35കാരിയെ തലക്കടിച്ചു കൊന്ന കേസിൽ ഭർത്താവ് കുറ്റക്കാരനെന്ന് കോടതി; ശിക്ഷ നാളെ വിധിക്കും
text_fieldsതിരുവനന്തപുരം: 35കാരിയെ തലയ്ക്കടിച്ചു കൊലപ്പെടുത്തിയ കേസിൽ ഭർത്താവ് സന്തോഷ്(36) കുറ്റക്കാരനാണെന്ന് കോടതി. സ്ഥിരമായി മദ്യപിച്ച് വന്ന് ശാരീരികമായി ഉപദ്രവിക്കുന്നതിന് സുരേഷിനെതിരെ നിഷ ആറ്റിങ്ങൽ പൊലീസിൽ പരാതി നൽകിയതാണ് കൊലപാതകത്തിലേക്ക് നയിച്ചത്. ശിക്ഷ നാളെ വിധിക്കും.
2011 ഒക്ടോബർ 27 നായിരുന്നു കേസിനാസ്പദമായ സംഭവം. ഭർത്താവ് സന്തോഷ് സ്ഥിരം മദ്യപാനിയാണ്. മദ്യപിച്ച് വന്ന് നിരന്തരം നിഷയെ ദേഹോപദ്രവം ചെയ്യുമായിരുന്നു. മർദനം സഹിക്ക വയ്യാതായപ്പോൾ സംഭവത്തിന് തലേദിവസം നിഷ ആറ്റിങ്ങൽ പോലീസ് സ്റ്റേഷനിൽ പരാതി നൽകി. തുടർന്ന് സന്തോഷിനെ തിരഞ്ഞ് പോലീസ് നിഷയുടെ വീട്ടിലെത്തി. ഇതറിഞ്ഞ സന്തോഷ് അന്ന് വീട്ടിൽ നിന്നും മാറി നിന്ന ശേഷം പിറ്റേ ദിവസം രാവിലെ ഏഴ് മണിയോടെ നിഷയുടെ വീട്ടിലെത്തി നിഷയുമായി വഴക്കിട്ടു. നിഷയുടെ മാതാവ് രാധയും,സഹോദരി രമ്യയും വീട്ടിലുള്ളത് കാരണം സന്തോഷ് മടങ്ങി വീടിനു തൊട്ടടുത്ത വേങ്ങോട് ജംഗ്ഷനിലേക്ക് പോയി.
നിഷയുടെ സഹോദരി ജോലിക്കു പോവുകയും നിഷയുടെ അമ്മ രാധ വീട്ടു സാധനങ്ങൾ വാങ്ങാൻ വേങ്ങോട് ' ജംഗ്ഷനിലേക്ക് വരുന്നതും കണ്ട സന്തോഷ് വീട്ടിൽ ആരുമില്ലെന്ന് ഉറപ്പാക്കിയ ശേഷം രാവിലെ പത്തുമണിയോടെ നിഷയുടെ വീട്ടിലെത്തി അലക്കുകയായിരുന്ന നിഷയെ കമ്പിപ്പാര ഉപയോഗിച്ച് തലയ്ക്കടിച്ച് വീഴ്ത്തുകയായിരുന്നു.
കൊല്ലപ്പെട്ട നിഷയുടെ മകൾ സനീഷ, അയൽവാസി സുനിത എന്നിവരായിരുന്നു കേസിലെ പ്രധാന ദൃക്സാക്ഷികൾ. അച്ഛൻ അമ്മയെ കമ്പിപ്പാര കൊണ്ട് തലയ്ക്കടിച്ചു വീഴ്ത്തിയത് കണ്ടുവെന്ന് മകൾ സനീഷയും തറയിൽ വീണ നിഷയെ വീണ്ടും സന്തോഷ് മർദ്ദിക്കുന്നത് കണ്ടുവെന്ന് അയൽവാസി സുനിതയും കോടതി മുമ്പാകെ മൊഴി നൽകി.മകളുടെ നിലവിളി കേട്ട് പരിസരവാസികൾ ഓടിക്കൂടിയപ്പോൾ സംഭവസ്ഥലത്തുനിന്നു ഓടി വേങ്ങോട് ജംഗ്ഷനിലെത്തിയ പ്രതിയെ നാട്ടുകാർ പിടികൂടി ആറ്റിങ്ങൽ പൊലീസിൽ ഏൽപ്പിക്കുകയായിരുന്നു.
തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ നിഷയെ മെഡിക്കൽ കോളജിൽ എത്തിച്ചെങ്കിലും പിറ്റേ ദിവസം മരിച്ചു. വിചാരണയുടെ ആദ്യ ഘട്ടത്തിൽ കോടതിയിൽ ഹാജരുണ്ടായിരുന്ന പ്രതി പിന്നീട് ഒളിവിൽ പോയി. തുടർന്ന് വിചാരണ നിർത്തിവച്ചു. പോലീസ് പ്രതിയെ പിടികൂടി ഹാജരാക്കിയതിനെ തുടർന്ന് ജുഡീഷ്യൽ കസ്റ്റഡിയിൽ കിടന്നാണ് പ്രതി വിചാരണ നേരിട്ടത്. പ്രോസിക്യൂഷന് വേണ്ടി പബ്ലിക് പ്രോസിക്യൂട്ടർ എം.സലാഹുദീൻ, ദേവിക മധു, അഖിലാ ലാൽ എന്നിവർ ഹാജരായി.
14 സാക്ഷികളെ പ്രോസിക്യൂഷൻ വിസ്തരിച്ചു.18 രേഖകളും ഏഴ് തൊണ്ടി മുതലുകളും പ്രോസിക്യൂഷൻ കോടതിയിൽ ഹാജരാക്കി. ആറ്റിങ്ങൽ പോലീസ് മുൻ സർക്കിൾ ഇൻസ്പക്ടറും ഇപ്പോൾ ഡി.സി.ആർ.ബി ഡി.വൈ.എസ്.പിയുമായ ബി.അനിൽകുമാറാണ് അന്വേഷണം നടത്തി കുറ്റപത്രം ഹാജരാക്കിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

