കാരക്കോണത്തെ 51കാരിയുടെ മരണം കൊലപാതകം; ഷോക്കടിപ്പിച്ചുകൊന്നത് ഭർത്താവെന്ന് പൊലീസ്
text_fieldsതിരുവനന്തപുരം: കാരക്കോണത്തെ 51 വയസുള്ള സ്ത്രീയുടെ മരണത്തിലെ ദുരൂഹത മറനീക്കി പുറത്ത്. സംഭവം കൊലപാതകമാണെന്ന് പൊലീസ് വ്യക്തമാക്കി. ഭർത്താവാണ് കൊലക്ക് പിന്നിലെന്നും പൊലീസ് അറിയിച്ചു. ശനിയാഴ്ച പുലർച്ചെയോടെയാണ് ത്രേസ്യാപുരം സ്വദേശിനി ശാഖ കുമാരിയെ വീട്ടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. സംഭവത്തിൽ ദുരൂഹതയുണ്ടെന്ന സംശയത്തെ തുടർന്ന് 28കാരനായ ഭർത്താവ് ബാലരാമപുരം സ്വദേശി അരുണിനെ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു.
ശാഖാകുമാരിയെ താൻ ഷോക്കേൽപ്പിച്ച് കൊലപ്പെടുത്തുകയായിരുന്നുവെന്ന് മണിക്കൂറുകൾ നീണ്ട ചോദ്യം ചെയ്യലിനൊടുവിൽ അരുൺ സമ്മതിക്കുകയായിരുന്നു. ഇയാളെ കൊലപാതകക്കുറ്റം ചുമത്തി പൊലീസ് അറസ്റ്റ് ചെയ്തു.
ശനിയാഴ്ച രാവിലെയാണ് അരുൺ ശാഖാകുമാരിയേയും കൊണ്ട് തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിലെത്തിയത്. ആശുപത്രിയിലെത്തുന്നതിന് മണിക്കൂറുകൾക്ക് മുന്നേ മരണം സംഭവിച്ചിരുന്നു. വീട്ടിലെ വൈദ്യുതാലങ്കാരത്തില്‍ നിന്ന് ഷോക്കേറ്റ നിലയിൽ കണ്ടെത്തുകയായിരുന്നുവെന്നാണ് അരുൺ അറിയിച്ചത്.
മരണത്തിൽ ഡോക്ടർമാർ സംശയമുന്നയിച്ചതോടെയാണ് പൊലീസ് അരുണിനെ കസ്റ്റഡിയിലെടുത്തത്. ശാഖാ കുമാരിയുടെ ബന്ധുക്കളും മരണത്തിൽ ദുരൂഹതയാരോപിച്ചിരുന്നു. രണ്ടു മാസം മുമ്പാണ് ശാഖാ കുമാരിയും അരുണും വിവാഹിതരായത്. ശാഖയുടെ സ്വത്ത് മോഹിച്ചാണ് അരുൺ വിവാഹത്തിന് താൽപര്യം പ്രകടിപ്പിച്ചതെന്ന സംശയം അവരുടെ ബന്ധുക്കൾക്കുണ്ടായിരുന്നു.

