ബോബി ചെമ്മണ്ണൂരിന്റെ അഭിഭാഷകനെ കോടതി വിളിപ്പിച്ചു; എന്തുകൊണ്ട് ജാമ്യം നൽകിയിട്ടും പുറത്തിറങ്ങിയില്ല?
text_fieldsബോബി ചെമ്മണൂർ
കൊച്ചി: ജാമ്യം ലഭിച്ചിട്ടും ജയിലിൽനിന്ന് ഇറങ്ങാതിരുന്ന ബോബി ചെമ്മണൂരിന്‍റെ നടപടി സ്വമേധയാ അടിയന്തര പരിഗണനക്കെടുത്ത് അതിരൂക്ഷമായി വിമർശിച്ച് ഹൈകോടതി. രണ്ടുപ്രാവശ്യം മാറ്റിവെച്ച് മൂന്നുതവണയായി പരിഗണിച്ച കേസിന്‍റെ അവസാനം നിരുപാധിക മാപ്പപേക്ഷ വന്നതോടെ ജാമ്യം റദ്ദാക്കലടക്കം തുടർനടപടികളിലേക്ക് കടക്കാതെ വിഷയം അവസാനിപ്പിക്കുകയായിരുന്നു. സഹതടവുകാരിൽ ചിലരുടെ വക്കാലത്ത് പിടിച്ച് കോടതി ഉത്തരവിനെ അവഹേളിക്കുന്ന നടപടിയാണ് ബോബിയിൽ നിന്നുണ്ടായതെന്ന് വിലയിരുത്തി ജസ്റ്റിസ് പി.വി. കുഞ്ഞികൃഷ്ണൻ സ്വീകരിച്ച നടപടികളാണ് കോടതിക്കകത്തും പുറത്തും ബുധനാഴ്ച നാടകീയ നിമിഷങ്ങൾക്ക് വഴിയൊരുക്കിയത്.
നടി ഹണി റോസിനെ ലൈംഗികമായി അധിക്ഷേപിച്ച കേസിൽ പ്രതിയായ ബോബി ചെമ്മണൂരിന് ഇതേ ബെഞ്ചാണ് ചൊവ്വാഴ്ച ഉപാധികളോടെ ജാമ്യം അനുവദിച്ചത്. എന്നാൽ, ജാമ്യത്തുക കെട്ടിവെക്കാൻ പണമില്ലാത്തതിനാൽ ജയിലിൽ തുടരേണ്ടിവരുന്ന ചില സഹതടവുകാർക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് ചൊവ്വാഴ്ച ജയിൽ വിടാതിരുന്ന ബോബിയുടെ നടപടി വാർത്തയായിരുന്നു. ഈ പശ്ചാത്തലത്തിലാണ് കോടതി വിഷയം ബുധനാഴ്ച രാവിലെതന്നെ സ്വമേധയാ പരിഗണിച്ചത്.
10.15ന് ഹരജി പരിഗണിക്കാനിരിക്കെ 9.50ന് ബോബി ജയിലിന് പുറത്തിറങ്ങിയതോടെ നാടകീയത വർധിച്ചു. കോടതി നടപടികൾ ആരംഭിച്ചയുടൻ ഇക്കാര്യവുമായി ബന്ധപ്പെട്ട് അഭിഭാഷകരോട് കോടതി വിശദീകരണം തേടുകയാണ് ആദ്യം ചെയ്തത്. ജാമ്യം ലഭിച്ചശേഷം എന്താണ് സംഭവിച്ചതെന്ന ചോദ്യത്തോടെയായിരുന്നു കോടതിയുടെ തുടക്കം. ജാമ്യഉത്തരവും റിലീസിങ് ഓർഡറും എത്താൻ വൈകിയതിനാലാണ് ഇറങ്ങാനാവാതിരുന്നതെന്നും കുറച്ചുമുമ്പ് പുറത്തിറങ്ങിയതായും അഭിഭാഷകൻ അറിയിച്ചു.
എന്നാൽ, ജാമ്യഉത്തരവ് നേരത്തേ ലഭ്യമാക്കിയിട്ടും സഹതടവുകാരിൽ ചിലർക്ക് ഐക്യദാർഢ്യം പ്രകടിപ്പിച്ച് മാധ്യമശ്രദ്ധക്കുവേണ്ടി ഒരുദിവസം കൂടി ജയിലിൽ തുടർന്ന ബോബിയുടെ നടപടി കോടതിയെ തരംതാഴ്ത്തലാണെന്നടക്കം അതിരൂക്ഷമായി വിമർശനങ്ങളുന്നയിച്ച കോടതി, ജാമ്യം റദ്ദാക്കാൻ നോട്ടീസ് നൽകുമെന്ന മുന്നറിയിപ്പ് നൽകി. ബുധനാഴ്ച രാവിലെ ഒമ്പതിനുശേഷമാണ് റിലീസിങ് ഓർഡർ കിട്ടിയതെന്ന് ബോബിക്കുവേണ്ടി ഹാജരായ അഭിഭാഷകൻ വീണ്ടും അറിയിച്ചതോടെ എവിടെയാണ് വീഴ്ച സംഭവിച്ചതെന്ന് കണ്ടെത്തി അറിയിക്കാൻ നിർദേശിച്ച് ഉച്ചക്ക് 12ന് ഹരജി പരിഗണിക്കാനായി മാറ്റി.
ഇതിനിടെ പുറത്തിറങ്ങിയ ബോബി സഹതടവുകാരുടെ ദുരിതവും താൻ രാത്രി അവിടെ തങ്ങിയത് അവർക്കുവേണ്ടിയാണെന്നുമടക്കം കാര്യങ്ങൾ മാധ്യമങ്ങളോട് ആവർത്തിച്ചു. 12ന് ഹരജി പരിഗണിക്കവേ കൂടുതൽ രൂക്ഷമായ പ്രതികരണമാണ് കോടതിയിൽനിന്നുണ്ടായത്. ബോബിക്കുവേണ്ടി അഭിഭാഷകൻ ക്ഷമ പറഞ്ഞെങ്കിലും അംഗീകരിക്കാതിരുന്ന കോടതി, ബോബി ചെമ്മണൂർ നിരുപാധികം മാപ്പ് പറയണമെന്നും ആവശ്യമെങ്കിൽ വിളിച്ചുവരുത്തുമെന്നുമുള്ള നിലപാടെടുത്തു. ജയിലിൽനിന്ന് ഇറങ്ങാതിരുന്നതിന് എന്താണ് യഥാർഥ കാരണമെന്ന് ഹരജിക്കാരനോടുതന്നെ ചോദിച്ചിട്ട് അറിയിക്കാൻ നിർദേശിച്ച കോടതി, വീണ്ടും ഉച്ചക്ക് 1.45ന് വിഷയം പരിഗണിക്കാൻ മാറ്റി. ജയിലിന് പുറത്തിറങ്ങിയശേഷം മാധ്യമങ്ങളിലൂടെ എന്താണ് പറഞ്ഞതെന്ന് അറിയിക്കാൻ പ്രോസിക്യൂഷനോടും ആവശ്യപ്പെട്ടു. ഫോണിലൂടെയാണെങ്കിലും വിവരം തേടി അറിയിക്കാൻ നിർദേശിച്ച കോടതി വീണ്ടും ഉച്ചക്കുശേഷം ഹരജി പരിഗണിച്ചു.
സഹതടവുകാരോട് ഐക്യദാർഢ്യം പ്രഖ്യാപിച്ചതാണെന്ന് പുറത്തിറങ്ങിയശേഷം പറഞ്ഞത് മാധ്യമങ്ങൾ ചോദ്യങ്ങളുമായി വളഞ്ഞപ്പോൾ നാവ് പിഴയായി സംഭവിച്ചതാണെന്നായിരുന്നു ഉച്ചക്കുശേഷം അഭിഭാഷകന്‍റെ വിശദീകരണം. കോടതിയുടെ മഹത്ത്വത്തെ ഇകഴ്ത്തിക്കാട്ടണമെന്ന ഉദ്ദേശ്യത്തോടെയല്ല പരാമർശങ്ങൾ നടത്തിയത്. റിലീസിങ് ഓർഡർ കിട്ടാത്തതാണ് പുറത്തിറങ്ങാൻ വൈകിയതിന്‍റെ കാരണം. നാവുപിഴ സംഭവിച്ചതിൽ നിരുപാധികം ഹരജിക്കാരൻ ഖേദം അറിയിക്കുന്നതായും നേരിട്ടറിയിക്കാൻ തയാറാണെന്നും അഭിഭാഷകൻ വ്യക്തമാക്കി.
കഴിഞ്ഞ ദിവസം പ്രതി അദ്ദേഹത്തിനുവേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകനെയുംകൂടിയാണ് അവഹേളിച്ചതെന്നും അദ്ദേഹത്തിനുവേണ്ടി കൂടിയാണ് കോടതിയുടെ നടപടിയെന്നും സിംഗിൾ ബെഞ്ച് വ്യക്തമാക്കി. സീനിയറിന് ലഭിച്ച അവഹേളനം നിങ്ങൾക്കും കിട്ടിയേക്കുമെന്ന് ഹരജിക്കാരന്‍റെ മറ്റ് അഭിഭാഷകർക്ക് കോടതി മുന്നറിയിപ്പും നൽകി. ഇനിമേലിൽ ഇത്തരം കാര്യങ്ങൾക്ക് പ്രതി വായ തുറക്കില്ലെന്ന് പറഞ്ഞ അഭിഭാഷകൻ, വീണ്ടും നിരുപാധികം മാപ്പപേക്ഷ അറിയിച്ചു. ഇത് സ്വീകരിച്ച കോടതി തുടർനടപടികൾ അവസാനിപ്പിക്കുകയായിരുന്നു. ഇതോടെയാണ് മണിക്കൂറുകളോളം നീണ്ട നാടകീയതക്കും അനിശ്ചിതത്വത്തിനും വിരാമമായത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

