അരിക്കൊമ്പന്റെ വിളയാട്ടം തുടരുന്നു; രണ്ട് വീട് കൂടി തകര്‍ത്തു
text_fieldsഅരിക്കൊമ്പന് തകര്‍ത്ത തൊട്ടിയില്‍ അമ്മിണിയുടെ വീട്
അടിമാലി: അക്രമാസക്തനായ കാട്ടാന അരിക്കൊമ്പൻ രണ്ട് വീടുകൾ കൂടി തകർത്തു. ചിന്നക്കനാല്‍ 301 കോളനിയില്‍ തൊട്ടിയില്‍ അമ്മിണി, ആനയിറങ്കല്‍ സിമന്റ്പാലം സ്വദേശി മോഹനൻ എന്നിവരുടെ വീടുകൾക്ക് നേരെയായിരുന്നു പുലർച്ചെ ഒന്നരയോടെ ആക്രമണം.കിടപ്പു രോഗിയായ അമ്മിണിയും മകള്‍ സാറാമ്മയും മാത്രമാണ് വീട്ടിലുണ്ടായിരുന്നത്.
അടുക്കളഭിത്തി പൂര്‍ണമായും തകര്‍ത്ത അരിക്കൊമ്പന്, വീട്ടുപകരണങ്ങളും നശിപ്പിച്ചു. അമ്മിണിയും മകള്‍ സാറാമ്മയും കിടന്ന മുറിയുടെ ഭിത്തിക്ക് വിള്ളലേറ്റിട്ടുണ്ട്. ഈ സമയം സാറാമ്മ ശബ്ദമുണ്ടാക്കാതെ ഫോണില്‍ അടുത്തുള്ളവരെ വിളിച്ചറിയിക്കുകയും ഗ്യാസ് അടുപ്പ് കത്തിച്ചുവെക്കുകയും ചെയ്തു. ഭക്ഷണ സാധ്നങ്ങളൊന്നും ലഭിക്കാത്തതിനാല്‍ പെട്ടെന്ന് തന്നെ ഒറ്റയാന് മടങ്ങി.
പിന്നീട് ആനയിറങ്കല്‍ ജലാശയം നീന്തിക്കടന്ന് മറു കരയിലെത്തിയ അരിക്കൊമ്പന് മോഹനന്റെ വീടിന്റെ വാതില്‍ തകര്‍ത്തു. വീടിനകത്ത് മോഹനനും കുടുംബവും ഉണ്ടായിരുന്നെങ്കിലും ആന കൂടുതല്‍ അക്രമത്തിന് മുതിരാതെ തിരികെ പോയി.ആക്രമണം തുടരുന്ന പശ്ചാത്തലത്തിൽ അരിക്കൊമ്പനെ മയക്കുവെടി വെച്ച് പിടികൂടാനുളള നടപടികൾ വനം വകുപ്പ് വേഗത്തിലാക്കി. ഡോ. അരുൺ സഖറിയയുടെ നേതൃത്വത്തിലുള്ള സംഘം പത്താം തീയതിയോടെ ഇടുക്കിയിൽ എത്തുമെന്നാണ് വിവരം.