കേരളത്തിൽ എയിംസ് വേണമെന്ന ആവശ്യം നിസ്സാരമല്ല -ഹൈകോടതി
text_fieldsകൊച്ചി: കേരളത്തിൽ എയിംസ് സ്ഥാപിക്കണമെന്ന ആവശ്യത്തെ നിസ്സാരമായി കാണാനാവില്ലെന്ന് ഹൈകോടതി. സംസ്ഥാന സർക്കാർ നിർദേശിച്ച കോഴിക്കോട് കിനാലൂരിൽ എയിംസ് സ്ഥാപിക്കുന്നതിന്റെ സാധ്യത പഠനം നടത്തി രണ്ടാഴ്ചയ്ക്കകം റിപ്പോർട്ട് നൽകണമെന്നും അനുകൂല പ്രതികരണം പ്രതീക്ഷിക്കുന്നതായും കോടതി വ്യക്തമാക്കി.വിഷയം വീണ്ടും പരിഗണിക്കുമ്പോൾ കേന്ദ്ര ആരോഗ്യമന്ത്രാലയം പ്രതിനിധി ഓൺലൈനിൽ ഹാജരായി വിശദാംശങ്ങൾ അറിയിക്കണമെന്നും ചീഫ് ജസ്റ്റിസ് സൗമെൻ സെൻ, ജസ്റ്റിസ് വി.എം. ശ്യാംകുമാർ എന്നിവരടങ്ങുന്ന ഡിവിഷൻ ബെഞ്ച് ഉത്തരവിട്ടു.
എയിംസ് വിഷയത്തിൽ സംസ്ഥാന സർക്കാറിനെയും മറ്റും ഏകോപിപ്പിച്ച് സാധ്യത പഠനം നടത്തണമെന്നും റിപ്പോർട്ട് കോടതിക്ക് നൽകണമെന്നും ഈ മാസം നാലിന് കോടതി നിർദേശം നൽകിയിരുന്നു. സംസ്ഥാനം കണ്ടെത്തിയ സ്ഥലം എയിംസിനുള്ള കേന്ദ്രമാർഗ നിർദേശങ്ങൾക്ക് യോജിച്ചതാണോ എന്ന് അറിയിക്കാനും ആവശ്യപ്പെട്ടിരുന്നു.
ചൊവ്വാഴ്ച കേസ് പരിഗണിച്ചപ്പോൾ റിപ്പോർട്ട് നൽകാൻ കേന്ദ്രസർക്കാർ നാലാഴ്ച സമയം ചോദിച്ചെങ്കിലും കോടതി അനുവദിച്ചില്ല. പദ്ധതിക്ക് ബജറ്റ് വിഹിതം നീക്കിവച്ചിട്ടില്ലെന്ന കാര്യവും കേന്ദ്രം ചൂണ്ടിക്കാട്ടി. ഇക്കാര്യത്തിൽ അതൃപ്തി പ്രകടിപ്പിച്ച കോടതി 2024 മുതൽ ഈ വിഷയം പരിഗണനയിലുള്ളതാണെന്നും ഇനിയും നീട്ടിക്കൊണ്ട് പോകാനാകില്ലെന്നും വ്യക്തമാക്കി. ബജറ്റ് വിഹിതമല്ല, അനുമതിയാണ് ആദ്യം ആവശ്യമെന്നും ചൂണ്ടിക്കാട്ടി.
എയിംസ് സ്ഥാപിക്കാനായി പരിഗണിക്കുന്ന സ്ഥലങ്ങളുടെ പട്ടികയിൽ കാസർകോടിനെയും ഉൾപ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് എയിംസ് കാസർകോട് ജനകീയ കൂട്ടായ്മ നൽകിയ ഹരജിയാണ് കോടതി പരിഗണിച്ചത്. കിനാലൂരിലെ സ്ഥലം എയിംസ് സ്ഥാപിക്കാനുള്ള കേന്ദ്ര മാർഗരേഖക്ക് ചേർന്നതാണെന്ന് സംസ്ഥാന സർക്കാർ 2025 മെയിൽ അറിയിച്ചിരുന്നു. കേന്ദ്ര സർക്കാറാണ് ഇനി തീരുമാനം അറിയിക്കേണ്ടതെന്നും അറിയിച്ചിരുന്നു. തുടർന്നാണ് കേന്ദ്ര ആരോഗ്യ-കുടുംബക്ഷേമ മന്ത്രാലയം സെക്രട്ടറിയോട് മറുപടി സത്യവാങ്മൂലം നൽകാൻ കോടതി നിർദേശിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

