സ്വപ്ന വീട് യാഥാർഥ്യമായി; പക്ഷേ, കാണാൻ സൻഹയില്ല
text_fieldsമകൾ സൻഹ മഹ്റിൻ, അലി സഖാഫിയുടെ പുതിയ വീട്
ചെറുതുരുത്തി: പിഞ്ചോമന മകളുടെ വലിയ ആഗ്രഹമായിരുന്നു സ്വന്തമായി പുതിയ ഒരു വീടെന്നത്. എന്നാൽ, ആ സ്വപ്നം യാഥാർഥ്യമായപ്പോൾ അത് കാണാൻ അവളില്ലല്ലോയെന്ന സങ്കടത്തിലാണ് അലി സഖാഫിയും കുടുംബവും. അവളുടെ ഓർമക്ക് മുന്നിൽ കണ്ണീരോടെ നാളെ അവർ പുതിയ വീട്ടിലേക്ക് താമസം മാറുകയാണ്. വള്ളത്തോൾ നഗർ ഗ്രാമപഞ്ചായത്തിലെ താഴപ്ര കോടംകുന്നത്ത് വീട്ടിൽ അലി സഖാഫിയുടെയും അഫ്നയുടെയും ഏക മകൾ സൻഹ മഹ്റിൻ (7) ഏപ്രിൽ 28നാണ് മണ്ണാർക്കാട്ടെ ബന്ധു വീട്ടിലേക്ക് പോകുന്നതിനിടെ കുഴഞ്ഞ് വീണ് മരിച്ചത്.
സമീപത്തെ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മരണകാരണമറിയാതെ ആശങ്കയിലായിരുന്നു വീട്ടുകാർ. പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ മരണകാരണം പേ വിഷബാധയാണെന്ന് തെളിഞ്ഞു. കുട്ടി പൂച്ചകളുമായി സമ്പർക്കം പുലർത്തിയിരുന്നെന്ന് പിന്നീട് തെളിഞ്ഞു.
തുടർന്ന് വീട്ടിലും സമീപത്തുമുള്ള 16 പേർക്ക് കുത്തിവെപ്പെടുത്തു. സ്വന്തമായി വീടിലാത്ത അലി സഖാഫിയുടെ കുടുംബത്തിന് സുന്നി ഇംഇയ്യത്തുൽ മുഅല്ലിമീനാണ് വീട് നിർമ്മിച്ച് നൽകിയത്. ദാറുൽ മുഅല്ലിം ഭവന പദ്ധതിയുടെ ജില്ലയിലെ രണ്ടാമത്തെ വീടാണിത്. താക്കോൽദാനം വ്യാഴാഴ്ച രാവിലെ പത്തിന് അലി ബാഖഫി തങ്ങളുടെ നേതൃത്വത്തിൽ താഴെപ്പറയിൽ നടക്കും. സഹലാണ് സൻഹ മഹ്റിന്റെ സഹോദരൻ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

