സായാഹ്നസൂര്യന് വർണച്ചാർത്തേകി കുടമാറ്റം
text_fieldsതേക്കിൻകാട് മൈതാനത്ത് നടന്ന കുടമാറ്റത്തിനിടെ അസഹ്യമായ ചൂടിന്റെ നേർക്കാഴ്ചകൾ
തൃശൂർ: കണ്ണീരോർമകളിൽ ആർഭാടങ്ങളൊഴിവാക്കി, ആചാരപ്പെരുമയിൽ ഒതുങ്ങിയ തൃശൂർ പൂരത്തിന് വർണച്ചാർത്തേകി വിശ്വപ്രസിദ്ധമായ കുടമാറ്റം. സായാഹ്ന സൂര്യന്റെ പൊൻകിരണങ്ങളെ സാക്ഷിയാക്കി തേക്കിൻകാട്ടിൽ വർണങ്ങളുടെ മാരിവില്ല് വിരിഞ്ഞു. ആർഭാടങ്ങളും സ്പെഷൽ കുടകളും ഒഴിവാക്കി സാമ്പ്രദായിക പട്ടുകുടകൾ മാത്രമാണ് പാറമേക്കാവ് - തിരുവമ്പാടി വിഭാഗങ്ങൾ മുഖാമുഖം ഉയർത്തിയത്. വൈകീട്ട് ആറിന് ആരംഭിച്ച കുടമാറ്റം ആറരയോടെ പൂർത്തിയായി.
ഗുരുവായൂർ ദേവസ്വത്തിന്റെ ആനകൾക്ക് പകരം ഇത്തവണ കൊല്ലത്ത് നിന്നുള്ള ഗജവീരനായ തൃക്കടവൂർ ശിവരാജുവാണ് പാറമേക്കാവ് ഭഗവതിയുടെ തിടമ്പേറ്റി തെക്കോട്ടിറങ്ങിയത്. വൈകീട്ട് അഞ്ചോടെ പാറമേക്കാവിന്റെ ഗജവീരന്മാർ അണിനിരന്നു. ശക്തൻ തമ്പുരാന്റെ പ്രതിമയെ വലംവെച്ച് തെക്കേഗോപുര നടക്ക് അഭിമുഖമായാണ് പാറമേക്കാവ് നിലയുറപ്പിച്ചത്. തൃക്കടവൂർ ശിവരാജുവിന് പുറമെ പുല്ലാട്ട് ബ്രഹ്മദത്തൻ, ചൈത്രം അപ്പു, പാറമേക്കാവ് കാശിനാഥൻ, തെച്ചിക്കോട്ടുകാവ് ദേവീദാസൻ തുടങ്ങി 15ഓളം ഗജവീരന്മാരും പാറമേക്കാവിനായി അണിനിരന്നു.
മറുഭാഗത്ത്, തെക്കേഗോപുര നടയിൽ തിരുവമ്പാടി ഭഗവതിയുടെ തിടമ്പേറ്റി തിരുവമ്പാടി ചന്ദ്രശേഖരൻ നിലയുറപ്പിച്ചു. കുട്ടന്കുളങ്ങര അർജുനൻ, പാമ്പാടി സുന്ദരൻ, പാറന്നൂർ നന്ദൻ, ചെർപ്പുളശ്ശേരി മണികണ്ഠൻ, വേമ്പനാട് അർജുനൻ, തടത്താവിള രാജശേഖരൻ, പേരൂർ ശിവൻ, പുതുപ്പള്ളി സാധു, തിരുവമ്പാടി കണ്ണൻ, ഗുരുവായൂർ സിദ്ധാർഥൻ, മച്ചാട് ധർമൻ, മച്ചാട് ഗോപാലൻ, നന്ദിലത്ത് ഗോപികണ്ണൻ, ഉണ്ണിമാങ്ങാട് ഗണപതി എന്നീ ആനകൾ തിരുവമ്പാടി നിരയെ സമ്പന്നമാക്കി.
നിറങ്ങളുടെ വലിയൊരു കാൻവാസായി മാറുകയായിരുന്നു കുടമാറ്റ സമയത്ത് പൂരപ്പറമ്പ്. കടും ചുവപ്പും തിളങ്ങുന്ന മഞ്ഞയും പച്ചയും നീലയും തുടങ്ങി കണ്ണഞ്ചിപ്പിക്കുന്ന വൈവിധ്യമാർന്ന വർണങ്ങളിലുള്ള സാമ്പ്രദായിക പട്ടുകുടകളാണ് ഇരുവിഭാഗവും മത്സരിച്ച് ഉയർത്തിയത്. ഓരോ വർണക്കുടകളും വിടർന്നു മാറുമ്പോൾ പട്ടുതുണിയിൽ തുന്നിച്ചേർത്ത സ്വർണ, വെള്ളി കസവുകൾ സായാഹ്ന വെയിലിൽ വെട്ടിത്തിളങ്ങി.
സ്പെഷൽ കുടകളേക്കാൾ ഉപരി, പാരമ്പര്യത്തിന്റെ തനിമ വിളിച്ചോതുന്ന പട്ടുകുടകളിലേക്കായിരുന്നു ഇത്തവണ കൂടുതൽ ശ്രദ്ധ പതിഞ്ഞത്. ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ സമയം അരമണിക്കൂറായി ചുരുക്കിയെങ്കിലും, ആ നിമിഷങ്ങളെ പരമാവധി വർണാഭമാക്കാൻ ഇരു ദേവസ്വങ്ങൾക്കും സാധിച്ചു. ആനപ്പുറത്തിരിക്കുന്നവർ ഒരേ താളത്തിൽ, ഒരേ സമയത്ത് തിളങ്ങുന്ന കുടകൾ വായുവിലേക്ക് ഉയർത്തുമ്പോഴുള്ള ദൃശ്യചാരുത വാക്കുകൾക്കതീതമായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

