുമരണ നിരക്ക്, ജീവിതനിലവാരം തുടങ്ങിയ മേഖലകളിൽ മലബാർ മുന്നേറ്റം കൈവരിച്ചിട്ടുണ്ട്. ഈ പുരോഗതി പ്രധാനമായും ‘വികസന ഫലങ്ങളിൽ’ മാത്രം ഒതുങ്ങുന്നുവെന്നതാണ് യാഥാർഥ്യം. അടിസ്ഥാന സൗകര്യങ്ങളുടെയും ഭൗതിക മൂലധനത്തിന്റെയും വിതരണത്തിൽ മലബാർ ഇപ്പോഴും കടുത്ത വിവേചനവും പിന്നാക്കാവസ്ഥയും നേരിടുന്നുവെന്ന് പഠനങ്ങൾ വ്യക്തമാക്കുന്നു.
വികസന ഫലങ്ങളും (ജീവിത നിലവാരം, ശിശുമരണ നിരക്ക്, സാക്ഷരത) നിക്ഷേപങ്ങളും അഥവാ ഇൻപുട്ടുകളും (വ്യവസായങ്ങൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ, പ്രതിശീർഷ ആശുപത്രികൾ) വേർതിരിച്ച് മനസ്സിലാക്കുമ്പോൾ മാത്രമേ വിവേചനത്തിന്റെ ആഴം ബോധ്യമാകൂ. വികസന ഫലങ്ങളിലെ അസന്തുലിതാവസ്ഥ കാലക്രമേണ കുറഞ്ഞെങ്കിലും, ആരോഗ്യ, വിദ്യാഭ്യാസ, ഗതാഗത അടിസ്ഥാന സൗകര്യങ്ങളിലെ (Inputs) ഏറ്റക്കുറച്ചിൽ ഇന്നും തുടരുകയാണ്. ഗൾഫ് പണത്തിന്റെയും മറ്റും ആനുകൂല്യത്തിലാണ് മലബാർ പ്രദേശം ഈ ജീവിതനിലവാരം നേടിയെടുത്തത്. ഈ വികസന നേട്ടങ്ങൾ കൈവരിക്കാൻ ഭരണകൂടം നൽകിയ നിക്ഷേപങ്ങൾ പര്യാപ്തമായിരുന്നില്ല.
മലബാറിലെ വികസന മുരടിപ്പിന് ചരിത്രപരമായ കാരണങ്ങളുണ്ട്. നാട്ടുരാജ്യങ്ങളിൽ നടന്നതുപോലെയുള്ള വികസന പദ്ധതികൾ നേരിട്ടുള്ള ബ്രിട്ടീഷ് ഭരണത്തിൻകീഴിൽ ഒരിടത്തും നടപ്പിലായിരുന്നില്ല. പ്രകൃതിവിഭവങ്ങളുടെയും കാർഷികോൽപന്നങ്ങളുടെയും ചൂഷണം എന്ന ബ്രിട്ടീഷ് സാമ്രാജ്യത്വ ലക്ഷ്യം തന്നെയാണ് മലബാറിലും നടപ്പിലാക്കിയത്. എന്നാൽ, സ്വാതന്ത്ര്യത്തിനും സംസ്ഥാന രൂപവവത്കരണത്തിനും ശേഷം വികസന, നിക്ഷേപ പദ്ധതികളിൽ മലബാർ നേരിടുന്ന വിവേചനത്തെ ചരിത്രത്തിന്റെ മറപിടിച്ച് ന്യായീകരിക്കാനാകുമോ?
കേരളത്തിൽ വൻകിട വ്യവസായങ്ങളും മൂലധന നിക്ഷേപവും പ്രധാനമായും കേന്ദ്രീകരിച്ചിരിക്കുന്നത് എറണാകുളം, തൃശൂർ, കോട്ടയം, ആലപ്പുഴ തുടങ്ങിയ മധ്യ-തെക്കൻ ജില്ലകളിലാണ്. പ്രതിശീർഷ മൊത്ത ജില്ല ആഭ്യന്തര ഉൽപാദനം (GDDP), നിതി ആയോഗിന്റെ ബഹുതല ദാരിദ്ര്യ സൂചിക (MPI) എന്നീ സൂചകങ്ങൾ ഈ അസന്തുലിതാവസ്ഥയെ വ്യക്തമായി വരച്ചുകാട്ടുന്നു. മൂലധന നിക്ഷേപം തെക്കൻ കേരളത്തിൽ കേന്ദ്രീകരിച്ചതിനാൽ എറണാകുളം ജില്ല പ്രതിശീർഷ വരുമാനത്തിൽ സംസ്ഥാനത്ത് ഒന്നാം സ്ഥാനത്ത് നിൽക്കുന്നു. അതേസമയം, ഉയർന്ന ജനസംഖ്യയും വിസ്തൃതിയുമുള്ള മലപ്പുറം, വയനാട്, കാസർകോട്, പാലക്കാട് തുടങ്ങിയ മലബാർ ജില്ലകൾ പട്ടികയിൽ ഏറ്റവും പിന്നിലാണ്. കേരള ഡേറ്റാ ഹബിന്റെ 2024-25 ലെ കണക്കുകൾ പ്രകാരം ആളോഹരി വരുമാനത്തിൽ ഒന്നാമതുള്ള എറണാകുളത്തിന്റെ പ്രതിശീർഷ വരുമാനം 2,61,319 രൂപയാണ്; പതിനാലാം സ്ഥാനത്തുള്ള മലപ്പുറത്തിന്റേത് വെറും 1,18,760 രൂപയും. സൂക്ഷ്മ-ചെറുകിട-ഇടത്തരം സംരംഭങ്ങളുടെ (MSME) വളർച്ചക്കും വൻകിട വ്യവസായ പാർക്കുകളുടെ വിതരണത്തിനും ഈ പ്രാദേശിക അസന്തുലിതാവസ്ഥയുമായി നേരിട്ട് ബന്ധമുണ്ട്. കാസർകോട്, വയനാട്, ജനസാന്ദ്രതയേറിയ മലപ്പുറം എന്നീ ജില്ലകളിൽ മെഗാ വ്യവസായ ഇടനാഴികളുടെ വലിയ അഭാവമുണ്ട്. സ്ഥലം, വൈദ്യുതി, റോഡ് കണക്ടിവിറ്റി തുടങ്ങിയ വൻകിട അടിസ്ഥാന സൗകര്യങ്ങൾ ഈ പിന്നാക്ക ജില്ലകളിൽ സ്ഥാപിക്കാൻ അധികൃതർ വേണ്ടത്ര മുൻഗണന നൽകുന്നില്ല.
സാമ്പത്തിക വളർച്ചയിലെ ഈ വിടവ് ജനജീവിതത്തിൽ എങ്ങനെ പ്രതിഫലിക്കുന്നു എന്നറിയാൻ നിതി ആയോഗിന്റെ ദാരിദ്ര്യ സൂചിക പരിശോധിക്കാവുന്നതാണ്. 2023ലെ റിപ്പോർട്ട് പ്രകാരം, 0.7 ശതമാനം നിരക്കോടെ രാജ്യത്ത് ദാരിദ്ര്യം ഏറ്റവും കുറഞ്ഞ സംസ്ഥാനം കേരളമാണ്. എന്നാൽ, കേരളത്തിൽ അവശേഷിക്കുന്ന അതിദാരിദ്ര്യം കേന്ദ്രീകരിച്ചിരിക്കുന്നത് മലബാറിലാണ്.
വിദ്യാഭ്യാസവും ആരോഗ്യവും
മലബാർ മേഖലയിലെ വിദ്യാഭ്യാസ സാഹചര്യം ചർച്ച ചെയ്യുമ്പോൾ അക്കാദമിക തലത്തിൽ ഉയർന്നുവരുന്ന ആശയമാണ് ‘ജനസാന്ദ്രതാ വിരോധാഭാസം’ (Density Paradox). പത്താം ക്ലാസ് പാസാകുന്ന വിദ്യാർഥികളുടെ എണ്ണം ഈ ജില്ലകളിൽ വളരെ കൂടുതലാണ്. എന്നാൽ ഹയർ സെക്കൻഡറി, ഉപരിപഠന മേഖലകളിലേക്ക് കടക്കുമ്പോൾ ഇവർക്ക് നേരിടേണ്ടിവരുന്ന ഘടനാപരമായ വലിയ തടസ്സങ്ങളാണ് ഈ വിരോധാഭാസത്തിന് കാരണം. സർക്കാർ ഇതിന് പരിഹാരമായി സ്വീകരിക്കുന്നത് ‘മാർജിനൽ ഇൻക്രീസ്’ എന്ന നയമാണ്. ഇതോടെ, തിങ്ങിനിറഞ്ഞ ക്ലാസ് മുറികൾ വിദ്യാഭ്യാസത്തിന്റെ ഗുണനിലവാരത്തെയും അധ്യാപക-വിദ്യാർഥി അനുപാതത്തെയും ദോഷകരമായി ബാധിക്കുന്നു (അവലംബം: മലബാർ എജുക്കേഷൻ മൂവ്മെന്റിന്റെ ഡേറ്റ).
മെഡിക്കൽ കോളജ് സീറ്റുകളുടെ വിതരണമാണ് ഈ അസന്തുലിതാവസ്ഥയുടെ മറ്റൊരു ദയനീയ ഉദാഹരണം. പ്രദേശത്തിന്റെ ആരോഗ്യ പരിരക്ഷ ഉറപ്പാക്കുന്നതിൽ മെഡിക്കൽ കോളജുകൾ നിർണായക പങ്കുവഹിക്കുന്നുണ്ട്. ഉയർന്ന ജനസംഖ്യയുള്ള മലപ്പുറം ജില്ലയിൽ 110 സീറ്റുകളും, ആരോഗ്യ മേഖലയിൽ ഏറെ പിന്നാക്കം നിൽക്കുന്ന വയനാട്, കാസർകോട് ജില്ലകളിൽ 50 സീറ്റുകൾ വീതവും മാത്രമുള്ളപ്പോൾ, തെക്കൻ-മധ്യ ജില്ലകളിൽ ഇത് 100 മുതൽ 250 വരെയാണ്. മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടറേറ്റിന്റെ സീറ്റ് മാട്രിക്സ് പ്രകാരം, ജനസംഖ്യാനുപാതികമായ സീറ്റുകളുടെ ലഭ്യതയിൽ മലബാർ വളരെ പിന്നിലാണ്. ഈ സാഹചര്യം നിലനിൽക്കെ കേരളത്തിൽ പുതിയ രണ്ട് മെഡിക്കൽ കോളജുകൾ കൂടി ബജറ്റിൽ പ്രഖ്യാപിച്ചിട്ടുണ്ട്. പക്ഷേ, അത് മലബാറിൽ അല്ലെന്ന് മാത്രം.
ആരോഗ്യരംഗത്ത്, ജില്ല-താലൂക്ക് ആശുപത്രികളിലെ അടിസ്ഥാന സൗകര്യങ്ങളിലും കിടക്കകളുടെ എണ്ണത്തിലുമുള്ള വലിയ അന്തരം സി.എ.ജിയുടെ 2024ലെ ഓഡിറ്റ് റിപ്പോർട്ട് വെളിപ്പെടുത്തുന്നു. ഓരോ 10 ലക്ഷം ജനങ്ങൾക്കും ജില്ല ആശുപത്രികളിൽ 300 കിടക്കകൾ ഉണ്ടാവണമെന്നാണ് ഇന്ത്യൻ പബ്ലിക് ഹെൽത്ത് സ്റ്റാൻഡേർഡ്സ് (IPHS) മാനദണ്ഡം. അഞ്ചുലക്ഷം ജനങ്ങൾക്ക് താലൂക്ക് ആശുപത്രികളിൽ 100 മുതൽ 150 വരെ കിടക്കകളും വേണം. 2011ലെ സെൻസസ് അടിസ്ഥാനമാക്കി ഐ.പി.എച്ച്.എസ് മാനദണ്ഡം പരിശോധിച്ചാൽ തൃശൂർ (363), പാലക്കാട് (299), മലപ്പുറം (250), കോഴിക്കോട് (166) എന്നീ ജില്ലകളിലെ ആശുപത്രികളിൽ കിടക്കകളുടെ കുറവ് സി.എ.ജി കണ്ടെത്തിയിട്ടുണ്ട്. മറ്റു പല ജില്ലകളിലും ആനുപാതികമായതിലും കൂടുതൽ കിടക്കകളുണ്ട്. പുതിയ ബജറ്റിൽ മലപ്പുറത്തെ ജനറൽ ആശുപത്രിയുടെ വികസനവും കാൻസർ സെന്ററും ഉൾപ്പെടുത്തിയത് ആശാവഹമാണ്. അതേസമയം, മലബാറിലെ മിക്ക താലൂക്ക് ആശുപത്രികളും ജില്ല ആശുപത്രികളും സമാനമായ വികസനം അർഹിക്കുന്നു. അതിനാൽ, പൊതുവിഭവങ്ങൾ ജനസംഖ്യാനുപാതികമായി മലബാറിനും ലഭ്യമാക്കണം. വിവേചനരഹിതമായ നിക്ഷേപങ്ങളിലൂടെ ഈ വിടവ് നികത്തുമ്പോൾ മാത്രമേ പുതുയുഗം യാഥാർഥ്യമാകൂ.
അടിസ്ഥാനസൗകര്യ വികസനത്തിലും സാമ്പത്തിക പുരോഗതിയിലും മലബാറും കേരളത്തിലെ തെക്കൻ-മധ്യ ജില്ലകളും തമ്മിൽ ഘടനാപരമായ അസന്തുലിതാവസ്ഥ നിലനിൽക്കുന്നുണ്ട്. ഐക്യ കേരളം സപ്തതിയിലേക്ക് കടക്കുമ്പോഴും ഈ അസമത്വത്തിന് കാര്യമായ മാറ്റം വന്നിട്ടില്ലെന്ന് ആരോഗ്യ, വിദ്യാഭ്യാസ സൂചികകൾ സാക്ഷ്യപ്പെടുത്തുന്നു. ചരിത്രപരമായ ഈ അസന്തുലിതത്വം പരിഹരിക്കാൻ മലബാറിന് ഒരു സ്പെഷൽ പാക്കേജ് എന്ന ആവശ്യത്തെ വി.ഡി സതീശന്റെ കന്നി ബജറ്റിന്റെ പശ്ചാത്തലത്തിൽ വിശകലനം ചെയ്യുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

