മിണ്ടാപ്രാണിയോട് കൊടും ക്രൂരത; നായെ ബൈക്കില്‍ കെട്ടി റോഡിലൂടെ വലിച്ചിഴച്ചു
text_fieldsഎടക്കര: നായെ ബൈക്കിന് പിറകില്‍ കെട്ടി റോഡിലൂടെ കിലോമീറ്ററോളം വലിച്ചിഴച്ച് കൊടും ക്രൂരത. സംഭവത്തിൽ ചുങ്കത്തറ പൂക്കോട്ടുമണ്ണ സ്കൂളിന് സമീപം പുത്തന്‍ പീടിക അബ്ദുല്‍ കരീമിനെതിരെ എടക്കര പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ചുങ്കത്തറ പഞ്ചായത്തിലെ പുലിമുണ്ടയില്‍ തിങ്കളാഴ്ച രാത്രി 11.30ഓടെയാണ് സംഭവം.
ജോലി കഴിഞ്ഞ് വീട്ടിലേക്ക് പോവുകയായിരുന്ന പുലിമുണ്ടയിലെ യുവാവാണ് കരളലിയിക്കുന്ന കാഴ്ച കണ്ടത്. ബൈക്കില്‍ കെട്ടിയ കയറില്‍ നായെ ബന്ധിച്ച് റോഡിലൂടെ വേഗത്തില്‍ വലിച്ചിഴച്ച് കൊണ്ടുപോകുന്നയാളോട് നിര്‍ത്താന്‍ യുവാവ് ആവശ്യപ്പെട്ടെങ്കിലും തയാറായില്ല.
പിന്നീട് വാഹനത്തെ പിന്തുടര്ന്ന് ബൈക്ക് നിര്‍ത്തിച്ച ശേഷം ദൃശ്യങ്ങള്‍ പകർത്തി. വിഡിയോ സമൂഹമാധ്യമങ്ങളിലൂടെ വ്യാപകമായി പ്രചരിച്ചതോടെ എടക്കര പൊലീസ് സ്വമേധയാ കേസെടുക്കുകയായിരുന്നു. എന്നാല്‍, പ്രതിയെ കണ്ടെത്താനായിട്ടില്ല.

