രാജകുടുംബം പങ്കെടുക്കാത്തത് അനാരോഗ്യം മൂലമെന്ന് ദേവസ്വം ബോര്‍ഡ് പ്രസിഡന്‍റ്
text_fieldsതിരുവനന്തപുരം: ക്ഷേത്രപ്രവേശന വിളംബര വാർഷികത്തിൽ തിരുവിതാംകൂർ രാജകുടുംബം പങ്കെടുക്കാത്തത് അനാരോഗ്യം മൂലമാണെന്ന് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്‍റ് അഡ്വ. കെ. അനന്തഗോപൻ പറഞ്ഞു. രണ്ടുപേർക്കും സുഖമില്ലെന്നാണ് അറിയിച്ചതെന്ന് അദ്ദേഹം പറഞ്ഞു. ക്ഷേത്ര പ്രവേശന വിളംബരത്തിന്റെ 87-ാം വാർഷികത്തോടനുബന്ധിച്ച് ഇന്ന് നന്തന്‍കോടുള്ള ദേവസ്വം ബോർഡ് ആസ്ഥാനത്താണ് പരിപാടി നടക്കുന്നത്.
വിവാദമായ നോട്ടീസ് തയാറാക്കിയ ഉദ്യോഗസ്ഥരോട് വിശദീകരണം തേടുമെന്ന് കെ. അനന്തഗോപൻ പറഞ്ഞു. 'തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ 50-ാം വാർഷികത്തോടനുബന്ധിച്ചാണ് ചിത്തിര തിരുനാൾ രാജാവിന്റെ പ്രതിമ ദേവസ്വം ബോര്‍ഡ് ആസ്ഥാനത്ത് സ്ഥാപിതമായത്. ദീർഘനാളായി മോശമായി കിടക്കുന്ന അവസ്ഥയിലായിരുന്നു പ്രതിമയും പരിസരവും. അത് നവീകരിച്ച് നല്ലനിലയിൽ നിലനിർത്തുക എന്നത് മാത്രമാണ് ദേവസ്വം ബോർഡ് ഉദ്ദേശിച്ചത്. എന്നാൽ, ഇതുസംബന്ധിച്ച നോട്ടീസിലെ ആശയങ്ങൾ തെറ്റായി വ്യാഖ്യാനിക്കാൻ ഇടയായി' -അനന്തഗോപന്‍ പറഞ്ഞു.
‘തിരുവിതാംകൂര്‍ രാജ്ഞിമാരായ പൂയം തിരുനാള്‍ ഗൗരീപാര്‍വതീഭായിയും അശ്വതി തിരുനാള്‍ ഗൗരീലക്ഷ്മീഭായിയും ചടങ്ങില്‍ ഭദ്രദീപം കൊളുത്തും’ എന്നാണ് നോട്ടീസിലുണ്ടായിരുന്നത്. എന്നാൽ, നോട്ടീസിലെ പദപ്രയോഗങ്ങൾ വിവാദമായതോടെ തങ്ങൾ പങ്കെടുക്കില്ലെന്ന് ഇവർ അറിയിക്കുകയായിരുന്നു. വിവാദത്തിന്‍റെ പശ്ചാത്തലത്തിൽ ചടങ്ങിൽ പുഷ്‌പാർച്ചന മാത്രമേ ഉണ്ടാവൂ. ഇന്ന് ദേവസ്വം ബോർഡ് യോഗം വിഷയം ചർച്ചചെയ്യും.
ബോർഡിന്റെ സാംസ്കാരിക - പുരാവസ്തു വിഭാഗം മേധാവി ബി. മധുസൂദനൻ നായരാണ് നോട്ടീസ് തയാറാക്കിയത്. നാടുവാഴിത്തത്തെ വാഴ്‌ത്തുന്ന നോട്ടീസ് ക്ഷേത്രപ്രവേശനത്തെ തമസ്കരിക്കുന്നതായി വിമർശനമുയർന്നിരുന്നു. തിരുമനസ്, രാജ്ഞി തുടങ്ങി രാജഭരണത്തിൽ മാത്രം കേട്ടിട്ടുള്ള ചില പ്രയോഗങ്ങൾ ഉൾപ്പെടുത്തിക്കൊണ്ടായിരുന്നു നോട്ടീസ് തയാറാക്കിയത്. ഇതിനെതിരെ വ്യാപകമായ വിമർശനമാണ് ഉയർന്നത്. തുടർന്ന് ദേവസ്വം ബോർഡ് നോട്ടീസ് പിൻവലിച്ചിരുന്നു. ദേവസ്വം ബോർഡിന്റെ വിവാദ നോട്ടീസ് പരിശോധിക്കുമെന്ന് മന്ത്രി കെ. രാധാകൃഷ്ണൻ അറിയിച്ചിരുന്നു. അതേസമയം പിഴവ് സംഭവിച്ചത് യാദൃശ്ചികമായാണെന്നും ദുരുദ്ദേശ്യത്തോടെ തയാറാക്കിയതല്ല എന്നുമാണ് വിവാദത്തിൽ ദേവസ്വം ബോർഡ് പ്രതികരിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

