എനിക്കെതിരെ എന്തു നടപടി വേണമെങ്കിലും എടുത്തോട്ടെ, സാധാരണക്കാർക്ക് ചികിത്സ ഉറപ്പാക്കിയാൽ മതി - ഡോ. ഹാരിസ്
text_fieldsതിരുവനന്തപുരം: ഉപകരണങ്ങളില്ലാത്തതിനാലും മറ്റും സാധാരണക്കാർക്ക് ചികിത്സ നിഷേധിക്കപ്പെടുകയും ശസ്ത്രക്രിയകൾ മാറ്റിവെക്കപ്പെടുകയും ചെയ്യുന്ന അവസ്ഥ മാറണമെന്നും ഇത് തുറന്നുപറഞ്ഞതിൽ തനിക്കെതിരെ എന്തു നടപടി വേണമെങ്കിലും എടുത്തോട്ടെയെന്നും തിരുവനന്തപുരം മെഡിക്കൽ കോളജ് യൂറോളജി വിഭാഗം മേധാവി ഡോ. സി.എച്ച്. ഹാരിസ്.
രോഗികൾ കണ്ണീരുമായി വരുമ്പോൾ കൈയും കെട്ടി ഇരിക്കേണ്ടിവരുന്നത് ഒഴിവാക്കാൻ മെഡിക്കൽ കോളജുകളിൽ പല ഡിപ്പാർട്ട്മെന്‍റുകളിലും ഡോക്ടർമാർ പിരിവെടുത്ത് ഉപകരണങ്ങൾ വാങ്ങാറുണ്ടെന്ന് അദ്ദേഹം വെളിപ്പെടുത്തി. വേറെ നിവൃത്തിയില്ലാത്തതിനാലാണ് ഡോക്ടർമാരും പി.ജി വിദ്യാർഥികളും ചേർന്ന് ഉപകരണങ്ങൾ വാങ്ങാൻ നിർബന്ധിതരാവുന്നത്.
മൂത്രക്കല്ല് പൊടിക്കാൻ ഉപയോഗിക്കുന്ന ലിത്തോക്ലാസ്റ്റ് മെഷീനിൽ ഉപയോഗിക്കുന്ന പ്രോബ് കിട്ടാത്ത കാര്യം തുറന്നുപറഞ്ഞതാണ് പ്രശ്നമായത്. ഒരു മാസത്തിലേറെയായി ആവശ്യപ്പെടുന്ന പ്രോബ് തന്‍റെ വെളിപ്പെടുത്തലിനെ തുടർന്ന് 24 മണിക്കൂറിനകം ലഭിച്ചു. പ്രോസ്റ്റേറ്റ് ചികിത്സക്കുള്ള മെഷീൻ തകരാറിലായപ്പോഴും അറ്റകുറ്റപ്പണിക്ക് പണമില്ല. ഡോക്ടർമാരും പി.ജി വിദ്യാർഥികളും 50,000 രൂപ പിരിവെടുത്താണ് കമ്പനിക്ക് കൊടുത്തതെന്നും അദ്ദേഹം പറഞ്ഞു.
ഈ അവസ്ഥക്കെതിരെ പ്രതികരിച്ചതിൽ കുറ്റബോധമില്ല. സാധാരണക്കാരായ രോഗികൾക്കു ചികിത്സ ഉറപ്പാക്കണമെന്ന ബോധ്യമുള്ളതുകൊണ്ടാണു പ്രതികരിച്ചത്. എനിക്കെതിരെ അവർ എന്തു നടപടിയും എടുത്തോട്ടെ. പ്രശ്നങ്ങൾ പരിഹരിച്ചാൽ മതിയെന്നും അദ്ദേഹം പറഞ്ഞു. മൂത്രനാളിയിൽ രണ്ട് മാസം മുൻപ് ട്യൂബ് ഇട്ടതിന്റെ വേദനയിൽ നിലവിളിച്ചു വരുന്ന രോഗിയോട് ഒരു മാസം കഴിഞ്ഞു ശസ്ത്രക്രിയ ചെയ്യാമെന്നു പറഞ്ഞു മടക്കി അയക്കുന്നത് ഡോക്ടർ എന്ന രീതിയിൽ ബുദ്ധിമുട്ടുണ്ടാക്കുന്നതിനാലാണ് പല കാര്യങ്ങളും ചെയ്യുന്നത്.
പല ശസ്ത്രക്രിയകളും താക്കോൽദ്വാര സംവിധാനത്തിലേക്കു മാറിയിട്ടു വർഷങ്ങളായെങ്കിലും ഗവ.മെഡിക്കൽ കോളജുകളിൽ ഇപ്പോഴും ശരീരം തുറന്നുള്ള ശസ്ത്രക്രിയകൾ തുടരുന്നു. കമ്പനികളെ സ്വാധീനിച്ച് ഏതാനും ദിവസത്തേക്കു ഞങ്ങൾ മെഷീനുകൾ സംഘടിപ്പിക്കാറുണ്ട്. പ്രവർത്തനം കൊള്ളാമോയെന്നു നോക്കട്ടെയെന്നും അടുത്ത ടെൻഡറിൽ ഉൾപ്പെടുത്താമെന്നും മറ്റും പറഞ്ഞാണ് മെഷീൻ തരപ്പെടുത്തുന്നതെന്നും ഡോ. ഹാരിസ് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

