Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_right‘കോടതി നൽകിയത് ഏറ്റവും...

‘കോടതി നൽകിയത് ഏറ്റവും കുറഞ്ഞ ശിക്ഷ, സമൂഹത്തിന് തെറ്റായ സന്ദേശം നൽകും’; ശിക്ഷയിൽ നിരാശനെന്നും പ്രോസിക്യൂട്ടർ

text_fields
bookmark_border
Actress Attack Case
cancel

കൊച്ചി: നടിയെ തട്ടിക്കൊണ്ടുപോയി കൂട്ടബലാത്സംഗം ചെയ്ത കേസില്‍ കുറ്റക്കാരായി കണ്ടെത്തിയ ആറു പ്രതികൾക്കും വിധിച്ച ശിക്ഷയിൽ നിരാശനാണെന്ന് പ്രോസിക്യൂഷൻ അഭിഭാഷകൻ അഡ്വ. വി. അജകുമാർ. പ്രതികൾക്ക് നൽകിയത് ഏറ്റവും കുറഞ്ഞ ശിക്ഷയാണെന്നും ഇത് സമൂഹത്തിന് തെറ്റായ സന്ദേശം നൽകുമെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.

ശിക്ഷയിൽ നിരാശയുണ്ട്. പരമാവധി ശിക്ഷക്കായി വാദിച്ചിരുന്നെങ്കിലും ഐ.പി.സി 376 ഡി വകുപ്പ് പ്രകാരം പാര്‍ലമെന്റ് നിശ്ചയിച്ചിരിക്കുന്ന മിനിമം ശിക്ഷ മാത്രമാണ് ലഭിച്ചത്. ഇത് സമൂഹത്തിന് തെറ്റായ സന്ദേശം നല്‍കും. ശിക്ഷാവിധിയിൽ അപ്പീല്‍ പോകാന്‍ സര്‍ക്കാറിന് ശുപാർശ നൽകും. കേസിനെ സംബന്ധിച്ചിടത്തോളം യാതൊരുവിധ നിരാശയുമില്ല. പ്രോസിക്യൂഷന് തിരിച്ചടിയില്ല. ഈ പാസ്പോർട്ട് കിട്ടുന്നതിനു വേണ്ടിയാണ് കഴിഞ്ഞ മൂന്നരവർഷം ഈ കോടതിമുറിയിൽ വെന്തുനീറിയത്. ആ പ്രയാസങ്ങളെല്ലാം പിന്നീട് വേണ്ട സ്ഥലങ്ങളിൽ വേണ്ടവിധത്തിൽ അവതരിപ്പിക്കും. അതിനുള്ള പരിഹാരങ്ങൾ നേടും. നീതി കിട്ടുമെന്നുതന്നെയാണ് പ്രതീക്ഷയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

പ്രോസിക്യൂഷൻ സമർപ്പിച്ച തെളിവുകളിൽ ഏതെല്ലാമാണ് കോടതി അംഗീകരിക്കാതിരുന്നതെന്ന് വിധിന്യായം വായിച്ചാൽ മാത്രമേ മനസിലാക്കാനാകൂ. അതിനുശേഷം ആവശ്യമായ നടപടികള്‍ സ്വീകരിക്കും. എട്ടാം പ്രതിയായ ദിലീപിനെ വെറുതേവിട്ട നടപടി സംബന്ധിച്ചും കേസ് പഠിച്ചാലേ പറയാനാകൂവെന്നും അദ്ദേഹം പ്രതികരിച്ചു. കേസിലെ ആറു പ്രതികളെയും 20 വർഷം കഠിന തടവിനാണ് എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി ജഡ്ജി ഹണി എം. വര്‍ഗീസ് ശിക്ഷിച്ചത്. ഒന്നാം പ്രതി പള്‍സര്‍ സുനി എന്ന എന്‍.എസ്. സുനില്‍ (37), രണ്ടാം പ്രതി മാര്‍ട്ടിന്‍ ആന്റണി (33), മൂന്നാം പ്രതി ബി. മണികണ്ഠന്‍ (36), നാലാം പ്രതി വി.പി. വിജീഷ് (38), അഞ്ചാം പ്രതി വടിവാള്‍ സലിം എന്ന എച്ച്. സലിം (29), ആറാം പ്രതി പ്രദീപ് (31) എന്നിവരാണ് കുറ്റക്കാർ.

പ്രതികൾ 50,000 രൂപ പിഴയും അടക്കണം. പിഴ ഒടുക്കിയില്ലെങ്കിൽ ഒരു വർഷം കൂടി തടവ് അനുഭവിക്കണം. അതിജീവിതക്ക് അഞ്ചു ലക്ഷം രൂപ പിഴ തുകയിൽനിന്ന് നൽകാനും കോടതി ഉത്തരവിട്ടു. ഒന്നാം പ്രതി സുനിലിന് ഐ.ടി ആക്ട് പ്രകാരം അഞ്ചു വർഷം കൂടി തടവ് വിധിച്ചിട്ടുണ്ട്. എന്നാൽ, ഇത് 20 വർഷത്തെ കഠിന തടവിനൊപ്പം അനുഭവിച്ചാൽ മതി. ആറു പ്രതികളെയും വിയ്യൂർ സെൻട്രൽ ജയിലിലേക്ക് മാറ്റും. 439 ദിവസങ്ങളായി നടന്ന വിചാരണ നടപടികൾക്ക് താൽക്കാലിക അന്ത്യം കുറിച്ചാണ് എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതി പ്രതികളെ കുറ്റക്കാരായി കണ്ടെത്തുകയും ശിക്ഷ വിധിക്കുകയും ചെയ്തത്. കുറ്റകൃത്യം അത്യന്തം ഗുരുതരവും ഗൗരവമേറിയതുമായതിനാൽ പ്രതികൾക്ക് ഒരുവിധത്തിലുള്ള ഇളവിനും അർഹതയില്ലെന്ന് കോടതി വ്യക്തമാക്കിയിരുന്നു.

പ്രതികളുടെ പ്രായവും കുടുംബ പശ്ചാത്തലവും കൂടി പരിഗണിച്ചാണ് കോടതി വിധി പറഞ്ഞത്. പ്രതികൾക്ക് ജീവപര്യന്തം ശിക്ഷയാണ് പ്രോസിക്യൂഷൻ ആവശ്യപ്പെട്ടത്. പ്രതികളെല്ലാം വിചാരണ തടവ് കുറച്ചുള്ള ശിക്ഷ അനുഭവിച്ചാൽ മതിയാകും. പൾസർ സുനി ഏഴര വർഷം വിചാരണ തടവുകാരനായി കഴിഞ്ഞതിനാൽ ബാക്കി പന്ത്രണ്ടര വർഷം കൂടി തടവ് അനുഭവിച്ചാൽ മതി. മാർട്ടിൻ പതിമൂന്നര വർഷവും ബാക്കിയുള്ള നാലു പ്രതികൾ 15 വർഷവും തടവിൽ കഴിയണം. ശിക്ഷാ വിധി കേട്ട് പ്രതികളെല്ലാം കോടതിയിൽ പൊട്ടിക്കരഞ്ഞു. അതിജീവിതക്ക് മോതിരം തിരികെ നൽകണമെന്നും ആക്രമണ ദൃശ്യം സൂക്ഷിച്ച് കൈകാര്യം ചെയ്യണമെന്നും കോടതി നിർദേശം നൽകി.

കൂട്ടബലാത്സംഗം, തട്ടിക്കൊണ്ടുപോകൽ പ്രേരണാക്കുറ്റം, തെളിവ് നശിപ്പിക്കൽ ഗൂഢാലോചന, ബലപ്രയോഗത്തിലൂടെ സ്ത്രീകളെ അപമാനിക്കൽ, നഗ്നയാകാൻ നിർബന്ധിക്കൽ, തൊണ്ടിമുതൽ ഒളിപ്പിക്കൽ, ഭീഷണിപ്പെടുത്തൽ, അന്യായമായി തടവിൽ പാർപ്പിക്കൽ, സ്വകാര്യത ലംഘിച്ച് അപകീർത്തികരമായ ചിത്രമെടുക്കൽ, ലൈംഗികചൂഷണ ദൃശ്യങ്ങൾ പ്രചരിപ്പിക്കൽ എന്നീ കുറ്റങ്ങളാണ് പ്രതികൾക്കെതിരെ ചുമത്തിയത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Actress Attack CaseRape Case
News Summary - The court gave the minimum sentence and it will send the wrong message -Prosecutor
Next Story