കോവിഡിലും തളരാതെ 'കൊറോണ' പ്രസവിച്ചു; പെൺകുഞ്ഞ്
text_fieldsകൊല്ലം: കോവിഡ് കീഴടക്കിയെങ്കിലും 'കൊറോണ' പെൺകുഞ്ഞിന് ജൻമം നൽകി. കൊല്ലം ഗവ. മെഡിക്കൽ കോളജിലാണ് കടവൂർ മതിലിൽ സ്വദേശിനി കൊറോണയെന്ന യുവതിയുടെ പ്രസവം നടന്നത്. വ്യാഴാഴ്ച പുലർച്ചെ രണ്ടരയോടെയാണ് 24കാരി കൊറോണ തെൻറ രണ്ടാമത്തെ കുഞ്ഞിന് ജൻമം നൽകിയത്. പെൺകുഞ്ഞിന് അർപ്പിതയെന്നാണ് പേര് നൽകിയിരിക്കുന്നത്. അഞ്ചു വയസുള്ള മൂത്ത മകെൻറ പേര് അർണവ് എന്നാണ്.
കടവൂർ മതിലിൽ കാട്ടുവിളയിൽ തോമസിേൻറയും ഷീബയുടേയും മകളാണ് കൊറോണ. സൂര്യന് ചുറ്റുമുള്ള പ്രകാശ വലയം എന്ന അർഥം വരുന്ന പേരെന്ന നിലയിലാണ് മകൾക്ക് കൊറോണ എന്ന പേര് നൽകിയത്. ഇരട്ട സഹോദരന് പവിഴം എന്ന അർഥം വരുന്ന കോറൽ എന്നും പേരിട്ടു.
മകൾക്ക് വ്യത്യസ്തവും അർഥവത്തുമായ പേര് നൽകിയപ്പോൾ വർഷങ്ങൾക്കിപ്പുറം പേരിെൻറ കൗതുകം ഇത്രത്തോളം വർധിക്കുമെന്ന് തോമസും ഷീബയും സ്വപ്നത്തിൽ പോലും കരുതിയതല്ല. ഷീബയുടെ ബ്യൂട്ടി പാർലറിനും കൊറോണ എന്ന പേരാണ് നൽകിയത്. പ്രവാസിയായ ജിനുവാണ് കൊറോണയുടെ ഭർത്താവ്.
ഈ മാസം 10നാണ് യുവതിയെ ആശുപത്രിയിലെത്തിച്ചത്. രജിസ്ട്രേഷൻ സമയത്ത് പേര് 'കൊറോണ' എന്നു പറഞ്ഞപ്പോൾ അവർ ആശ്ചര്യത്തോടെയാണ് നോക്കിയത്.
പേരു പോലെ തന്നെ ലോകത്തെ നടുക്കുന്ന കൊറോണ വൈറസ് കൊറോണയുടെ ശരീരത്തേയും കീഴടക്കി. ഗർഭവുമായി ബന്ധപ്പെട്ട് ആശുപത്രിയിൽ നടത്തിയ പരിശോധനയിലാണ് 'കൊറോണ'ക്ക് കോവിഡ് സ്ഥിരീകരിച്ചത്.