യുവാവിന്‍റെ മരണം: അപകടം പുനരാവിഷ്കരിച്ച് തെളിവെടുപ്പ്
text_fieldsഉടുമ്പന്നൂർ: മലയിഞ്ചി സ്വദേശി പുതുമനയിൽ റോബിൻ ജോയിയുടെ (29) മരണത്തിൽ സംഭവം നടന്ന സ്ഥലത്ത് ബുധനാഴ്ച തെളിവെടുപ്പ് നടത്തി. കോട്ടയം മെഡിക്കൽ കോളജിൽ നിന്നുള്ള ഫോറൻസിക് വിദഗ്ധൻ ഡോ. ജയിംസ് കുട്ടിയുടെ നേതൃത്വത്തിൽ നടന്ന തെളിവെടുപ്പിൽ കരിമണ്ണൂർ സി.ഐ സുമേഷ് സുധാകരനും അന്വേഷണ ചുമതലയുള്ള പൊലീസ് സംഘവും ഉണ്ടായിരുന്നു.
ജനുവരി ഒമ്പതിന് രാത്രി 12നും 2.30നും ഇടക്കാണ് മരണം നടന്നതെന്നാണ് റിപ്പോർട്ടിൽ പറയുന്നത്. അപകടത്തിൽപെട്ട ബൈക്ക് എത്തിച്ചാണ് അപകടരംഗം പുനരാവിഷ്കരിച്ചത്. ഇതിനായി റോബിന്റെ അതേവലുപ്പവും തൂക്കവും ഉള്ള വ്യക്തിയെ ഉപയോഗിച്ചു. മരണം അപകടം മൂലമാകാമെന്ന നിഗമനത്തിൽ തന്നെയാണ് ഫോറൻസിക് സംഘവും എത്തിച്ചേർന്നത്. മോട്ടോർ വെഹിക്കിൾ ഇൻസ്‌പെക്ടറുടെ റിപ്പോർട്ട് കൂടി കിട്ടിയശേഷമായിരിക്കും അന്തിമ തീരുമാനത്തിൽ എത്തുക.
കൂടുതൽ തെളിവുകളും സാമ്പിളും സംഘം ശേഖരിച്ചിട്ടുണ്ട്. ഇവയും പരിശോധിക്കും. പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ വാരിയെല്ല് പൊട്ടി കരളിനും നെഞ്ചിനും തലക്കും ഏറ്റ ക്ഷതമാണ് മരണ കാരണമെന്ന് കണ്ടെത്തിയിരുന്നു. റബർ ടാപ്പിങ്ങിന് പോയവരാണ് വഴിയിൽ വീണ് കിടക്കുന്ന റോബിനെ കാണുന്നത്. തുടർന്ന് കരിമണ്ണൂർ പൊലീസിൽ വിവരം അറിയിക്കുകയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

