റോഡ് പണിക്കായി എസ്‌കവറ്റർ കൊണ്ട് ചുറ്റുമതിലിന്‍റെ അടിവാരം തോണ്ടി ക്ഷീര സംഘം മന്ദിരം തകർന്നു
text_fieldsഅപകടാവസ്ഥയിലായ ആട്ടുകാൽ ക്ഷീരോല്പാദക സഹകരണ സംഘം മന്ദിരം
നെടുമങ്ങാട്: അശാസ്ത്രീയമായ റോഡു പണി ആട്ടുകാൽ ക്ഷീരോല്പാദക സഹകരണ സംഘം മന്ദിരത്തിന്‍റെ അടിത്തറയും ചുറ്റുമതിലും തകർത്തു. പത്ത് മീറ്ററോളം നീളത്തിലുള്ള കരിങ്കൽ നിർമ്മിത മതിലും കെട്ടിടത്തിന്റെ ഫൗണ്ടേഷനും തകർന്നു തരിപ്പണമായി. അടിവാരം തകർന്നതോടെ ചുമരുകളിൽ വിള്ളൽ വീണ കെട്ടിടവും തകർച്ചയുടെ വക്കിലാണ്.
കിഫ്ബിയിൽ നിന്ന് 5 കോടി രൂപ ചെലവിട്ടു നിർമ്മാണം നടക്കുന്ന പനവൂർ - ചുള്ളിമാനൂർ റോഡിന്റെ കരയിലുള്ള ക്ഷീരസംഘം കെട്ടിടമാണ് അപകടാവസ്ഥയിലായത്. ഇന്നലെ ഉച്ചയോടെയാണ് സംഭവം. റോഡ് ലെവൽ ചെയ്യുന്നതിന്റെ പേരിൽ എസ്‌കേവറ്റർ ഉപയോഗിച്ച് മതിലിന്റെ അടിത്തറ തോണ്ടിയതാണ് കെട്ടിടത്തിനു വിനയായത്. ലക്ഷങ്ങൾ മുടക്കി നിർമ്മിച്ച മതിലും ഫൗണ്ടേഷനുമാണ് നിലം പൊത്തിയത്. മിൽമയുടെ കീഴിൽ ചില്ലിംഗ് പ്ലാന്റുൾപ്പടെ സജ്ജീകരിച്ച് ലാഭത്തിൽ പ്രവർത്തിക്കുന്ന ക്ഷീരസംഘം , കെട്ടിടം തകർന്നതോടെ പ്രവർത്തനം താറുമാറായി. പ്രതിദിനം അയ്യായിരം ലിറ്ററോളം പാൽ സംഭരിക്കുന്ന ജില്ലയിലെ പ്രമുഖ ക്ഷീര സംഘമാണിത്.
രണ്ടാഴ്ച മുമ്പ് , സംഘം കെട്ടിടത്തിന്റെ പ്രവേശന കവാടം തകർത്ത് ഓട പണി തുടങ്ങിയപ്പോൾ തന്നെ കർഷകർ പ്രതിഷേധവുമായി രംഗത്തു വന്നിരുന്നു. മുന്നറിയിപ്പ് അവഗണിച്ച് അടിത്തറ തോണ്ടിയതാണ് തകർച്ചയ്ക്ക് വഴിവച്ചതെന്ന് പരാതിയുണ്ട്. സംഘം പ്രസിഡന്റ് സദാശിവൻ നായരുടെ പരാതിയെ തുടർന്ന് നെടുമങ്ങാട് ഡയറി ഓഫീസർ ബിജു വാസുദേവൻ സ്ഥലം സന്ദർശിച്ച് ജില്ലാ ഡയറി ഓഫീസർക്ക് റിപ്പോർട്ടു നൽകി. പി.ഡബ്ലിയു.ഡി അസി.എക്സിക്യുട്ടീവ് എഞ്ചിനിയറുടെ നേതൃത്വത്തിൽ പൊതുമരാമത്ത് ഉദ്യോഗസ്ഥരും അപകട സ്ഥലം സന്ദർശിച്ചു. സുരക്ഷാ ഭിത്തി പുനർ നിർമ്മിക്കണമെന്നും മന്ദിരത്തിന്റെ കേടുപാടു തീർക്കാൻ നഷ്ടപരിഹാരം നൽകണമെന്നും ക്ഷീര കർഷകർ ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

