ലൈംഗികാതിക്രമ കേസിൽ കോടതി ശിക്ഷിച്ച ഡോക്ടർക്ക് ഒടുവിൽ സസ്പെൻഷൻ
text_fieldsകൽപറ്റ: ചികിത്സക്കെത്തിയ പെൺകുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചെന്ന കേസിൽ കുറ്റക്കാരനെന്നു കോടതി കണ്ടെത്തിയ ഡോക്ടര്‍ക്ക് ഒടുവിൽ സസ്പെന്ഷന്. മാനന്തവാടി വയനാട് ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയിലെ മാനസികാരോഗ്യ വിദഗ്ധന്‍ ജോസ്റ്റിന്‍ ഫ്രാന്‍സിസിനെയാണ് ആരോഗ്യവകുപ്പ് ഡയറക്ടർ ഡോ. കെ.ജെ. റീന സസ്പെന്‍ഡ് ചെയ്തത്.
ലൈംഗികാതിക്രമ കേസിൽ ശിക്ഷിച്ച ഡോക്ടർക്കെതിരെ നടപടി സ്വീകരിക്കാതെ വിധി വന്നശേഷവും എസ്.എസ്.എല്‍.സി പരീക്ഷയെഴുതുന്ന പഠനവൈകല്യമുള്ള കുട്ടികൾക്ക് മെഡിക്കൽ സർട്ടിഫിക്കറ്റ് നൽകുന്നതിനുള്ള ക്യാമ്പിന്റെ ചുമതല ഏൽപിച്ചത് ‘മാധ്യമം’ റിപ്പോർട്ട് ചെയ്തിരുന്നു. വാർത്തയെ തുടർന്ന് ആരോഗ്യ വകുപ്പിന്റെ നടപടിക്കെതിരെ വിവിധ സംഘടനകളുടെ നേതൃത്വത്തിൽ ജില്ലയിൽ വൻ പ്രതിഷേധം ഉയർന്നിരുന്നു.
തുടർന്ന് കഴിഞ്ഞ ദിവസം എൽ.ഡി ക്യാമ്പിന്റെ ചുമതലയിൽനിന്ന് ഡോ. ജോസ്റ്റിനെ മാറ്റിനിർത്തി കണ്ണിൽ പൊടിയിടാനുള്ള ആരോഗ്യ വകുപ്പിന്റെ നടപടിയും വിവാദമായി. ഇതേത്തുടർന്നാണ് ഡോക്ടറെ സർവിസിൽനിന്ന് സസ്പെൻഡ് ചെയ്തുകൊണ്ടുള്ള ഉത്തരവിറങ്ങിയത്.
2020 ഒക്ടോബറിലാണ് ഡോക്ടര്‍ക്കെതിരെ പീഡനശ്രമ പരാതി ഉയര്‍ന്നത്. കേസില്‍ കുറ്റക്കാരനെന്നു കണ്ടെത്തിയ ഡോക്ടര്‍ക്ക് കൽപറ്റ ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതി രണ്ടുവര്‍ഷം തടവും 20,000 രൂപ പിഴയുമാണ് ശിക്ഷ വിധിച്ചത്. കോടതിവിധി വന്നിട്ടും ഡോക്ടറെ സർക്കാർ സർവിസിൽനിന്ന് മാറ്റിനിർത്താൻ ബന്ധപ്പെട്ടവർ തയാറായിരുന്നില്ല.
എറണാകുളം മൂവാറ്റുപുഴ സ്വദേശിയായ ഡോക്ടർ കൽപറ്റ പുതിയ ബസ് സ്റ്റാൻഡിനു സമീപം നടത്തുന്ന സ്വകാര്യ ക്ലിനിക്കിൽ വിഷാദരോഗത്തിന് ചികിത്സ തേടിയെത്തിയ പെൺകുട്ടിയോട് ലൈംഗികാതിക്രമം നടത്തുകയായിരുന്നുവെന്നാണ് കേസ്.
ജില്ല മാനസികാരോഗ്യ പരിപാടിയുടെയും വിമുക്തി പദ്ധതിയുടെയും നോഡല്‍ ഓഫിസറായിരുന്ന ജോസ്റ്റിന്‍ ഫ്രാന്‍സിസ് കെ.ജി.എം.ഒ.എ മുന്‍ ജില്ല പ്രസിഡന്റ് കൂടിയായിരുന്നു.
കോടതി കുറ്റക്കാരനെന്നു കണ്ടെത്തിയിട്ടും സര്‍വിസില്‍ തുടരുന്നത് ഭരണാനുകൂല സംഘടനകളുടെ പിന്തുണകൊണ്ടാണെന്ന് ആരോപണം ഉയർന്നിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

