റേഷൻ വിതരണം നീട്ടിയത് പിൻവലിച്ചു; തിങ്കളാഴ്ച വിതരണം നിർത്തി, ഇന്ന് കടകൾക്ക് അവധി
text_fieldsതിരുവനന്തപുരം: ഡിസംബർ മാസത്തെ റേഷൻ വിതരണം ജനുവരി അഞ്ചുവരെ നീട്ടിയതായി സർക്കാർ അറിയിപ്പ് നൽകിയെങ്കിലും തിങ്കളാഴ്ചയോടെ വിതരണം അവസാനിപ്പിച്ചു. കേന്ദ്ര സർക്കാർ റേഷൻ വിതരണത്തിൽ കൊണ്ടുവന്ന നയപരമായ മാറ്റങ്ങൾ നടപ്പാക്കുന്നതിനെ തുടർന്നാണിതെന്ന് മന്ത്രി ജി.ആർ. അനിൽ അറിയിച്ചു.
കേന്ദ്ര സർക്കാർ സൗജന്യമായി നൽകിവരുന്ന പി.എം.ജി.കെ.എ.വൈ വിഹിതം ഡിസംബറിൽ വാങ്ങാത്തവർക്ക് ജനുവരി 10 വരെ അവസരമുണ്ടാകും. ഇതിന്റെ സാങ്കേതിക കാര്യങ്ങൾ പൂർത്തിയാക്കേണ്ടതിനാൽ ചൊവ്വാഴ്ച സംസ്ഥാനത്തെ റേഷൻ കടകൾക്ക് അവധിയായിരിക്കും. ജനുവരി നാലുമുതൽ ജനുവരി മാസത്തെ സാധാരണ റേഷനും ഡിസംബർ മാസത്തെ പി.എം.ജി.കെ.എ.വൈയും വിതരണം ആരംഭിക്കും.
പുതിയ തീരുമാനത്തോടെ ലക്ഷക്കണക്കിന് പേർക്ക് ഡിസംബറിലെ റേഷൻ നഷ്ടമാകും. 93 ലക്ഷം കാർഡ് ഉടമകളിൽ സാധാരണ 85 ശതമാനത്തോളം അതാത് മാസം റേഷൻ വാങ്ങാറുണ്ട്. ഇക്കുറി ഇതുവരെ 77.74 ശതമാനം പേർ മാത്രമേ വാങ്ങിയിട്ടുള്ളൂ. ഇതുമായി താരതമ്യം ചെയ്യുമ്പോൾ എട്ട് ശതമാനത്തോളം പേർക്ക് റേഷൻ വാങ്ങാനായിട്ടില്ല. ഇ-പോസ് യന്ത്രത്തകരാർമൂലമാണ് റേഷൻ വിതരണം സംസ്ഥാന സർക്കാർ നീട്ടിനൽകിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

