നടിയെ ആക്രമിച്ച കേസിലെ മാപ്പുസാക്ഷിയെ കോടതിയിൽ ഹാജരാക്കാൻ നിർദേശം
text_fieldsകൊച്ചി: നടിയെ ആക്രമിച്ച കേസിൽ മാപ്പ് സാക്ഷിയായി ജയിൽ മോചിതനായ വിപിൻ ലാലിനെ ഹാജരാക്കാൻ പ്രത്യേക വിചാരണക്കോടതിയുടെ നിർദേശം. കേസിലെ എട്ടാംപ്രതിയായ ദിലീപ് നൽകിയ ഹരജിയിലാണ് വിചാരണക്കോടതിയുടെ നടപടി. വിപിൻ ലാലിനെ ഇന്ന് കസ്റ്റഡിയിലെടുത്ത് നാളെ കോടതിയിൽ ഹാജരാക്കണമെന്നാണ് നിർദേശം. രേഖകളുമായി ഹാജരാകാൻ വിയ്യൂർ ജയിൽ സൂപ്രണ്ടിനോടും നിർദേശിച്ചിട്ടുണ്ട്.
സാക്ഷിയെ സ്വാധീനിക്കാൻ ശ്രമിച്ചതിന് കെ.ബി ഗണേഷ്കുമാർ എം.എൽ.എയുടെ പി.എ പ്രദീപിനെ അടുത്തിടെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. തന്നെ പ്രദീപ് ഭീഷണിപ്പെടുത്തിയെന്നാണ് വിപിൻലാൽ ബേക്കൽ പൊലീസിൽ പരാതി നൽകിയിരുന്നു. തുടർന്നാണ് പ്രദീപിനെ പൊലീസ് അറസ്റ്റ് ചെയ്തത്.
തുടർന്നാണ് വിപിൻ ലാൽ ജാമ്യത്തിൽ ഇറങ്ങിയതിനെക്കുറിച്ച് ദിലീപ് കോടതിയിൽ പരാതി നൽകിയത്. തുടർന്ന് നടത്തിയ പരിശോധനയിലാണ് മറ്റൊരു കേസിലാണ് വിപിൻ ലാലിന് ജാമ്യം ലഭിച്ചതെന്ന് വ്യക്തമായത്. ജാമ്യം ലഭിച്ചിട്ടില്ലാത്ത സാഹചര്യത്തിൽ വിപിൻ ലാലിനെ വീണ്ടും ജയിലിലേക്ക് അയക്കാനാണ് സാധ്യത.

