പി.കെ. റോസിയെ കണ്ടെത്തിയ ദലിത് ചരിത്രകാരനായ കുന്നുകുഴി എസ്. മണിക്ക് നാളെ എൺപത്
text_fieldsതിരുവനന്തപുരം: കേരള ചരിത്രത്തിൽ കീഴാള ചരിത്രാന്വേഷണത്തിന് വിലപ്പെട്ട സംഭാവന നൽകിയ കുന്നുകുഴി എസ്. മണിക്ക് നാളെ എൺപത്. മറ്റ് ചരിത്രകാരന്മാരിൽ നിന്ന് വ്യത്യസ്ഥമായി അടിസ്ഥാന വർഗങ്ങളുടെ ചരിത്രമാണ് മണി അന്വേഷിച്ചത്. അതാകട്ടെ അക്കാദമിക പണ്ഡിതന്മാർ നടത്തുന്ന രീതിയിലുള്ള അന്വേഷണവുമായിരുന്നില്ല.
മലയാള സിനിമയുടെ ചരിത്രത്തിൽ പി.കെ. റോസിയെയും ജെ.സി. ഡാനിയലിനെയും വീണ്ടെടുത്തത് മണിയുടെ അന്വേഷണത്തിലൂടെയാണ്. മലയാളത്തിൽ ആദ്യ സിനിമയായ ജെ.സി. ഡാനിയലിന്റെ വിഗതകുമാരനെ സംബന്ധിച്ച അന്വേഷണമാണ് മണിക്ക് പുതുവഴി തുറന്നത്. സിനിമയിൽ ആദ്യമായി അഭിനയിച്ച നടി പി.കെ. റോസി (ദലിത്)യെ സംബന്ധിച്ച് ആർക്കും ഒരറിവുമില്ലായിരുന്നു. 1971 ഒക്ടോബർ 24 അഗസ്തീശ്വരത്ത് പോയി ജെ.സി. ഡാനിയലിനെ നേരിൽകണ്ട് സംഭാഷണം നടത്തി. തുടർന്നാണ് റോസിയുടെ കുടുംബത്തെ കണ്ടെത്തിയത്. സംവിധായകനായ കമൽ സെല്ലിലോയിഡ് എന്ന സിനിമയുടെ തുടക്കത്തിൽ കുന്നുകുഴി മണിയുടെ പേര് എഴുതി കാണിക്കുന്നുണ്ട്. അദ്ദേഹം നടത്തിയ അന്വേഷണങ്ങളും കണ്ടെത്തലുകളും സിനിമയുടെയും ഭാഗമായി.

കാലത്തെ വെല്ലുവിളിച്ച മഹാത്മ അയ്യന്‍കാളിക്ക് ചെന്താരശ്ശേരി മുതൽ പലരും ചരിത്രം എഴുതി. അതിൽ നിന്നെല്ലാം വേറിട്ട് ചരിത്രവഴികളിലൂടെ മണി സഞ്ചരിച്ചത്. അയ്യങ്കാളിയുടെ അറിയപ്പെടാത്ത ജീവിതചരിത്രണ് മഹാത്മ അയ്യന്‍കാളി എന്ന പുസ്തകം പറയുന്നത്. പി.എസ്. അനിരുദ്ധനുമായി ചേർന്നാണ് ഈ പുസ്തകം തയാറാക്കിയത്. മുമ്പ് പുറത്തിറങ്ങിയ അയ്യന്‍കാളിയുടെ ജീവചരിത്രങ്ങളിലെ ചരിത്രപരമായ വൈകല്യങ്ങളാണ് ഇങ്ങനെയൊരു പുസ്തകം രചിക്കാന്‍ പ്രേരിപ്പിച്ചതെന്ന് മണി പറയുന്നു. തിരുവനന്തപുരത്തെ വേങ്ങാനൂരില്‍ നിന്നും പ്രജാസഭയിലേക്കുള്ള അയ്യന്‍കാളിയുടെ പടയോട്ടത്തിനു മുന്നില്‍ ഒരു കാലഘട്ടം നമിച്ചതിന്റെ സത്യസന്ധമായ ആവിഷ്‌കാരമാണ് മഹാത്മ അയ്യന്‍കാളി എന്ന പുസ്തകം.
സംസ്ഥാന സാംസ്കാരിക വകുപ്പിന്റെ സഹായത്തോടെയാണ് പ്രസിദ്ധീകരിച്ച ഗ്രന്ധമാണ് 'പുലയർ നൂറ്റാണ്ടുകളിൽ'. കീഴാള ചരിത്രവുമായി ബന്ധപ്പെട്ട നിരവധി ഗ്രന്ഥങ്ങൾ അദ്ദേഹം പ്രസിദ്ധീകരിച്ചു. 1960കളിൽ ചെറുകഥ എഴുതിയാണ് അദ്ദേഹം പത്രപ്രവർത്തന രംഗത്ത് എത്തിയത്. പിന്നീട് പത്രപ്രവർത്തനത്തോടൊപ്പം അടിസ്ഥാന വിഭാഗങ്ങളുടെ ചരിത്രം തേടി തുടങ്ങി. 1965 നവകേരളം സായാഹ്ന പത്രത്തിലാണ് ആദ്യ ലേഖനം പ്രസിദ്ധീകരിച്ചത്. 1944 ഡിസംബർ രണ്ടിന് കുന്നുകുഴി തമ്പുരാൻ മുക്കിലെ സമീപം മടവിളാകത്ത് പുരയിടത്തിൽ വീട്ടിൽ ഒരിടത്തിൽ തായമ്പക വിദ്വാൻ ശങ്കു ആശാന്റെയും വട്ടിയൂർക്കാവ് കൈപ്പിരിക്കോണം സ്വദേശി പാച്ചിയുടെയും രണ്ടാമത്തെ മകനാണ് എസ്. മണി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

