അവയവമാറ്റ ശസ്ത്രക്രിയ വൈകി രോഗി മരിച്ചതിൽ ഗുരുതര വീഴ്ചയെന്ന് റിപ്പോർട്ട്; വകുപ്പ് മേധാവി അനുമതിയില്ലാതെ വിട്ടുനിന്നു
text_fieldsതിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ അവയവമാറ്റ ശസ്ത്രക്രിയ വൈകിയതിനെ തുടർന്ന് രോഗി മരിച്ച സംഭവത്തിൽ നെഫ്രോളജി വിഭാഗം മേധാവിക്ക് ഗുരുതര വീഴ്ചയെന്ന് അന്വേഷണ റിപ്പോർട്ട്. നെഫ്രോളജി മേധാവി ചുമതലകൾ നിർവഹിച്ചില്ലെന്നും അനുമതിയില്ലാതെ വിട്ടുനിന്നുവെന്നും ശസ്ത്രക്രിയക്ക് നിർദേശം നൽകിയില്ലെന്നുമാണ് റിപ്പോർട്ടിലുള്ളത്.
ഗുരുതര വീഴ്ച വരുത്തിയവർക്കെതിരെ അച്ചടക്ക നടപടിക്കും ആരോഗ്യ വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി ആശ തോമസിന്‍റെ റിപ്പോർട്ട് ശിപാർശ ചെയ്യുന്നുണ്ട്. നെഫ്രോളജി വിഭാഗം മേധാവിക്കെന്ന പോലെ അവയവകൈമാറ്റ ഏജൻസിക്കും ഏകോപനം നടത്തുന്നതിൽ വീഴ്ച സംഭവിച്ചിട്ടുണ്ട്. അതിനാൽ ട്രാൻസ് പ്ലാന്‍റിങ് ഏജൻസിയുടെ രണ്ട് ജീവനക്കാർക്കെതിരെയും അച്ചടക്ക നടപടി വേണം.
അവയവമാറ്റ ശസ്ത്രക്രിയ നാലു മണിക്കൂറോളം വൈകി. അവയവകൈമാറ്റ ഏജൻസിയിലെ രണ്ട് ജീവനക്കാർ മെഡിക്കൽ കോളജ് ആശുപത്രിയിലെത്തിച്ച അവയവം സ്വീകരിക്കാൻ ആരും ഉണ്ടായിരുന്നില്ല. ഇത് അനുമതിയില്ലാതെയുള്ള വിട്ടു നിൽക്കലാണെന്ന് റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു. അതേസമയം, രോഗിയുടെ മരണത്തിന് കാരണമായത് ശസ്ത്രക്രിയ ചെയ്യുന്നതിലെ കാലതാമസമാണെന്ന് കണ്ടെത്താൻ സാധിച്ചിട്ടില്ലെന്നും റിപ്പോർട്ട് വ്യക്തമാക്കുന്നു.
ജൂൺ 19നാണ് തിരുവനന്തപുരം മെഡിക്കൽ കോളജിൽ അവയവമാറ്റ ശസ്ത്രക്രിയ നടത്തുന്നതിൽ അനാസ്ഥയുണ്ടായത്. പൊലീസ് അകമ്പടിയോടെ വൈകിട്ട് 5.30ന് വൃക്ക മെഡിക്കല്‍ കോളജില്‍ എത്തിച്ചെങ്കിലും ശസ്ത്രക്രിയക്കാവശ്യമായ മുന്നൊരുക്കങ്ങള്‍ ആശുപത്രി നടത്തിയില്ലെന്നാണ് പരാതി. അവയവം ലഭ്യമായിട്ടും വൃക്ക മാറ്റിവെക്കല്‍ ശസ്ത്രക്രിയ നാലു മണിക്കൂറാണ് വൈകിയത്.
ശസ്ത്രക്രിയ നടത്താൻ നെഫ്രോളജി, യൂറോളജി വിഭാഗങ്ങൾ വേണ്ടത്ര മുന്നൊരുക്കം നടത്തിയില്ല. ജൂൺ 18 ശനിയാഴ്ച്ച രാത്രിയാണ് എറണാകുളം രാജഗിരി ആശുപത്രിയില്‍ നിന്നും വൃക്ക മൂന്ന് മണിക്കൂർ കൊണ്ട് തിരുവനന്തപുരം ആശുപത്രിയിൽ എത്തിച്ചത്. എന്നാൽ വൃക്ക എത്തിയിട്ടും സ്വീകർത്താവായ രോഗിയെ ശസ്ത്രക്രിയക്ക് വേണ്ടി തയാറാക്കിയിരുന്നില്ല. രാത്രി 9.30 ഓടു കൂടിയാണ് ശസ്ത്രക്രിയ ആരംഭിച്ചതെന്നാണ് റിപ്പോർട്ട്. ശസ്ത്രക്രിയ കഴിഞ്ഞെങ്കിലും രോഗിയായ കാരക്കോണം സ്വദേശി സുരേഷ് കുമാർ മരിച്ചു.
മസ്തിഷ്കമരണം നടന്ന 34കാരന്റെ വൃക്കയാണ് എറണാകുളത്തു നിന്ന് തിരുവനന്തപുരത്ത് എത്തിച്ചത്. തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയുടെ ആവശ്യപ്രകാരം വൃക്ക എത്തിച്ചത്. എന്നാൽ അവയവം പുറത്തെടുത്താൽ കഴിയുന്നതും വേഗം മറ്റൊരു ശരീരത്തിൽ പിടിപ്പിക്കണമെന്നാണ് പറയാറെങ്കിലും നാലു മണിക്കൂറുകൾ വൈകിയാണ് മെഡിക്കൽ കോളജിൽ ശസ്ത്രക്രിയ ആരംഭിച്ചതെന്നാണ് പരാതി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

