'ടോൾ പിരിവ് ഇല്ലെങ്കിൽ മറ്റു സേവനങ്ങളും നൽകില്ല'; പാലിയേക്കരയിൽ പ്രതികാര നടപടിയുമായി കരാർ കമ്പനി, പൊതുജനങ്ങൾക്ക് നൽകിയ എല്ലാ സേവനങ്ങളും നിർത്തി
text_fieldsതൃശൂർ: പാലിയേക്കരയിൽ ടോൾ പിരിവ് നിർത്തിവെപ്പിച്ചതോടെ പൊതുജനങ്ങൾക്ക് നൽകിയിരുന്ന എല്ലാ സേവനങ്ങളും അവസാനിപ്പിച്ച് കരാർ കമ്പനി. ആംബുലൻസ് ഉൾപ്പെടെയുള്ള സേവനങ്ങളാണ് കരാർ കമ്പനിയായ ഗുരുവായൂർ ഇൻഫ്രാസ്ട്രക്ചർ പ്രൈവറ്റ് ലിമിറ്റഡ് നിർത്തിവെച്ചത്. ടോൾ പിരിവ് പുനസ്ഥാപിക്കുന്നത് വരെ ഒരു സേവനവും നൽകേണ്ടതില്ല എന്നാണ് കമ്പനിയുടെ തീരുമാനം.
പാലിയേക്കരയിലെ തകർന്ന റോഡിലെ ടോൾ പിരിവ് ഒരാഴ്ച മുൻപാണ് ഹൈകോടതി താൽകാലികമായി നിർത്തിവെപ്പിച്ചത്. ഒരു മാസത്തേക്കാണ് ടോൾ പിരിവ് മരവിപ്പിച്ചത്. ഈ സമയംകൊണ്ട് റോഡ് ഗതാഗത യോഗ്യമാക്കണമെന്നാണ് കോടതിയുടെ നിർദേശം. കോടതിയുടെ ഇടപെടലിലുള്ള നീരസം പ്രകടിപ്പിക്കുന്ന തരത്തിലാണ് പൊതുജനങ്ങൾക്ക് നൽകിയ സേവനങ്ങൾ എല്ലാം നിർത്തിവെച്ചത്.
സമീപ പ്രദേശത്ത് അപകടം നടന്നാൽ ആംബുലൻസ് സേവനം ഉൾപ്പെടെ ലഭിക്കുമായിരുന്നു. ഇതും നിർത്തിവെച്ചിരിക്കുകയാണ്. റോഡിലെ അറ്റകുറ്റപ്പണികളും കരാർ കമ്പനി പൂർണമായും നിർത്തിവെച്ചിരിക്കുകയാണ്.
അതേസമയം, 323 കോടിക്ക് കരാർ ഏറ്റെടുത്ത നിർമാണക്കമ്പനി ഇതിനകം 1700 കോടി പിരിച്ചുവെന്ന ആരോപണം നിലനിൽക്കുകയാണ്. 723 കോടിക്ക് പണിപൂർത്തിയാക്കിയെന്ന് കള്ളക്കണക്കാണ് നൽകിയതെന്നാണ് പാലിയേക്കരയിലെ ടോൾ പിരിവിനെതിരെ നിയമയുദ്ധം നയിച്ച കെ.പി.സി.സി സെക്രട്ടറി ഷാജി കോടങ്കണ്ടത്ത് പറയുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

