‘അച്ഛന്‍റെ ഫോണിലേക്ക് വിളിച്ചപ്പോൾ പ്രതികൾ ശബ്ദം മാറ്റി സംസാരിച്ചു, ഫോൺ പലയിടങ്ങളിൽ കൊണ്ടുപോയി അന്വേഷണം വഴിതെറ്റിച്ചു’; ഹേമചന്ദ്രന്റെ കൊലപാതകത്തിൽ നിർണായകമായത് മകളുടെ മൊഴി
text_fieldsകോഴിക്കോട്: 15 മാസം മുമ്പ് കാണാതായ ഹേമചന്ദ്രന്റെത് കൊലപാതകമാണെന്ന് കണ്ടുപിടിക്കാൻ പൊലീസ് നടത്തിയത് അസാധാരണമായ നീക്കങ്ങൾ. കൊലപാതകമാണെന്ന സൂചന ലഭിച്ചിട്ടും കാണാതാകൽ കേസുകളുമായി ബന്ധപ്പെട്ട അന്വേഷണമെന്ന രീതിയിൽ ഹേമചന്ദ്രനുമായി സാമ്പത്തിക ഇടപാട് നടത്തിയവരിൽനിന്ന് അനവധി തവണ മൊഴിയെടുത്തു.
മുഖ്യപ്രതി നൗഷാദ്, സഹായികളായ ജ്യോതിഷ് കുമാർ, ബി.എസ്. അജേഷ് എന്നിവരിൽനിന്നും കണ്ണൂരിലെയും ഗുണ്ടൽപേട്ടയിലെയും വനിതകളിൽനിന്നും പൊലീസ് മൊഴിയെടുത്തു. മൊഴികളിലെ വൈരുധ്യം ബോധ്യപ്പെട്ടെങ്കിലും പ്രതികളോട് മറച്ചുവെച്ചു. കാണാതായതിനാണ് കേസ് എടുത്തതെങ്കിലും തുടക്കം മുതൽ ഈ കേസിൽ പൊലീസ് കൊലപാതകം സംശയിച്ചിരുന്നു. സാമ്പത്തിക ഇടപാടാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നും പൊലീസിന് സൂചന ലഭിച്ചു. പൊലീസിന് മൊഴി കൊടുത്തു പിരിയുമ്പോഴെല്ലാം പ്രതികൾക്ക് വലിയ ആത്മവിശ്വാസമായിരുന്നുവെന്ന് അന്വേഷണ ഉദ്യോഗസ്ഥർ പറഞ്ഞു. മൃതദേഹം കണ്ടെത്തൽ പ്രധാനമായതിനാൽ അതു സംബന്ധിച്ച കൃത്യമായ സൂചനകൾ ലഭിക്കുംവരെ പൊലീസ് കാത്തിരുന്നു. കൊല്ലപ്പെട്ട മോഹനചന്ദ്രന്റെ മകളിൽനിന്ന് ലഭിച്ച ഒരു മൊഴിയുടെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണമാണ് രണ്ടുപേരുടെ അറസ്റ്റിന് കാരണമായത്. ജ്യോതിഷ് കുമാർ, ബി.എസ്. അജേഷ് എന്നിവരെ അറസ്റ്റ് ചെയ്ത് കൂടുതൽ ചോദ്യം ചെയ്തപ്പോൾ ഒടുവിൽ കൊലപാതകം നടന്നതായി സമ്മതിക്കുകയായിരുന്നു.
ഹേമചന്ദ്രൻ ഉപയോഗിച്ച ഫോൺ ഗുണ്ടൽപേട്ടയിലേക്കും മറ്റിടങ്ങളിലേക്കും പ്രതികൾ കൊണ്ടുപോയി അന്വേഷണം വഴിത്തെറ്റിക്കാനും പ്രതികൾ ശ്രമിച്ചു. മൊബൈൽ ടവർ കേന്ദ്രീകരിച്ചുള്ള പൊലീസിന്റെ അന്വേഷണം വഴിതിരിച്ചുവിടാനായിരുന്നു ഇത്. കാണാതായി രണ്ട് ദിവസത്തിനകം ഹേമചന്ദ്രൻ കൊല്ലപ്പെട്ടിരുന്നു. എന്നാൽ, അതിനുശേഷം അദ്ദേഹത്തിന്റെ മൊബൈൽ ഫോൺ പലയിടങ്ങളിൽ കൊണ്ടുപോയതിനാൽ ഹേമചന്ദ്രൻ അവിടെയെല്ലാം ഉണ്ടായിരുന്നു എന്ന് പൊലീസിനെ തെറ്റിദ്ധരിപ്പിക്കുകയായിരുന്നു ലക്ഷ്യം. തെറ്റായ ഡിജിറ്റൽ തെളിവുകൾ ഉണ്ടാക്കി അന്വേഷണസംഘത്തെ ആശയക്കുഴപ്പത്തിലാക്കുകയായിരുന്നു പ്രതികളുടെ ലക്ഷ്യം. വയനാട് കേന്ദ്രീകരിച്ചാണ് തെളിവ് നശിപ്പിക്കാനുള്ള ശ്രമം നടന്നത്. 400ഓളം പേരുടെ ഫോൺ വിളി വിവരങ്ങൾ അന്വേഷണസംഘം പരിശോധിച്ചിരുന്നു. കാണാതായി അൽപ ദിവസം കഴിഞ്ഞ് ഹേമചന്ദ്രന്റെ മകൾ അച്ഛന്റെ ഫോണിലേക്ക് വിളിച്ചപ്പോൾ പ്രതികൾ ശബ്ദം മാറ്റി ഹേമചന്ദ്രന്റേതുപോലെ സംസാരിച്ചു. ഈ കാര്യം പിന്നീട് ഓർത്തെടുത്ത് മകൾ അന്വേഷണ സംഘത്തോട് പറഞ്ഞത് കേസിൽ വഴിത്തിരിവായി.
കോഴിക്കോട് മുണ്ടിക്കൽ താഴത്ത് വാടകവീട്ടിൽ താമസിച്ചിരുന്ന സുൽത്താൻ ബത്തേരി വിനോദ് ഭവനിൽ ഹേമചന്ദ്രനെ (53) 2024 മാർച്ച് 20നാണ് മെഡിക്കൽ കോളജിന് സമീപം വെച്ച് പ്രതികൾ കാറിൽ തട്ടിക്കൊണ്ടുപോയത്. സുൽത്താൻ ബത്തേരിയിൽ വെച്ച് മർദിച്ചു കൊന്നു എന്നാണ് സൂചന. മൃതദേഹം തമിഴ്നാട് അതിർത്തിയിലെ ചേരമ്പാടിയിലെ കാട്ടിൽ ചതുപ്പുനിലത്തിൽ കുഴിച്ചുമൂടിയ നിലയിലായിരുന്നു. പ്രതി ജ്യോതിഷുമായി മെഡി. കോളജ് എ.സി.പി ഉമേഷിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം ചേരമ്പാടിയിലെത്തി ശനിയാഴ്ചയാണ് മൃതദേഹം പുറത്തെടുത്തത്. ഊട്ടി മെഡിക്കൽ കോളജിൽ പോസ്റ്റ്മോർട്ടം കഴിഞ്ഞ് മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളജ് മോർച്ചറിയിൽ എത്തിച്ചു. ഡി.എൻ.എ ഫലം വന്ന് മൃതദേഹം ഹേമചന്ദ്രന്റെതാണെന്ന് സ്ഥിരീകരിച്ച ശേഷം ബന്ധുക്കൾക്ക് വിട്ടുകൊടുക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

