എസ്.ഐ.ആർ കരട് പട്ടിക ഇന്ന് ഉച്ചയ്ക്ക് മൂന്ന് മണിക്ക് പ്രസിദ്ധീകരിക്കും; നിലവിൽ പ്രചരിക്കുന്നത് എസ്.ഐ.ആർ പട്ടികയല്ല
text_fieldsതിരുവനന്തപുരം: സംസ്ഥാനത്തെ എസ്.ഐ.ആർ കരട് പട്ടിക ഇന്ന് ഉച്ചക്ക് മൂന്ന് മണിക്ക് പ്രസിദ്ധീകരിക്കുമെന്ന് മുഖ്യതെരഞ്ഞെടുപ്പ് ഓഫീസറുടെ ഓഫീസ് അറിയിച്ചു. നിലവിൽ പ്രചരിക്കുന്ന പട്ടികക്ക് കരട് പട്ടികയുമായി യാതൊരു ബന്ധവുമില്ലെന്നും അറിയിച്ചു.
2025 ഒക്ടോബറിലെ വോട്ടർ പട്ടികയിലുണ്ടായിരുന്ന 2.78 കോടി പേർക്കാണ് എന്യൂമറേഷൻ ഫോം വിതരണം ചെയ്തത്. ഇതിൽ 2.54 കോടി പേർ ഫോം പൂരിപ്പിച്ച് തിരികെയേൽപിച്ചു. 24 ലക്ഷം പേരെ കണ്ടെത്താനായിട്ടില്ലെന്നാണ് കമീഷന്‍റെ വിലയിരുത്തൽ. ഇവരുടെ ബൂത്ത് അടിസ്ഥാനത്തിലുള്ള പട്ടിക പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഫലത്തിൽ 2.54 കോടി പേരുടെ പട്ടികയാണ് കരടിലുണ്ടാവുക. കണ്ടെത്താനാകാത്ത 24 ലക്ഷം പേരുടെ പട്ടിക അനുബന്ധമായുണ്ടാകും.
കരട് പട്ടിക സംബന്ധിച്ച ആക്ഷേപങ്ങളും പരാതികളും ചൊവ്വാഴ്ച മുതൽ തന്നെ സമർപ്പിക്കാം. ജനുവരി 22 വരെയാണ് ഇതിനുള്ള സമയം. എന്യൂമറേഷൻ ഘട്ടത്തിൽ ഫോം സമർപ്പിക്കാൻ കഴിയാത്ത ‘കണ്ടെത്താനാകാത്തവരുടെ’ പട്ടികയിലുള്ളവർക്ക് ഡിക്ലറേഷനും ഫോം 6 ഉം നൽകി എസ്.ഐ.ആറിന്‍റെ ഭാഗമാകാനും അവസരമുണ്ട്. ഇതേ സമയപരിധിയിൽ തന്നെ എന്യൂമറേഷൻ ഫോം പൂരിപ്പിച്ച് നൽകിയവരിൽ മതിയായ വിവരങ്ങൾ നൽകാത്തവർക്ക് ഇ.ആർ.ഒമാർ നോട്ടീസ് നൽകും.
2002ലെ പട്ടികയിലുള്ളവരോ അല്ലെങ്കിൽ 2002ലെ പട്ടികയിൽ രക്ഷിതാക്കളോ അവരുടെ മാതാപിതാക്കളോ ഉൾപ്പെട്ടവരോ തിരിച്ചറിയൽ രേഖ സമർപ്പിക്കേണ്ടി വരില്ല. അല്ലാത്തവർ രേഖകൾ നൽകേണ്ടി വരും. നിയോജക മണ്ഡലങ്ങളിലെ ഇ.ആർ.ഒമാരാണ് നോട്ടീസ് നൽകി ഹിയറിങ് നടത്തുക.
കരട് പട്ടികയിലുള്ളയാളെ ഹിയറിങ്ങിന് ശേഷം ഇ.ആർ.ഒ പട്ടികയിൽനിന്ന് ഒഴിവാക്കുന്ന പക്ഷം 15 ദിവസത്തിനകം ജില്ല തെരഞ്ഞെടുപ്പ് ഓഫിസർ കൂടിയായ കലക്ടർക്ക് അപ്പീൽ നൽകാം. കലക്ടറുടെ തീരുമാനത്തിലും അതൃപ്തിയുള്ള പക്ഷം മുഖ്യതെരഞ്ഞെടുപ്പ് ഓഫിസർക്ക് രണ്ടാം അപ്പീൽ സമർപ്പിക്കാം. ഇ.ആർ.ഒയുടെ തീരുമാനം വന്ന് 30 ദിവസത്തിനകമായിരിക്കണം രണ്ടാം അപ്പീൽ സമർപ്പിക്കേണ്ടത്. ഫെബ്രുവരി 21 നാണ് അന്തിമ പട്ടിക പ്രസിദ്ധീകരിക്കുക.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

