തിരുത്തി, വിശാലമായി
text_fieldsകോഴിക്കോട്: പാർട്ടിക്കേറ്റ കനത്ത പരാജയത്തിന്റെ പശ്ചാത്തലത്തിൽ അടിയന്തര തിരുത്തും പരിഹാരവുമില്ലാതെ ഇനി മുന്നോട്ടുപോകാനാവില്ലെന്ന കേന്ദ്ര നേതൃത്വത്തിന്റെ ശാഠ്യമാണ് വിശാല സംസ്ഥാന സമിതിക്കൊടുവിൽ അസാധാരണ നടപടികൾക്ക് വഴിയൊരുക്കിയത്. ‘ഇ.ഡിയുടെ പ്രതിപക്ഷ വേട്ട മുൻനിർത്തി വിമർശനങ്ങളിൽനിന്ന് രക്ഷപ്പെടാനും തോൽവിയുടെ ആഘാതം ലളിതവത്കരിക്കാനുമായിരുന്നു പിണറായി പക്ഷം ആദ്യം ശ്രമിച്ചത്. എന്നാൽ, കേന്ദ്രനേതൃത്വം ഇതിന് വഴങ്ങിയില്ലെന്ന് മാത്രമല്ല സംഘടനാ വീഴ്ചകളിൽ ആഴത്തിലുള്ള പരിശോധന നടക്കട്ടെ എന്ന സമീപനമായിരുന്നു പോളിറ്റ് ബ്യൂറോ അംഗങ്ങൾക്ക്.
കണ്ണൂരിൽ നിന്നുള്ള പി.ജയരാജനെ സെക്രട്ടേറിയറ്റിൽ ഉൾപ്പെടുത്തിയതിലും കേന്ദ്ര നേതൃത്വത്തിന്റെ ഇടപെടലാണ് നിർണായകമായത്. സംസ്ഥാന നേതൃത്വം തയാറാക്കി വിശാല സമിതിയിൽ അവതരിപ്പിച്ച തെറ്റുതിരുത്തൽ രേഖയിലോ ചർച്ചയുടെ തുടക്കത്തിലോ അഴിച്ചുപണി സൂചനകകളൊന്നും ഉണ്ടായിരുന്നില്ല. അതേസമയം, കേരളത്തിലെ പാർട്ടി നേരിടുന്ന ഗുരുതര പ്രതിസന്ധികളെക്കുറിച്ച് ബോധ്യമുള്ള ദേശീയ നേതൃത്വം ചർച്ചകൾക്ക് കൃത്യമായ ദിശ നിർണയിച്ചു. ന്യൂനപക്ഷ വോട്ട് നിർണായകമായ കേരളത്തിൽ ബി.ജെ.പി -ആർ.എസ്.എസ് ഡീൽ എന്ന ആക്ഷേപം ശക്തമാവുകയും ജനങ്ങളെ സ്വാധീനിക്കുകയും ചെയ്തത് വലിയ തിരിച്ചടിയാണെന്നാണ് ദേശീയ നേതൃത്വം അടിവരയിട്ടത്. ഇത് എങ്ങനെ മറികടക്കാമെന്ന ആലോചനകളാണ് പി.ജയരാജനിലേക്കെത്തിച്ചത്. ആർ.എസ്.എസ് ആക്രമണങ്ങളുടെ ജീവിച്ചിരിക്കുന്ന രക്തസാക്ഷിയാണ് പി.ജയരാജൻ. അങ്ങനെ ഒരാളെ നേതൃതലത്തിലേക്ക് ഉയർത്തുന്നതുവഴി ആർ.എസ്.എസ്-സി.പി.എം ഡീൽ ആരോപണം ചെറുക്കാമെന്ന് പൊളിഞ്ഞ് ബ്യൂറോ അംഗം പ്രകാശ്ധാവ്ളെ ചൂണ്ടിക്കാട്ടി. സാഹചര്യങ്ങൾ കൃത്യമായി വിലയിരുത്തിയ സംസ്ഥാന നേതൃത്വത്തിനും എതിരഭിപ്രായം ഉണ്ടായില്ല. ധാവ്ളെ പേര് നിർദേശിച്ചതിന് പിന്നാലെ പിണറായി വിജയൻ പിന്താങ്ങിയതോടെ നീണ്ടനാളത്തെ അവഗണനയ്ക്കുശേഷം പി.ജയരാജന് സെക്രട്ടേറിയറ്റിലേക്കുള്ള വഴി തുറന്നു.
സ്പീക്കർ ആയതിനാലാണ് മുമ്പ് എം.ബി രാജേഷിനെ സെക്രട്ടേറിയറ്റിൽനിന്ന് ഒഴിവാക്കിയത്. രാജേഷിനേക്കാൾ ജൂനിയർ ആയ മുഹമ്മദ് റിയാസടക്കം സെക്രട്ടേറിയറ്റ് അംഗമായെങ്കിലും കൊല്ലം സമ്മേളനത്തിലും രാജേഷിനെ പരിഗണിച്ചില്ല. പുതിയകാലത്ത് പാർട്ടിയുടെ മുഖച്ഛായ മാറ്റുക എന്ന ലക്ഷ്യം മുൻനിർത്തിയും ഒപ്പം കൊല്ലം സമ്മേളനത്തിലെ പോരായ്മ പരിഹരിച്ചുമാണ് എം.ബി രാജേഷിനെ ഉൾപ്പെടുത്തിയത്.
തലസ്ഥാനത്തുനിന്നുള്ള ആനാവൂർ നാഗപ്പന് ശേഷം സംസ്ഥാന സെക്രട്ടേറിയറ്റിലേക്ക് ആരെന്ന ചോദ്യത്തിന് ഉത്തരമായാണ് ശിവൻകുട്ടിയുടെ പേര് വന്നത്. ഇതോടെ കടകംപള്ളി സുരേന്ദ്രന്‍റെ വഴി അടഞ്ഞു. സി.ഐ.ടി.യുവിന്‍റെ സംസ്ഥാന ഭാരവാഹിത്വത്തിലേക്ക് ശിവൻകുട്ടിയെ എത്തിക്കാനാണ് സെക്രട്ടേറിയറ്റിൽ ഉൾപ്പെടുത്തിയത് എന്നാണ് വിവരം.
മൂന്നു പേരെ സെക്രട്ടേറിയറ്റിൽ ഉൾപ്പെടുത്തണമെങ്കിൽ നിലവിലെ അംഗസംഖ്യയിൽ മാറ്റം വരുത്തണമെന്ന നിർദേശം സംസ്ഥാന നേതൃത്വം മുന്നോട്ടുവച്ചു. ഈ ചർച്ചകളാണ് തോമസ് ഐസക്കിനെയും ടി.പി രാമകൃഷ്ണനെയും ഒഴിവാക്കുന്നതിലേക്കെത്തിയത്.
ഐസകിനെ ഒഴിവാക്കൽ: അംഗസംഖ്യ ക്രമീകരിക്കലല്ല; കൃത്യമായ സൂചന
കോഴിക്കോട്: സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റിൽനിന്ന് മുതിർന്ന നേതാവും മുൻ ധനമന്ത്രിയുമായ ഡോ. ടി.എം. തോമസ് ഐസക്കിനെ ഒഴിവാക്കിയത് സെക്രട്ടേറിയറ്റിലെ അംഗസംഖ്യ തികയ്ക്കാനുള്ള ക്രമീകരണത്തിനപ്പുറം കൃത്യമായ രാഷ്ട്രീയ സൂചന. തെറ്റ് പറ്റിയത് പാർട്ടിക്കോ ജനങ്ങൾക്കോ എന്ന വിവാദത്തിൽ നേതൃത്വത്തിനോ പാർട്ടിക്കോ തെറ്റുപറ്റിയിട്ടില്ലെന്ന സി.പി.എമ്മിലെ പിണറായി ലൈനിനെതിരെ ജനങ്ങളുടെ ഷോക്ക് ട്രീറ്റ്മെന്‍റ് വാദമുന്നയിച്ച് തോമസ് ഐസക് പരസ്യമായി രംഗത്ത് വന്നത് പാർട്ടിക്കുള്ളിലും പുറത്തും വലിയ ചർച്ചയായിരുന്നു. മൂന്ന് ദിവസം നീണ്ട ചർച്ചക്കൊടുവിൽ വിശാല സംസ്ഥാന സമിതിയുമെത്തിയത് ഐസക് പറഞ്ഞിടത്തേക്കാണെങ്കിലും കമ്മിറ്റിയിൽനിന്ന് ഐസക് പുറത്തായി എന്നതാണ് സംഭവിച്ചത്. സംസ്ഥാന നേതൃത്വത്തിന്‍റെ അതൃപ്തിയും പരസ്യ നിലപാടുകൾ സ്വീകരിക്കുന്നവർക്കുള്ള സൂചനയുമാണ് നടപടിയിൽ പ്രതിഫലിക്കുന്നത്.
പാർട്ടിക്കുള്ളിൽ ശക്തമായ സൈദ്ധാന്തിക മുഖമുള്ള, സാമ്പത്തിക വിഷയങ്ങളിൽ കൃത്യമായ കാഴ്ചപ്പാടുള്ള ഒരു നേതാവിനെ നിർണായക സമിതിയിൽനിന്ന് മാറ്റിനിർത്തിയത് കേവലം ‘ക്രമീകരണമായി’ ചുരുക്കാനാവില്ല എന്ന വാദവും ഉയരുന്നുണ്ട്. പുതിയ അംഗങ്ങളെ ഉൾക്കൊള്ളിക്കാനാണ് ഒഴിവാക്കലെന്നാണ് പാർട്ടി വിശീകരണം.
ജനകീയ അടിത്തറയുള്ള ഐസക്കിനെ പോലൊരു നേതാവിനെ ഒഴിവാക്കുന്നത് പാർട്ടി അണികൾക്കിടയിലും ഇടത് അനുഭാവികൾക്കിടയിലും സ്വാഭാവികമായും ചോദ്യങ്ങൾ ഉയർത്തിയേക്കും. നേതൃത്വത്തിന്റെ നീക്കം പാർട്ടിക്കുള്ളിലെ വിമർശനങ്ങൾ ഇല്ലാതാക്കാനാണോ അതോ കൂടുതൽ വിമർശനങ്ങൾക്ക് വഴിവെക്കാനാണോ എന്ന ചർച്ചയുമുണ്ട്.
തീരുമാനം വന്നശേഷം മാധ്യമങ്ങളെ കണ്ടപ്പോഴും ഐസക് മുൻ നിലപാട് ആവർത്തിച്ചു. പാർട്ടിക്ക് പറ്റിയ തെറ്റിനെ കുറിച്ചാണ് സംസ്ഥാന കമ്മിറ്റിയും കേന്ദ്ര കമ്മിറ്റിയും അംഗീകരിച്ച രേഖയിൽ പറയുന്നതെന്നും ജനങ്ങൾക്ക് തെറ്റ് പറ്റിയെന്ന് എവിടെയും പറയുന്നില്ലെന്നും ഐസക് വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

