കേസ് എടുക്കാനുള്ള കോടതി ഉത്തരവ് മുഖ്യമന്ത്രിക്കേറ്റ കനത്ത തിരിച്ചടി-രമേശ് ചെന്നിത്തല
text_fieldsതിരുവനന്തപുരം: ഇ.പി. ജയരാജനെതിരെ കേസെടുക്കാനുള്ള കോടതി ഉത്തരവ് മുഖ്യമന്ത്രിക്കേറ്റ കനത്ത തിരിച്ചടിയെന്നു കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. വിമാനസംഭവത്തിൽ മുഖ്യമന്ത്രി നിയമസഭയിൽ കള്ളം പറഞ്ഞു. തനിക്കെതിരായി ഉണ്ടായ സംഭവത്തിൽ എന്തെല്ലാം തെറ്റിധാരണ പരത്തുന്ന കാര്യങ്ങളാണു മുഖ്യമന്ത്രി നിയമസഭയിൽ പറഞ്ഞത്.
തുടക്കം മുതലേ സർക്കാരും ആഭ്യന്തരവകുപ്പും ഇക്കാര്യത്തിൽ നടത്തിക്കൊണ്ടിരിക്കുന്ന കള്ളക്കളി ദിനംപ്രതി ചീട്ടുകൊട്ടാരംപോലെ പൊളിഞ്ഞുവീഴുകയാണ്. എന്തൊരു നാണക്കേടാണ് ഇക്കാര്യത്തിൽ പോലീസ് വരുത്തിവെച്ചത്. ഇന്നലെ നടന്ന സംഭവങ്ങൾ ആകെ പോലീസിനെ നാണം കെടുത്തുന്നതും വിശ്വാസ്യത തന്നെ നഷ്ടപ്പെടുത്തുന്നതുമായിരുന്നു. ചരിത്രത്തിൽ ഒരിക്കലുമില്ലാത്ത രാഷ്ട്രീയ ഇടപെടലുകളാണ് നടന്നുകൊണ്ടിരിക്കുന്നത്.
പോലീസിലെ ഇടത് അനുഭാവ അസോസിയേഷന്റെ നിയന്ത്രണത്തിലാണ് പോലീസെന്ന ആരോപണം വളരെ ഗൗരവമുള്ളതാണ്. മുതിർന്ന മാധ്യമപ്രവർത്തകൻ വിനു വി. ജോണിനെതിരെ കേസെടുത്തതിനു പിന്നിൽ അസഹിഷ്ണുതയാണ്. സത്യം പറയുന്നവരുടെ വായ് മൂടികെട്ടുന്ന സംഘ് പരിവാർ സർക്കാരിന്റെ അതേ നയമാണു പിണറായിയും പിന്തുടരുന്നതെന്ന് വ്യക്തമാക്കുന്നതാണ് ഈ നടപടി. ഇത് കേരളമാണെന്ന കാര്യം അദ്ദേഹം മറന്നു പോകുന്നു.ഇതുകൊണ്ടൊന്നും മാധ്യമങ്ങളുടെ വായ് മൂടിക്കെട്ടാമെന്ന് കരുതേണ്ടെന്നും ചെന്നിത്തല പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

