യു.ഡി.എഫ് യോഗത്തിൽ കേൾവിക്കാരിയായെത്തി; ജീവനക്കാരിയെ കെ.എസ്.എഫ്.ഇ പിരിച്ചുവിട്ടു
text_fieldsതൃശൂർ: കോർപറേഷൻ പുല്ലഴി ഡിവിഷൻ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് യു.ഡി.എഫിെൻറ തെരഞ്ഞെടുപ്പ് പൊതുയോഗത്തിൽ ശ്രോതാവായെത്തിയ ജീവനക്കാരിയെ കെ.എസ്.എഫ്.ഇയിൽനിന്ന് പിരിച്ചുവിട്ടതായി പരാതി. മൂന്ന് വർഷമായി കെ.എസ്.എഫ്.ഇയിലെ ജൂനിയർ അസി. തസ്തികയിൽ ജോലി ചെയ്യുന്ന ജിൻസി ജോസിനെയാണ് ജോലിയിൽനിന്ന് പിരിച്ചുവിട്ടത്.
പുല്ലഴി ഡിവിഷനിലെ വോട്ടറാണ് ജിൻസി. കഴിഞ്ഞ ദിവസം നടന്ന യു.ഡി.എഫിെൻറ തെരഞ്ഞെടുപ്പ് പ്രചാരണ യോഗത്തിൽ കേൾവിക്കാരിയായി ജിൻസി ജോസ് പങ്കെടുത്തിരുന്നു. ഇതാണ് നടപടിക്ക് കാരണമെന്ന് പറയുന്നു. തെരഞ്ഞെടുപ്പ് യോഗത്തിൽ കേൾവിക്കാരിയായി പങ്കെടുത്തതിന് ജീവനക്കാരിയെ പിരിച്ചുവിട്ട നടപടി ജനാധിപത്യ വിരുദ്ധവും സാമൂഹിക നീതിക്ക് നിരക്കാത്തതുമാണെന്ന് ഡി.സി.സി പ്രസിഡൻറ് എം.പി. വിൻസെൻറ് പറഞ്ഞു.
നടപടിക്കെതിരെ കെ.എസ്.എഫ്.ഇ ഓഫിസിന് മുന്നിൽ കോൺഗ്രസിെൻറ പ്രതിഷേധം നടക്കുമെന്നും വിൻസെൻറ് അറിയിച്ചു. ഡി.വൈ.എഫ്.ഐ ജില്ല വൈസ് പ്രസിഡൻറ് അടക്കമുള്ളവർ കെ.എസ്.എഫ്.ഇയുടെ താൽക്കാലിക ജീവനക്കാരാണ്. തെരഞ്ഞെടുപ്പിൽ മത്സരിച്ച് തോറ്റവരും കെ.എസ്.എഫ്.ഇയിലുണ്ട്. കേൾവിക്കാരിയായി യോഗത്തിനെത്തിയതിന് വീട്ടമ്മയെ ജോലിയിൽനിന്ന് പിരിച്ചുവിട്ടത് ക്രൂരതയും രാഷ്ര്ടീയ ഫാഷിസത്തിന് തെളിവുമാണെന്ന് ടി.എൻ. പ്രതാപൻ എം.പി ആരോപിച്ചു. വിഷയം ചെയർമാെൻറ ശ്രദ്ധയിൽ ഉന്നയിച്ചെങ്കിലും രാഷ്ട്രീയ സമ്മർദത്തെ തുടർന്ന് അവഗണിക്കുകയായിരുന്നെന്ന് പ്രതാപൻ പറഞ്ഞു.