ആളുന്നു നെഞ്ചിൽ തീ
text_fieldsഹിന്ദുസ്ഥാൻ പെട്രോളിയം പ്ലാന്റിൽ നിന്നും ഓടയിലൂടെ
ഒഴുകിവന്ന ഡീസൽ നാട്ടുകാർ കൊണ്ടുപോകാനായി
കുപ്പിയിലാക്കുന്നു
എലത്തൂർ: ജനങ്ങളുടെ ജീവന് ഭീഷണിയായാണ് എച്ച്.പി.സി.എൽ പ്ലാന്റ് പ്രവർത്തിക്കുന്നതെന്ന ആക്ഷേപം ബലപ്പെടുകയാണെന്ന് പ്രദേശവാസികൾ. ബുധനാഴ്ച വൈകീട്ട് നാലരയോടെ ഡിപ്പോയിലെ ചോർച്ചമൂലം ഡീസൽ സമീപത്തെ ഓവുചാലുകളിലൂടെ പുറത്തെത്തിയത് ഗുരുതര വീഴ്ചയാണെന്നാണ് ജില്ല കലക്ടർ വിലയിരുത്തിയത് സമീപവാസികൾ ഉയർത്തിയ അപകട ഭീഷണിയിലേക്കാണ് വിരൽ ചൂണ്ടുന്നത്.
അപകടഭീഷണിയെത്തുടർന്ന് പ്ലാന്റ് മാറ്റണമെന്നാവശ്യപ്പെട്ട് പല ഘട്ടങ്ങളിലും ആക്ഷൻ കമ്മിറ്റിയുടെ നേതൃത്വത്തിൽ സമരം നടന്നിരുന്നു.
സുരക്ഷാവീഴ്ച തുടർച്ച
ചോർച്ചയെത്തുടർന്ന് ഡിപ്പോ കോമ്പൗണ്ടിനുള്ളിൽ കെട്ടിക്കിടന്ന ഡീസൽ അപകടഭീഷണിയില്ലാതെ ശേഖരിക്കുകയോ സംസ്കരിക്കുകയോ ചെയ്യേണ്ടുന്നതിനുപകരം ഓവുചാലിലേക്ക് ഒഴുക്കിവിട്ട് വൻ അപകടഭീഷണി ഉയർത്തുകയായിരുന്നുവെന്നാണ് നാട്ടുകാർ പറയുന്നത്.
നൂറുകണക്കിന് വാഹനങ്ങൾ കടന്നുപോകുന്ന ദേശീയപാതക്കരികിലെ ഓവുചാലിലേക്ക് ഒഴുക്കിവിട്ടത് വൻ അപകട ഭീഷണിയായിരുന്നു വരുത്തിവെച്ചത്. ചോർച്ചയുണ്ടായാൽ അടിസ്ഥാന സംവിധാനംപോലും ഡിപ്പോയിൽ ഇല്ലെന്നാണ് ഇത് തെളിയിക്കുന്നതെന്നും സമീപവാസികൾക്ക് വൻ അപകടസാധ്യതയാണ് ഇവിടെയുള്ളതെന്നും പ്രദേശവാസിയായ സമീർ വാളിയിൽ പറഞ്ഞു.
മുമ്പ് മൂന്നു തവണ സമാനമായ സംഭവം ഉണ്ടായിരുന്നതായും കുട്ടികളും സ്ത്രീകളും ഉൾപ്പെടെയുള്ളവർക്ക് അസ്വാസ്ഥ്യം ഉണ്ടായിരുന്നതായും സമീർ പറഞ്ഞു.
അപകടം മറച്ചുവെക്കാൻ ശ്രമം
ചോർച്ചമൂലം ഡീസൽ പരന്നൊഴുകിയതിന്റെ ഗൗരവം പൊതുജനങ്ങൾ അറിയാതിരിക്കാൻ ശേഖരിച്ചുവെച്ച പത്തുബാരലോളം ഡീസൽ സംഭവസ്ഥലത്തുനിന്ന് നീക്കാൻ ചില ജനപ്രതിനിധികളെയും ഡിപ്പോ ജീവനക്കാരെയും സ്വാധീനിച്ച് എച്ച്.പി.സി.എൽ അധികൃതർ രാത്രിതന്നെ ശ്രമിച്ചിരുന്നു.
ഇവ മാറ്റാൻ ക്രെയിനും മിനിലോറിയും എത്തിയെങ്കിലും ഷിബു ചന്ദ്രോദയത്തിന്റെ നേതൃത്വത്തിൽ ജനങ്ങൾ തടയുകയും ബന്ധപ്പെട്ടവർ എത്തി സുരക്ഷാ പ്രശ്നം ആവർത്തിക്കില്ലെന്ന ഉറപ്പുവേണമെന്നും ശഠിച്ചതിനെത്തുടർന്ന് മാറ്റാനുള്ള നീക്കം ഉപേക്ഷിക്കുകയായിരുന്നു.
ഇവിടെ മുമ്പ് പലതവണ തീപിടിത്തം ഉണ്ടായിട്ടുണ്ടെന്നും നാട്ടുകാർ പറഞ്ഞു. നൂറു കണക്കിന് കുടുംബങ്ങൾ തിങ്ങിത്താമസിക്കുന്ന സ്ഥലമാണിത്. സുരക്ഷയുറപ്പാക്കുന്നതിനുവേണ്ടി ഒന്നരവർഷത്തോളം അടച്ചിട്ട ഡിപ്പോയിൽ വീണ്ടും സുരക്ഷാ പ്രശ്നമയരുന്നത് ആശങ്കക്കിടയാക്കുകയാണ്.
ഭാവിയിൽ ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ മുൻകരുതൽ നടപടികൾ സ്വീകരിക്കുമെന്ന് എച്ച്.പി.സി.എല് ഡിപ്പോ മാനേജർ സി. വിനയൻ പ്രതിഷേധക്കാരെ അറിയിച്ചിരുന്നു. ഓവുചാലിലൂടെ ഡീസൽ പരന്നൊഴുകിയതിനെത്തുടർന്ന് ഒന്നര കിലോമീറ്ററോളം ദൂരത്തിൽ മണ്ണും ജലാശയങ്ങളും മലിനമായെന്നാണ് വിലയിരുത്തൽ. മത്സ്യങ്ങൾ ചത്തുപൊങ്ങി പുഴയിലെത്തിയതായി നാട്ടുകാർ പറഞ്ഞു.
എന്നാൽ, സംയുക്ത പരിശോധക സംഘത്തിന് ചത്തുപൊങ്ങിയ മത്സ്യങ്ങളെ കണ്ടെത്താനായില്ല. ജലസ്രോതസ്സുകളിലെ വിവിധ ഭാഗങ്ങളിൽനിന്ന് ശേഖരിച്ച വെള്ളത്തിൽ ഡീസലിന്റെ അംശം കണ്ടെത്തി.
ഡീസൽ ചോർച്ച ശ്രദ്ധയിൽപെടുത്തിയപ്പോൾ ഡിപ്പോ അധികൃതർ ആദ്യം നിസ്സാരമായി തള്ളുകയായിരുന്നുവത്രെ. പൊലീസിനെ ഉപയോഗിച്ച് ഭീഷണിപ്പെടുത്താനാണ് ശ്രമിച്ചതെന്നും സമീപവാസികൾ പറയുന്നു.രണ്ടായിരത്തോളം ലിറ്റർ ഡീസൽ ഒഴുകിയിട്ടും അധികൃതർ അറിഞ്ഞില്ലെന്നത് ഗുരുതര വീഴ്ചയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

