നാമനിർദേശ പത്രിക സമയത്ത് തുടങ്ങിയ വിവാദം; ഒടുവിൽ സുപ്രീംകോടതിയിൽ അവസാനം
text_fieldsതൊടുപുഴ: ദേവികുളം സംവരണ മണ്ഡലത്തിൽനിന്ന് എം.എൽ.എയായി തെരഞ്ഞെടുക്കപ്പെട്ട സി.പി.എമ്മിലെ എ. രാജയുടെ ജാതിയെച്ചൊല്ലി ഉയർന്ന വിവാദങ്ങൾക്കും നിയമപോരാട്ടങ്ങൾക്കും ഒടുവിൽ സുപ്രീംകോടതിയിൽ അവസാനം. 2021ലെ നിയമസഭ തെരഞ്ഞെടുപ്പിനുള്ള നാമനിർദേശപത്രിക സമയത്തുതന്നെ എ. രാജയുടെ ജാതി സംബന്ധിച്ച തർക്കം യു.ഡി.എഫ് ഉന്നയിച്ചിരുന്നു. എന്നാൽ, അംഗീകരിക്കപ്പെട്ടില്ല.
നിയമസഭാ തെരഞ്ഞെടുപ്പിൽ രാജ കോൺഗ്രസിലെ ഡി. കുമാറിനെ 7848 വോട്ടിന് പരാജയപ്പെടുത്തി മണ്ഡലം നാലാംവട്ടവും എൽ.ഡി.എഫിനൊപ്പം നിലനിർത്തി. എന്നാൽ, പിന്നീട് പോരാട്ടം ഹൈകോടതിയിലേക്ക് നീണ്ടു. രാജ പട്ടികജാതി വിഭാഗക്കാരനല്ലെന്നും പരിവർത്തിത ക്രിസ്ത്യാനിയാണെന്നും ചൂണ്ടിക്കാട്ടിയാണ് യു.ഡി.എഫ് സ്ഥാനാർഥി ഡി. കുമാർ കോടതിയെ സമീപിച്ചത്. രാജ ക്രിസ്ത്യൻ സി.എസ്.ഐ വിഭാഗക്കാരനാണെന്നും ഹിന്ദു പറയ എന്ന് നാമനിർദേശ പത്രികയിൽ രേഖപ്പെടുത്തിയത് തെറ്റാണെന്നുമായിരുന്നു കുമാറിന്റെ വാദം.
വിധിയിൽ നിരാശയുണ്ട്. ജനങ്ങൾക്കിടയിൽ പോരാട്ടം തുടരും -ഡി. കുമാർ
ഇതിനായി രാജ ജനിച്ച കെ.ഡി.എച്ച്.പി കുണ്ടള എസ്റ്റേറ്റ് ഈസ്റ്റ് ഡിവിഷനിൽ മാമോദീസ മുക്കിയതിന്റെ പള്ളി രേഖകൾ, മാതാവിനെ പള്ളി സെമിത്തേരിയിൽ അടക്കം ചെയ്ത തെളിവുകൾ, ഇടവക പട്ടികയിലെ മാതാപിതാക്കളുടെ പേരുകൾ, രാജയുടെ വിവാഹം ക്രിസ്തീയ വിശ്വാസപ്രകാരം നടന്നതിന്റെ ചിത്രങ്ങളും രേഖകളും തുടങ്ങിയവ അടക്കമാണ് കുമാർ ഹൈകോടതിയിലെത്തിയത്. തെരഞ്ഞെടുപ്പ് കേസ് ഹൈകോടതിയിൽ എത്തിയതോടെ പള്ളിരേഖകൾ നശിപ്പിക്കാൻ നടത്തിയ ശ്രമങ്ങളും തെളിവായി ചൂണ്ടിക്കാണിക്കപ്പെട്ടു. കുമാറിന്റെ വാദങ്ങൾ അംഗീകരിച്ച ഹൈകോടതി, 2023 ജനുവരി 20ന് രാജയുടെ തെരഞ്ഞെടുപ്പ് വിജയം റദ്ദാക്കി.
തന്നെ വിജയിയായി പ്രഖ്യാപിക്കണമെന്ന കുമാറിന്റെ ആവശ്യത്തിൽ തീരുമാനം കൈക്കൊണ്ടില്ല. ഇതിനെതിരെ, രാജ സുപ്രീംകോടതിയിലെത്തി. 2023 ഏപ്രിൽ 29ന് ഹൈകോടതി വിധി സുപ്രീംകോടതി സ്റ്റേ ചെയ്തു. നിയമസഭാ സമ്മേളനത്തിൽ പങ്കെടുക്കാമെന്നും ശമ്പളവും മറ്റും കൈപ്പറ്റരുതെന്നും വോട്ടെടുപ്പിൽ പങ്കെടുക്കരുതെന്നും കോടതി നിർദേശിച്ചിരുന്നു. സ്റ്റേ നീക്കണമെന്ന ആവശ്യവുമായി കുമാർ സുപ്രീംകോടതിയിലെത്തിയെങ്കിലും അംഗീകരിക്കപ്പെട്ടില്ല.
ജനങ്ങളുടെ കോടതിയിലെ വിധി രാജ്യത്തെ പരമോന്നത കോടതിയും ശരിവെച്ചിരിക്കുകയാണ്. ജാതിയും മതവും നോക്കിയല്ല ജനങ്ങൾ അവരുടെ പ്രതിനിധിയെ തെരഞ്ഞെടുക്കുന്നത്. സുപ്രീംകോടതി വിധിയിൽ ഏറെ സന്തോഷമുണ്ട്. ഈ വിജയമുണ്ടാകുമെന്ന് നേരത്തേതന്നെ പറഞ്ഞിരുന്നതാണെന്നും രാജ പറഞ്ഞിരുന്നതാണ്. -എ. രാജ
വാദത്തിനിടെ രാജയുടെ പട്ടികജാതി സർട്ടിഫിക്കറ്റ് റദ്ദാക്കാതെ തെരഞ്ഞെടുപ്പ് റദ്ദാക്കണമെന്ന് ആവശ്യപ്പെടുന്നത് എങ്ങനെയെന്ന് കോടതി ചോദിക്കുകയും ചെയ്തു. ഒടുവിൽ ചൊവ്വാഴ്ച രാജക്ക് ആശ്വാസവും കുമാറിന് നിരാശയും പകർന്ന വിധി വരുകയും ചെയ്തു. അതേസമയം, പോരാട്ടം അവസാനിക്കില്ലെന്നും പട്ടികജാതി-വർഗ വിഭാഗങ്ങൾ മതപരിവർത്തനം നടത്തിയവർ നേടിയെടുക്കുന്നതിനെതിരെ ജനങ്ങൾക്കിടയിൽ പ്രചാരണം തുടരുമെന്നും ഡി. കുമാർ ‘മാധ്യമ’ത്തോട് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

