തെരഞ്ഞെടുപ്പ് പ്രചാരണം ഇവർക്ക് കുടുംബകാര്യം
text_fieldsലത്തീഫ് മുഹമ്മദ്, ജസീല ലത്തീഫ്
തൊടുപുഴ: തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പില്‍ ഭാര്യയും ഭര്‍ത്താവും സ്ഥാനാര്‍ഥികള്‍. ഓരോ ദിവസവും വീട്ടുകാര്യങ്ങെളല്ലാം നേരത്തേ പൂര്‍ത്തിയാക്കി പ്രചാരണത്തിനിറങ്ങി വോട്ടുകള്‍ ഉറപ്പിക്കുകയാണ് ഈ ദമ്പതികള്‍. ഇടവെട്ടി പഞ്ചായത്തിലെ വാർഡ് നാലിൽ (ഗാന്ധി നഗർ) ലത്തീഫ് മുഹമ്മദും വാർഡ് രണ്ട് തൊണ്ടിക്കുഴിയിൽ ഭാര്യ ജസീല ലത്തീഫുമാണ് യു.ഡി.എഫ് സ്ഥാനാർഥികളായി മത്സരിക്കുന്നത്. കഴിഞ്ഞ തവണ ലത്തീഫ് വാർഡ് രണ്ടിലും ജസീല ഗാന്ധിനഗറിലും മത്സരിച്ച് വിജയിച്ചിരുന്നു. ഇരുവരും പഞ്ചായത്ത് പ്രസിഡൻറ് പദവിയിലും എത്തിയിട്ടുണ്ട്.
ലത്തീഫ് അഞ്ചാം തവണയും ജസീല നാലാം തവണയുമാണ് ഇടവെട്ടി പഞ്ചായത്തിൽ ജനവിധി തേടുന്നത്. എല്ലാ ദിവസവും രാവിലെ എട്ടോടെ ലത്തീഫ് പ്രചാരണത്തിനിറങ്ങും.
കോവിഡ് കാലമായതിനാൽ പലപ്പോഴും തനിച്ചാണ് വോട്ടഭ്യർഥന. ചിലപ്പോൾ ഒന്നോ രണ്ടോ പ്രവർത്തകരുണ്ടാകും. വീട്ടുജോലികളൊക്കെ തീർത്ത് പത്ത് മണിയോടെ ജസീലയും പ്രചാരണത്തിൽ സജീവമാകും. മകനെയും ഒപ്പം കൂട്ടും. തങ്ങൾ പ്രതിനിധാനം ചെയ്യുന്ന വാർഡിലെ േവാട്ടർമാരോട് പുലർത്തുന്ന സമീപനമാണ് ഒരോ തവണത്തെ വിജയത്തിനു പിന്നിലുമെന്ന് ഇരുവരും പറയുന്നു.
ബുധനാഴ്ച ഇരുവരും നാമനിർദേശ പത്രിക നൽകി. സലൂജ, സഫൽ, സൈനൻ എന്നിവരാണ് മക്കൾ. മൂവരും വിദ്യാർഥികളാണ്.