ഭീഷണിക്കത്ത് അയച്ചത് താനല്ല, വ്യക്തി വൈരാഗ്യം തീർക്കാൻ പേരുപയോഗിച്ചുവെന്ന് എറണാകുളം സ്വദേശി
text_fieldsകൊച്ചി: പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് ചാവേർ ആക്രമണ ഭീഷണിക്കത്ത് അയച്ചത് താനല്ലെന്ന് എറണാകുളം സ്വദേശി ജോസഫ് ജോണി. താൻ അത്തരത്തിലൊരു കത്തയച്ചിട്ടില്ല. ഈ വിവരമറിഞ്ഞപ്പോൾ ഹൃദയാഘാതം വന്നപോലെയാണ് തോന്നിയത്.
മറ്റൊരാൾ തന്നോടുള്ള വ്യക്തി വൈരാഗ്യം തീർക്കാൻ ചെയ്തതാണെന്നാണ് സംശയം. ഇക്കാര്യം പൊലീസിനോട് പറഞ്ഞിട്ടുണ്ടെന്നും ജോണി മാധ്യമങ്ങളോട് പറഞ്ഞു.
കത്തെഴുതിയ ആളെകുറിച്ചുള്ള സൂചനയും ജോണി മാധ്യമങ്ങളോട് പങ്കുവെച്ചു. താൻ കുടുംബയൂനിറ്റ് അധികാരിയായിരിക്കെ, യൂനിറ്റിലെ മറ്റൊരാളെ കുറിച്ച് ഇയാളുടെ കൈയക്ഷരത്തിൽ ലഭിച്ച പരാതിയുടെ പകർപ്പ് പൊലീസിന് നൽകിയിട്ടുണ്ട്. കൈയക്ഷരം ആരുടെതാണെന്നും മറ്റും പൊലീസ് കണ്ടെത്തട്ടെ എന്നും താൻ ആർക്കെതിരെയും പരാതി നൽകിയിട്ടില്ലെന്നും ജോസഫ് ജോണി പറഞ്ഞു.
ഭീഷണിക്കത്ത് പൊലീസ് തനിക്ക് ഫോണിലാണ് കാണിച്ചു തന്നത്. രാജീവ് ഗാന്ധി കൊല്ലപ്പെട്ടതുപോലെ മോദിയും കൊല്ലപ്പെടുമെന്നാണ് അതിൽ എഴുതിയിരുന്നത്. താൻ വിരമിച്ച സർക്കാർ ജീവനക്കാരനാണ്. അത് കത്തിൽ വിശദമായി എഴുതിയിട്ടുണ്ട്. ജോസഫ് ജോണി എന്ന പേരും താൻ മുമ്പ് ഉപയോഗിച്ചിരുന്ന ഫോൺ നമ്പറുമാണ് നൽകിയിട്ടുള്ളത്.
തന്റെ നിരപരാധിത്വം പൊലീസിനോട് പറയുകയും പൊലീസിന് അത് ബോധ്യപ്പെടുകയും ചെയ്തിട്ടുണ്ടെന്നും ജോസഫ് ജോണി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

