ഇ.ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്; മൂന്ന് പ്രതികളുടെ ജാമ്യാപേക്ഷ കൂടി തള്ളി
text_fieldsതിരുവനന്തപുരം: ഇ.ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച് കൊലപ്പെടുത്തുകയായിരുന്നു പ്രതികളുടെ ഉദ്ദേശ്യമെന്നും അതിനാണ് ഉദ്യോഗസ്ഥർ സഞ്ചരിച്ച വാഹനത്തിന് നേരെ അവർ പാഞ്ഞടുത്തതെന്നും തങ്ങളുടെ പ്രവൃത്തി ഉദ്യോഗസ്ഥരുടെ മരണത്തിന് ഇടയാക്കുമെന്ന് പ്രതികൾക്ക് ഉത്തമ ബോധ്യമുണ്ടായിരുന്നെന്നും കോടതിയുടെ നിരീക്ഷണം. ഉദ്യോഗസ്ഥർ സഞ്ചരിച്ച വാഹനങ്ങൾ തകർത്ത് പ്രതികൾ പൊതുമുതൽ നശിപ്പിച്ചതായും കോടതി കണ്ടെത്തി.
അന്വേഷണത്തിന്റെ പ്രാരംഭ ഘട്ടത്തിൽ പ്രതികൾക്ക് ജാമ്യംനൽകുന്നത് അവർ ചെയ്ത കുറ്റം ലഘൂകരിക്കുന്നത് പോലെ ആകുമെന്ന വിലയിരുത്തലും കോടതി നടത്തി. പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ വീട്ടിൽ പരിശോധനക്കെത്തിയ ഇ.ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിലെ മൂന്ന് പ്രതികളുടെ ജാമ്യാപേക്ഷ തള്ളി, ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് ടാനിയ മറിയം ജോസാണ് ഈ നിരീക്ഷണം നടത്തിയത്.
വട്ടിയൂർക്കാവ് മാർക്കറ്റ് ലൈൻ അനിൽ നിവാസിൽ അനിൽ കുമാർ, മണക്കാട് ആറ്റുകാൽ പാടശ്ശേരി രാമചന്ദ്രനിലയത്തിൽ എസ്.എൽ വിജയ്, മണക്കാട് കിള്ളിത്തറ പുത്തൻ വീട്ടിൽ നിഷാദ് എന്നീ പ്രതികളുടെ ജാമ്യഹരജിയാണ് കോടതി തള്ളിയത്. അസി. പബ്ലിക് പ്രോസിക്യൂട്ടർ കല്ലമ്പള്ളി മനുവിന്റെ വാദം അംഗീകരിച്ചാണ് കോടതി നടപടി. അതിനിടെ ഇ.ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിൽ റിമാൻഡിൽ കഴിയുന്ന സി.പി.എം പാളയം ലോക്കൽ കമ്മറ്റി സെക്രട്ടറി ഐ.പി ബിനു ഉൾപ്പെടെ എട്ട് പ്രതികൾ കൂടി ജില്ല കോടതിയിൽ ജാമ്യ ഹരജി ഫയൽ ചെയ്തു. ഹരജികൾ ജൂലൈ മൂന്നിന് കോടതി പരിഗണിക്കും.
നേതാക്കൾ ഉൾപ്പെട്ട ഗൂഢാലോചന സി.പി.എമ്മിനെതിരെ ഇ.ഡി കോടതിയിൽ
തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ വീട്ടിൽ പരിശോധന നടത്തി മടങ്ങിയ ഉദ്യോഗസ്ഥരെ ആക്രമിച്ച സംഭവത്തിൽ സി.പി.എം നേതൃത്വത്തെ പ്രതിക്കൂട്ടിലാക്കി ഇ.ഡി. പ്രതികളുടെ ജാമ്യം എതിർത്ത് പ്രിൻസിപ്പൽ സെഷൻസ് കോടതിയിൽ സമർപ്പിച്ച റിപ്പോർട്ടിലാണ് സി.പി.എമ്മിനെതിരെ രൂക്ഷ ആരോപണം ഉന്നയിച്ചത്. ഇ.ഡി ഉദ്യോഗസ്ഥർക്ക് നേരെ നടന്ന ആക്രമണത്തിന് പിന്നിൽ ഉന്നത സി.പി.എം നേതാക്കളുൾപ്പെട്ട ഗൂഢാലോചനയാണെന്നും സാഹചര്യത്തെളിവുകളിൽ ഇത് വ്യക്തമാണെന്നും റിപ്പോർട്ടിൽ പറയുന്നു. സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ, ജില്ല സെക്രട്ടറി വി. ജോയ് ഉൾപ്പെടെയുള്ളവരുടെ മുന്നിലാണ് ആക്രമണം നടന്നത്. ഇവരുടെ പ്രകോപനപരമായ പ്രസംഗം അക്രമം നടത്താൻ അണികൾക്കുള്ള സൂചനകളായിരുന്നു. ഇ.ഡി ഉദ്യോഗസ്ഥരെ ആക്രമിക്കാൻ നേതാക്കൾ അണികളെ പ്രേരിപ്പിച്ചു. സി.പി.എമ്മിന്റെ ആഴത്തിലുള്ള രാഷ്ട്രീയ ഗൂഢാലോചന ഈ അക്രമത്തിന് പിന്നിലുണ്ടെന്നും ഇ.ഡി ആരോപിക്കുന്നു.
വെറുമൊരു പ്രാദേശിക ക്രമസമാധാന പ്രശ്നമല്ല അവിടെയുണ്ടായത്. ബോധപൂർവം നിയമവാഴ്ചക്ക് നേരെയുള്ള വെല്ലുവിളിയായിരുന്നു അത്. സി.പി.എം പാർട്ടിയോ നേതൃത്വമോ ഈ കേസിന്റെ അന്വേഷണ പരിധിയിൽ നിലവിലില്ല. പ്രതി ടി. വീണ താമസിക്കുന്ന വീട്ടിലാണ് ഇ.ഡി ഉദ്യോഗസ്ഥർ റെയ്ഡ് നടത്തിയത്. എന്നിട്ടും ഉദ്യോഗസ്ഥരെ ആക്രമിച്ചു. ആക്രമണത്തിന് ആസൂത്രണ ശ്രമം നടന്നെന്ന് ദൃശ്യങ്ങളിൽ വ്യക്തമാണ്. റോഡിന്റെ പല ഭാഗങ്ങളിലായി ആയുധങ്ങളുമായാണ് പ്രവർത്തകർ നിന്നത്. പൊലീസ് ഇടപെടൽ ഉണ്ടായില്ലെങ്കിൽ ഇ.ഡി ഉദ്യോഗസ്ഥർ വധിക്കപ്പെടുമായിരുന്നു. ഇ.ഡി ഉദ്യോഗസ്ഥർക്ക് സിവിൽ കോടതിയുടെ അധികാരമുണ്ട്. ആ അധികാരം ഉപയോഗിച്ചാണ് വീണയുടെ വീട്ടിലെ പരിശോധനയെന്നും ഇ.ഡി റിപ്പോർട്ടിൽ വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

