കേരളത്തിന്‍റെ മാതൃക മഹനീയം; ദുർബലപ്പെടുത്താൻ അനുവദിക്കരുതെന്ന് മന്ത്രി ജി.ആർ അനിൽ
text_fieldsഖാസി നാലകത്ത് മുഹമ്മദ് കോയ ഫൗണ്ടേഷൻ ഈദിനോട് അനുബന്ധിച്ച് നൽകുന്ന ഭക്ഷ്യധാന്യ കിറ്റും പുതുവസ്ത്രവും അടങ്ങുന്ന ഈദ് ഗിഫ്റ്റിന്റെ വിതരണ മന്ത്രി ഉദ്ഘാടനം ചെയ്യുന്നു
കോഴിക്കോട്: വേർതിരിവുകൾ കാണാതെ എല്ലാ ആഘോഷങ്ങളേയും സാഹോദര്യത്തിന്റെയും ഐക്യപ്പെടലിന്റെയും വേദികളാക്കി മാറ്റുന്ന മലയാളി മനസ്സാണ് കേരളത്തിന്റെ ശക്തിയെന്ന് ഭക്ഷ്യ-പൊതു വിതരണ വകുപ്പ് മന്ത്രി ജി.ആർ. അനിൽ. കേരളത്തിന്റെ മഹനീയ മാതൃകയെ ദുർബലപ്പെടുത്താൻ നാം അനുവദിച്ചു കൂടെന്നും അദ്ദേഹം പറഞ്ഞു. സമത്വവും സമഭാവനയും പരസ്പര വിശ്വാസവും ഈദ് മുന്നോട്ട് വെക്കുന്ന ആശയങ്ങളാണെന്നും ഇതിനെ മുറുകെ പിടിക്കണമെന്നും മന്ത്രി അഭിപ്രായപ്പെട്ടു.
ഖാസി നാലകത്ത് മുഹമ്മദ് കോയ ഫൗണ്ടേഷൻ ഈദിനോടനുബന്ധിച്ച് 200 കുടുംബങ്ങൾക്ക് നൽകുന്ന ഭക്ഷ്യധാന്യ കിറ്റും പുതുവസ്ത്രവുമടങ്ങുന്ന ഈദ് ഗിഫ്റ്റിന്റെ വിതരണ ഉദ്ഘാടനം നിർവഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. കൗൺസിലർ സി. മുഹ്സിന ഏറ്റുവാങ്ങി. ഫൗണ്ടേഷൻ ചെയർമാൻ എം.വി. മുഹമ്മദലി അധ്യക്ഷത വഹിച്ചു.
കോഴിക്കോട് ആക്ടിങ് ഖാസി സഫീർ സഖാഫി മുഖ്യപ്രഭാഷണം നടത്തി. സ്റ്റാന്റിങ് കമ്മറ്റി ചെയർമാൻ പി.കെ. നാസർ, കൗൺസിലർ സി. മുഹ്സിന, കെ.കെ. ബാലൻ, മിശ്കാൽ പള്ളി സെകട്ടറി എൻ. ഉമ്മർ എന്നിവർ ആശംസകളർപ്പിച്ചു സംസാരിച്ചു.
പ്രോഗ്രാം കൺവീനർ എം.വി. റംസി ഇസ്മായിൽ സ്വാഗതവും ജനറൽ സെക്രട്ടറി പി.ടി. ആസാദ് നന്ദിയും പറഞ്ഞു. ചരിത്ര പ്രസിദ്ധമായ മിശ്കാൽ പള്ളിയും സന്ദർശിച്ചാണ് മന്ത്രി മടങ്ങിയത്.