ഇടവക ഇടഞ്ഞു; ജസ്റ്റിന്-വിജി വിവാഹം പള്ളിക്ക് പുറത്തെ വേദിയിൽ
text_fieldsകാഞ്ഞങ്ങാട്: സഭ മാറി വിവാഹം ചെയ്താൽ പുറത്താകാതിരിക്കാൻ കോടതി ഉത്തരവുണ്ടായിട്ടും പ്രതിശ്രുത വധൂവരന്മാർക്ക് താലികെട്ടാൻ ക്നാനായ സഭ കനിഞ്ഞില്ല. സഭയുടെ പിന്തുണയോടെ വിവാഹം നടക്കാതായതോടെ പള്ളിക്ക് പുറത്തെ വേദിയിൽവെച്ച് ഇരുവരും മാലചാർത്തി ഒന്നായി. കൊട്ടോടിയിലെ ഓട്ടോ തൊഴിലാളിയായ ജസ്റ്റിന് ജോണ്‍ മംഗലത്തിന്റെയും വിജിമോളുടെയും വിവാഹമാണ് കോടതിയുടെ പരിരക്ഷയുണ്ടായിട്ടും സഭയുടെ പിന്തുണയില്ലാതെ നടന്നത്.
ക്നാനായ വിവാഹത്തർക്കം ഇതോടെ കോടതിയലക്ഷ്യ നടപടിയിലേക്ക് നീങ്ങുകയാണ്. വ്യാഴാഴ്ച കൊട്ടോടി സെൻറ് സേവേഴ്യസ് ചർച്ചിലാണ് വിവാഹം നടത്താൻ നിശ്ചയിച്ചിരുന്നത്. എന്നാൽ കോടതി ഉത്തരവുണ്ടായിട്ടും ആചാരപ്രകാരം വിവാഹം നടത്തിക്കൊടുക്കാൻ തയാറായില്ല. വിവാഹം നടക്കാതിരിക്കാൻ ഇടവക അധികാരികൾ പള്ളിയിൽ വിശ്വാസികളെ പങ്കെടുപ്പിച്ച് പ്രാർഥന യജ്ഞം നടത്തുകയും ചെയ്തു. ജസ്റ്റിന് ക്നാനായ സഭാംഗത്വം നിലനിര്‍ത്തി മറ്റൊരു രൂപതയില്‍നിന്ന് വിവാഹം കഴിക്കാന്‍ തീരുമാനിക്കുകയായിരുന്നു.
വിജിമോൾ സിറോ മലബാര്‍ സഭയിലെ അംഗമാണ്. സഭയിലെ നവീകരണ പ്രസ്ഥാനമായ കെ.സി.എന്‍.സി നടത്തിയ നിയമപോരാട്ടത്തെ തുടർന്നായിരുന്നു സഭ മാറിയുള്ള വിവാഹത്തിന് ഇരുവരും തയാറെടുത്തത്.തലശ്ശേരി അതിരൂപതയിലെ പള്ളിയില്‍വെച്ചാണ് നേരത്തേ ജസ്റ്റിന്റെയും വിജിമോളുടെയും വിവാഹ നിശ്ചയം നടന്നത്. എന്നാൽ വിവാഹക്കുറി നൽകാൻ ഇടവക തയാറാകാത്തതിനെ തുടർന്നാണ് ആചാരപ്രകാരമുള്ള വിവാഹം നടക്കാതെപോയത്.
മറ്റു സഭാംഗത്തെ വിവാഹം കഴിക്കുന്നവര്‍ സ്വയം ഭ്രഷ്ട് സ്വീകരിച്ച് സഭക്ക് പുറത്തുപോകണമെന്നായിരുന്നു സഭാനിയമം. ഇതിനെതിരെ കോട്ടയം അതിരൂപതാംഗമായ കിഴക്കേ നട്ടാശ്ശേരി ഇടവകാംഗം ബിജു ഉതുപ്പാണ് നീണ്ട നിയമപോരാട്ടത്തിനിറങ്ങിയത്.
അനുമതി നിഷേധിച്ചെന്ന വാർത്ത തെറ്റ് -കോട്ടയം അതിരൂപത
കോട്ടയം: കോട്ടയം അതിരൂപതയിലെ കാസർകോട് കൊട്ടോടി ഇടവക നാരമംഗലത്ത് (തച്ചേരിൽ) ജസ്റ്റിന്റെ വിവാഹത്തിന് സഭ അനുമതി നിഷേധിച്ചെന്ന വാർത്ത തെറ്റാണെന്ന് പി.ആർ.ഒ ഫാ. ജോർജ് കറുകപ്പറമ്പിൽ അറിയിച്ചു. ഹൈകോടതി ഇടക്കാല ഉത്തരവ് അവലംബിച്ച് ക്നാനായ സമുദായാംഗമല്ലാത്ത യുവതിയെ വിവാഹം കഴിക്കാൻ അപേക്ഷ നൽകിയിരുന്നു.
വിവാഹത്തിന് എൻ.ഒ.സി ലഭ്യമാക്കുന്നതിനുവേണ്ട നടപടി വ്യക്തമാക്കി കോട്ടയം അതിരൂപത കൂരിയയിൽനിന്ന് മാർച്ച് 30ന് ജസ്റ്റിന് മറുപടി നൽകി. ക്നാനായ സമുദായാംഗമല്ലാത്ത യുവതിയെ വിവാഹം കഴിക്കുന്നതിനാൽ പള്ളിയിൽവെച്ച് നടത്താനാവില്ലെന്ന് കത്തിൽ പറഞ്ഞിരുന്നു. ഏപ്രിൽ 24നാണ് വിവാഹം എന്നാണ് ജസ്റ്റിൻ അപേക്ഷയിൽ പറഞ്ഞിരുന്നത്.
അതനുസരിച്ച് ഒത്തുകല്യാണത്തിനുള്ള രേഖ നൽകുകയും ചെയ്തു. എന്നാൽ, ഒത്തുകല്യാണം മുറപ്രകാരം നടത്തി എന്ന് വ്യക്തമാക്കുന്ന, സഭ നിശ്ചയിച്ച രേഖയോ വിവാഹം എന്ന കൂദാശ സ്വീകരിക്കാനൊരുങ്ങുന്നവർ നിർബന്ധമായി നൽകേണ്ട വിവാഹ ഒരുക്ക സർട്ടിഫിക്കറ്റോ സമർപ്പിച്ചില്ല. മറ്റ് നടപടിക്രമങ്ങളും പാലിച്ചില്ല. വിവാഹത്തീയതി മേയ് 18 ആണ് എന്ന് വ്യക്തമാക്കി ജസ്റ്റിൻ എൻ.ഒ.സിക്കായി വികാരിയച്ചനെ സമീപിച്ചത് തലേന്നുമാത്രമാണെന്നും രൂപത പത്രക്കുറിപ്പിൽ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

