കട തുറക്കണമെന്ന ആവശ്യം അംഗീകരിക്കാനാവില്ല; നിയമലംഘനം നേരിടാൻ അറിയാം -മുഖ്യമന്ത്രി
text_fieldsന്യൂഡൽഹി: മുഴുവൻ കടകളും തുറക്കണമെന്ന വ്യാപാരികളുടെ ആവശ്യം അംഗീകരിക്കാനാവില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. നിയമലംഘനം നടന്നാൽ എങ്ങനെ നേരിടണമെന്ന് അറിയാം. അത് മനസ്സിലാക്കി കളിച്ചാൽ മതിയെന്നും മുഖ്യമന്ത്രി പറഞ്ഞു. സർക്കാർ അനുമതി നൽകിയില്ലെങ്കിലും വ്യാഴാഴ്ച മുതൽ മുഴുവൻ കടകളും തുറക്കുമെന്ന് വ്യാപാരികൾ വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് മുഖ്യമന്ത്രി ഇക്കാര്യത്തിൽ നിലപാട് അറിയിച്ചത്.
കട തുറക്കണമെന്നത് എല്ലാവരുടെയും ആഗ്രഹമാണ്. എന്നാൽ സാഹചര്യമാണ് ഇപ്പോഴുള്ള നിയന്ത്രണങ്ങൾക്കിടയാക്കിയത്. കോവിഡ് രോഗബാധ പടർന്നു പിടിച്ച് ആളുകളുടെ ജീവൻ അപകടത്തിലാവുന്ന അവസ്ഥ തടയാൻ നമ്മൾ ഓരോരുത്തരും ബാധ്യസ്ഥരാണ് എന്നോർക്കണം. നാടിന്‍റെ രക്ഷയെ കരുതിയാണ് ഇത്തരം മാർഗങ്ങൾ അവലംബിക്കുന്നത്. അത് ഉൾക്കൊള്ളാൻ ബന്ധപ്പെട്ട എല്ലാവരും തയ്യാറാകണം. കോഴിക്കോട് ഉണ്ടായ പ്രസ്തുത വിഷയത്തിൽ ജില്ലാ കലക്ടറും ജില്ലാ പോലീസ് മേധാവിയും വ്യാപാരി വ്യവസായി പ്രതിനിധികളുടെ യോഗം വിളിച്ച് ചർച്ച ചെയ്യാനും കാര്യങ്ങൾ അവരെ ബോധ്യപ്പെടുത്താനും നിർദേശിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
നിലവിൽ സർക്കാർ പ്രഖ്യാപിച്ച ഇളവുകൾ പര്യാപ്തമല്ലെന്ന് വ്യാപാരി വ്യവസായ ഏകോപന സമിതിയുടെ നിലപാട്. ഇക്കാര്യം ആവശ്യപ്പെട്ട് കഴിഞ്ഞ ദിവസം കോഴിക്കോട് വ്യാപാരികൾ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. ഇതിനെ തുടർന്നാണ് സർക്കാർ പേരിന് കോവിഡ് നിയന്ത്രണങ്ങളിൽ ഇളവ് നൽകിയത്. എന്നാൽ ഇത് അപര്യാപ്തമാണെന്നാണ് വ്യാപാരികൾപറയുന്നത്. കഴിഞ്ഞ ഒന്നരവർഷമായി വൻ പ്രതിസന്ധിയാണ് കച്ചവടക്കാർ നേരിടുന്നത്.
അതേസമയം, സംസ്ഥാനത്തെ കോവിഡ് നിയന്ത്രണങ്ങൾ അശാസ്ത്രീയമാണെന്ന വാദവുമായി ഐ.എം.എയും രംഗത്തെത്തി. ആഴ്ചയില്‍ ചില ദിവസങ്ങളില്‍ മാത്രം കടകളും മറ്റു സ്ഥാപനങ്ങളും തുറക്കുമ്പോള്‍ അവിടങ്ങളില്‍ എത്തുന്ന ആവശ്യക്കാരുടെ എണ്ണം ക്രമാതീതമായി വര്‍ധിക്കുകയും ആള്‍ക്കൂട്ടങ്ങള്‍ ഉണ്ടാവുകയും ചെയ്യുന്നുവെന്ന് ഐ.എം.എ ചൂണ്ടിക്കാട്ടുന്നു. നിലവിലെ സമയ ക്രമീകരണവും അശാസ്ത്രീയമാണ്, വ്യാപാരസ്ഥാപനങ്ങള്‍ കൂടുതല്‍ സമയം തുറന്നുവച്ച് തിരക്ക് ഒഴിവാക്കുന്നതിനാണ് ശ്രദ്ധിക്കേണ്ടത്. കുറച്ചു സമയം മാത്രം തുറന്നിരിക്കുമ്പോള്‍ കൂടുതല്‍ ആള്‍ക്കാര്‍ കൂട്ടം കൂടുന്ന അവസ്ഥ സംജാതമാകും. ഇതെല്ലാം രോഗവ്യാപനം കൂട്ടുന്ന പ്രക്രിയകള്‍ ആയി മാറുകയാണെന്ന് ഐ.എം.എ പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

