മാവേലി സ്റ്റോറിൽ സാധനങ്ങൾ "ഇല്ല, ഇല്ല' എന്ന് ബോർഡിൽ എഴുതിയ ജീവനക്കാർ ഇപ്പോൾ പാളയത്ത് തന്നെ ഉണ്ട്
text_fieldsകോഴിക്കോട്: പാളയം സപ്ലൈക്കോ മാവേലി സ്റ്റോറിലെ വിലവിവര ബോർഡിൽ സ്റ്റോക്ക് ഇല്ലാത്ത സാധനങ്ങൾക്കുനേരെ 'ഇല്ല' 'ഇല്ല' എന്ന് എഴുതിയതിന് വകുപ്പുതല നടപടി നേരിട്ട ജീവനക്കാരന് പാളയത്തേക്ക് തന്നെ പുനർനിയമനം. ഇക്കഴിഞ്ഞ പത്തിനാണ്, എൽ.ഡി.എഫ് സർക്കാരിന്റെ കാലത്ത് സസ്പെൻഷൻ നടപടി നേരിട്ട സപ്ലൈക്കോ സീനിയർ അസിറ്റന്‍റ് കെ. നിതിനെ പാളയം ഔട്ട്‌ലെറ്റ് ഇൻചാർജായി പുനർനിയമിച്ച് യു.ഡി.എഫ് സർക്കാർ ഉത്തരവിട്ടത്.
പാളയം മാവേലി സ്റ്റോർ ബോർഡിൽ സാധനങ്ങൾക്ക് നേരെ ഇല്ല, ഇല്ല എന്ന് എഴുതിവെച്ചത് വാർത്തായാവുകയും 2023ൽ എൽ.ഡി.എഫ് സർക്കാരിനെ ഏറെ പ്രതിരോധത്തിലാക്കുകയും ചെയ്തിരുന്നു. തുടർന്ന് തെറ്റായ വിവരങ്ങൾ നൽകി സപ്ലൈക്കോയെ അപമാനിക്കാൻ ശ്രമിച്ചുവെന്ന് ആരോപിച്ച് സർക്കാർ നിതിനെ സർവീസിൽ നിന്ന് സസ്പെൻഡ് ചെയ്തു.
ഇതിനെതിരേ നിതിൻ കോടതിയെ സമീപിച്ചു. തന്റെ നടപടി സപ്ലൈക്കോയെ അപമാനിക്കലല്ല എന്നും സാധനങ്ങൾ സ്റ്റോക്ക് ഉള്ളപ്പോൾ ഉണ്ട് എന്ന് എഴുതാമെങ്കിൽ ഇല്ലെങ്കിൽ 'ഇല്ല' എന്നും എഴുതാമെന്നായിരുന്നു നിതിന്റെ വാദം. സ്റ്റോറിലെ സ്റ്റോക്ക് വിവരം സഹിതം തെളിവായി നിതിൻ കോടതിയിൽ ഹാജരാക്കി.
ഇതംഗീകരിച്ച കോടതി നിതിനെ സർവീസിൽ തിരിച്ചെടുക്കാൻ ഉത്തരവിട്ടു. എന്നാൽ എൽ.ഡി.എഫ് സർക്കാർ കോഴിക്കോട്ട് പാളയത്ത് നിയമനം നൽകിയില്ല. പകരം നടക്കാവ് എൽ.പി.ജി യൂണിറ്റിലേക്കായിരുന്നു നിയമനം നൽകിയത്. എന്നാൽ അവിടെ ജോലിയിൽ പ്രവേശിക്കാതെ നിതിൻ നിയമപോരാട്ടം തുടർന്നു. ഇക്കഴിഞ്ഞ ബുധനാഴ്ച ലഭിച്ച കോടതി ഉത്തരവിലും വിജയം നിതിനൊപ്പമായിരുന്നു. പാളയത്ത് തന്നെ നിയമനം നൽകണമെന്ന് കോടതി ഉത്തരവിട്ടു. ഇതോടെ യു.ഡി.എഫ് സർക്കാർ 10ന് നിതിനെ പാളയത്തേക്ക് തന്നെ ഡിപ്പോ ഇൻചാർജായി നിയമിക്കുകയായിരുന്നു. പാളയം മാവേലി സ്റ്റോർ ഔട്ട്‌ലെറ്റ് ഇൻചാർജായാണ് നിയമനം. പാളയം മാവേലി സ്റ്റോറിലെ ഔട്ട്‌ലെറ്റ് ഇൻചാർജായിരുന്ന ശിബിലയെ മാങ്കാവ് സൂപ്പർമാർക്കറ്റിലെ ഔട്ട്‌ലെറ്റ് ഇൻചാർജായും സ്ഥലം മാറ്റി. ഇതു പ്രകാരം നിതിൻ പാളയം മാവേലി സ്റ്റോറിൽ ചുമതലയേറ്റു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

