'മുറി ബുക് ചെയ്തത് പരാതിക്കാരി, ബന്ധം ഉഭയസമ്മത പ്രകാരം, വിവാഹിതയാണെന്ന് അറിഞ്ഞിരുന്നില്ല' ജാമ്യാപേക്ഷയിൽ രാഹുൽ മാങ്കൂട്ടത്തിൽ
text_fieldsകൊച്ചി: ഹോട്ടലിൽ മുറി ബുക് ചെയ്തത് പരാതിക്കാരിയാണെന്നും ഉഭയസമ്മത പ്രകാരമുള്ള ലൈംഗികബന്ധമായിരുന്നു രണ്ടുപേരും തമ്മിൽ ഉണ്ടായിരുന്നതെന്നും രാഹുൽ മാങ്കൂട്ടത്തിൽ. തിരുവല്ല മജിസ്ട്രേറ്റ് കോടതിയിൽ നൽകിയ ജാമ്യ ഹരജിയിലാണ് രാഹുൽ ഈ വാദങ്ങൾ ഉന്നയിച്ചത്. തന്നെ അപകീർത്തിപ്പെടുത്താനും ജയിലിലടക്കാനുമുള്ള ദുരുദ്ദേശ്യത്തോടെയുള്ളതാണ് പരാതിയെന്നും ഈ കേസിൽ ബലാത്സംഗ ആരോപണം നിലനിൽക്കില്ലെന്നുമാണ് രാഹുൽ മാങ്കൂട്ടത്തിൽ എം.എൽ.എയുടെ വാദം.
പരാതിക്കാരി വിവാഹിതയായ ഒരു സ്ത്രീയാണ്. പരാതിക്കാരി തന്നെയാണ് ഹോട്ടൽ മുറി ബുക്ക് ചെയ്തത്. പ്രായപൂർത്തിയാകാത്ത ആളല്ല. പ്രായപൂർത്തിയായ ഒരു പുരുഷനെ കാണാൻ ഒരു ഹോട്ടൽ മുറി ബുക് ചെയ്യുന്നതിന്‍റെ ഗുണദോഷങ്ങൾ അവർക്കറിയാമെന്നാണ് ഹരജിയിൽ പറയുന്നത്.. പരസ്പരസമ്മതത്തോടെയുള്ള ബന്ധത്തിന്‍റെ അനന്തരഫലങ്ങളെക്കുറിച്ച് പരാതിക്കാരിക്ക് നന്നായി അറിയാം. പരാതിക്കാരി അവിവാഹിതയാണെന്ന ധാരണയായിരുന്നു തനിക്ക് ഉണ്ടായിരുന്നത്. വിവാഹിതയാണ് എന്ന് അറിഞ്ഞപ്പോൾ ബന്ധം തകർക്കുകയായിരുന്നുവെന്നും ഹരജിയിൽ പറയുന്നു.
രാഹുൽ നൽകിയ ജാമ്യ ഹര്‍ജി നാളെയാണ് തിരുവല്ല മജിസ്ട്രേറ്റ് കോടതി പരിഗണിക്കുന്നത്. വിദേശത്തുള്ള പരാതിക്കാരി ഇ- മെയിലിൽ ഡി.ജി.പിക്ക് നൽകിയ ബലാത്സംഗ പരാതിയിൽ അതീവരഹസ്യമായായിട്ടായിരുന്നു പ്രത്യേക അന്വേഷണ സംഘം നീങ്ങിയത്. എസ്.പി പൂങ്കൂഴലി വിശ്വസ്തരായ ഉദ്യോഗസ്ഥരെ മാത്രം ചേർത്ത് നടത്തിയ ഓപ്പറേഷനിലൂടെയാണ് പാലക്കാട്ട് കെ.പി.എം ഹോട്ടലിൽനിന്ന് രാഹുലിനെ അർധരാത്രി കസ്റ്റഡിയിലെടുത്തത്. ലോക്കൽ പൊലീസിനെ വിവരം അറിയിച്ചിരുന്നില്ല.
അതേസമയം, രാഹുല്‍ മാങ്കൂട്ടത്തിലിന്റെ കസ്റ്റഡി ആവശ്യപ്പെട്ട് അന്വേഷണസംഘം നാളെ കോടതിയിൽ അപേക്ഷ നല്‍കും. കേസില്‍ രാഹുലിന്റെ ജാമ്യാപേക്ഷയും നാളെയാണ് പരിഗണിക്കുക. രാഹുലിനെ വിശദമായി ചോദ്യം ചെയ്യണമെന്നും തെളിവെടുപ്പ് നടത്തണമെന്നുമാണ് പ്രോസിക്യൂഷന്‍ ആവശ്യപ്പെടുന്നത്. തിരുവല്ല മജിസ്ട്രേറ്റ് കോടതിയാകും പരിഗണിക്കുക.
രാഹുല്‍ മാങ്കൂട്ടത്തിലിന് ജയിലില്‍ പ്രത്യേക പരിഗണനകളൊന്നും നൽകിയിട്ടില്ല. സെല്‍ നമ്പര്‍ മൂന്നില്‍ രാഹുല്‍ ഒറ്റക്കായിരിക്കും കഴിയുക. സഹതടവുകാർ ഉണ്ടായിരിക്കില്ല. എം.എൽ.എ ആയതിനാലാണ് രാഹുലിന് ഒറ്റക്ക് ഒരു സെല്‍ അനുവദിച്ചത്. നിലത്ത് പായ വിരിച്ചാകും രാഹുൽ ഇന്ന് കിടക്കുക.
രാഹുൽ മാങ്കൂട്ടത്തിലിനെ ജയിലിലേക്ക് പൊലീസ് കൊണ്ടുപോകുമ്പോൾ വഴിനീളെ ഡി.വൈ.എഫ്.ഐയുടെയും യുവമോർച്ചയുടെയും കടുത്ത പ്രതിഷേധമുണ്ടായി. രാജിവെച്ച് പുറത്തുപോകൂ എന്ന മുദ്രാവാക്യത്തോടെയായിരുന്നു എം.എൽ.എക്കെതിരെ പ്രതിഷേധം. രാഹുൽ സഞ്ചരിച്ചിരുന്ന പൊലീസ് വാഹനം തടയാൻ ശ്രമമുണ്ടായി. നേരത്തെ അറസ്റ്റ് രേഖപ്പെടുത്തി ചോദ്യം ചെയ്യലിനുശേഷം രാഹുലിനെ വൈദ്യപരിശോധനക്കായി പത്തനംതിട്ട ജനറൽ ആശുപത്രിയിലെത്തിച്ചപ്പോൾ അവിടെയും കടുത്ത പ്രതിഷേധം അരങ്ങേറിയിരുന്നു. വൻ പൊലീസ് സന്നാഹത്തിനിടയിലും ആശുപത്രിയിലേക്ക് കയറുന്നതിനിടെ കൈയേറ്റ ശ്രമവും ഉണ്ടായി. ആശുപത്രിക്ക് മുന്നിൽ പ്രതിഷേധത്തിന്റെ ഭാഗമായി ഡി.വൈ.എഫ്.ഐ പൊതിച്ചോറ് വിതരണം ചെയ്തു.
ഇന്ന് പുലർച്ചെ 12.30ഓടെ പാലക്കാട് നിന്നാണ് രാഹുലിനെ സംസ്ഥാന ക്രൈംബ്രാഞ്ച് കസ്റ്റഡിയിലെടുത്തത്. ഇ-മെയിൽ വഴി ലഭിച്ച രാഹുലിനെതിരായ മൂന്നാമത്തെ ബലാത്സംഗ പരാതിയിലാണ് അറസ്റ്റ്. മുഖ്യമന്ത്രിക്ക് ലഭിച്ച പരാതി ക്രൈംബ്രാഞ്ചിന് കൈമാറുകയായിരുന്നു. തുടർന്ന് വീഡിയോ കോൾ വഴി അതിജീവിതയുടെ മൊഴി രേഖപ്പെടുത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

