'ഭാര്യയുടെ രോഗത്തിൽ വിഷമമുണ്ടെങ്കിൽ ബാറില്‍ പോയി രണ്ടെണ്ണമടിച്ചാൽ മതി'; ചികിത്സക്ക് എത്തിയ ദമ്പതികൾക്ക് പരിഹാസ കുറിപ്പടി നൽകി ഡോക്ടർ
text_fieldsഗുരുവായൂര്‍: സ്വകാര്യ ആശുപത്രിയില്‍ കാലിന് വേദനയുമായി ചെന്ന രോഗിക്കും ഭര്‍ത്താവിനും ഡോക്ടറുടെ പരിഹാസം. ഭാര്യയുടെ വേദന അലട്ടുന്നുണ്ടെങ്കില്‍ ബാറില്‍ പോയി രണ്ടെണ്ണമടിച്ചാല്‍ മതിയെന്നാണ് ഡോക്ടർ നൽകിയ കുറിപ്പടിയിൽ എഴുതിയിരിക്കുന്നത്. വിശ്രമിക്കേണ്ട ആവശ്യമില്ലെന്നും ഓടിച്ചാടി നടന്നാല്‍ വേദന മാറുമെന്നും ഡോക്ടര്‍ പറഞ്ഞതായും ചികിത്സ തേടിയെത്തിയ ദമ്പതികൾ പറയുന്നു.
തൃശ്ശൂര്‍ ദയ ആശുപത്രിയില്‍ ചികിത്സയ്‌ക്കെത്തിയ ഗുരുവായൂര്‍ മമ്മിയൂര്‍ കോക്കൂര്‍ വീട്ടില്‍ അനില്‍കുമാറിനും ഭാര്യ പ്രിയ (44)യ്ക്കുമാണ് ദുരനുഭവമുണ്ടായത്. വടക്കേക്കാട് പ്രാഥമികാരോഗ്യകേന്ദ്രത്തില്‍ ജീവനക്കാരിയായ പ്രിയയ്ക്ക് രണ്ടു വര്‍ഷത്തിലേറെയായി കാലിന് വേദനയുണ്ട്. വ്യാഴാഴ്ച ഉച്ചയ്ക്കാണ് ഇവര്‍ തൃശ്ശൂരിലെ ആശുപത്രിയില്‍ എത്തിയത്. ഇവിടത്തെ വാസ്‌കുലര്‍ സര്‍ജറി വിഭാഗത്തിലെ കണ്‍സള്‍ട്ടന്റ് ഡോ. റോയ് വര്‍ഗീസാണ് അപഹസിക്കും വിധം കുറിപ്പെഴുതി നല്‍കിയത്.
ഡോക്ടറെക്കണ്ട് വേദനയുണ്ടെന്ന് പറഞ്ഞപ്പോള്‍ എക്സ്റേ എടുക്കാനായിരുന്നു ആദ്യ നിര്‍ദേശം.അരമണിക്കൂറിനകം എക്സ്റേ എടുത്ത് ഡോക്ടറുടെ അടുത്ത് തിരിച്ചെത്തി. വല്ലതും മനസ്സിലായോ എന്നായിരുന്നു അപ്പോഴത്തെ ചോദ്യം. നീര്‍ക്കെട്ടുള്ളതിനാല്‍ വേറെ ഡോക്ടറെ കാണിച്ചോളൂവെന്നും ഫിസിയോതെറാപ്പി ചെയ്താല്‍ നന്നായിരിക്കുമെന്നും നിര്‍ദേശിച്ചു. ഭാര്യയ്ക്ക് കാലുകള്‍ നിലത്തുവെയ്ക്കാന്‍ പറ്റാത്തത്ര വേദനയാണെന്നും എന്തെങ്കിലും മരുന്നെഴുതി തരണമെന്നും പറഞ്ഞപ്പോഴാണ് തനിക്ക് നേരെ പരിഹാസവാക്കുകള്‍ ചൊരിഞ്ഞതെന്ന് അനില്‍ പറഞ്ഞു. ഉടന്‍ തന്നെ കുറിപ്പടിയെഴുതിക്കൊടുത്തു.
മെഡിക്കല്‍ ഷോപ്പില്‍ ചെന്നപ്പോള്‍ കുറിപ്പടി വായിച്ച് ജീവനക്കാര്‍ ചിരിച്ചപ്പോഴാണ് അനില്‍ കാര്യം അറിഞ്ഞത്. 'നോ റെസ്റ്റ് ഫോര്‍ ബെഡ്. കെട്ടിയോന്‍ വിസിറ്റ് ടു ബാര്‍ ഈഫ് എനി പ്രോബ്ളം' എന്നാണ് ഇംഗ്ലീഷിൽ എഴുതിയത്. ഇത് വായിച്ചതോടെ തങ്ങള്‍ കടുത്ത മാനസികപ്രയാസത്തിലായെന്ന് പ്രിയ പറഞ്ഞു. ഡോക്ടര്‍ക്കെതിരേ മുഖ്യമന്ത്രിക്ക് പരാതി നല്‍കുമെന്ന് അനില്‍ പറഞ്ഞു. അതേസമയം ഡോക്ടറുടെ കുറിപ്പടിയില്‍ രോഗിയുടെ പേരില്ല.
ഡോക്ടറെ പിരിച്ചുവിട്ടെന്ന് ആശുപത്രി അധികൃതര്‍
സംഭവവുമായി ബന്ധപ്പെട്ട് രോഗി പരാതി നല്‍കിയിട്ടില്ലെന്നും മാധ്യമങ്ങളിലൂടെയാണ് വിവരമറിഞ്ഞതെന്നും ആശുപത്രി അധികൃതര്‍ അറിയിച്ചു. രോഗി മാധ്യമങ്ങൾക്കു മുന്നിൽ ഹാജരാക്കിയ കുറിപ്പിൽ രോഗിയുടെ പേരോ മരുന്നിന്റെ പേരോ രേഖപ്പെടുത്തിയിട്ടില്ലെന്നും മെഡിക്കൽ പ്രിസ്ക്രിപ്ഷനായി ഇത് കരുതനാവില്ലെന്നും ആശുപത്രി മാനേജ്മെന്റ് വിശദീകരിക്കുന്നു. ഡോ. റോയ് വര്‍ഗീസിനോട് വിശദീകരണമാവശ്യപ്പെട്ടെന്നും മറുപടി തൃപ്തികരമല്ലാത്തതിനാല്‍ പിരിച്ചുവിട്ടെന്നും അധികൃതര്‍ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

